കോഴിക്കോട്: സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ഈറ്റില്ലമായിരുന്ന ഇന്ത്യ ഇന്ന് അക്ഷരവൈരത്തിന്റെയും അസഹിഷ്ണുതയുടെയും രണഭൂമിയായി മാറി. ഈ ദുരന്തമുഖത്തുനിന്ന് സാംസ്‌കാരിക വൈവിധ്യവും മാനവികതയും അക്ഷരങ്ങള്‍ കൊണ്ട് സംരക്ഷിക്കുമെന്ന കരുത്തറ്റ പ്രഖ്യാപനത്തിന്റെ പ്രതീകമായിട്ടാണ് കാര്‍ട്ടൂണിസ്റ്റ് ദിലീഫും സഹപ്രവര്‍ത്തകരും ഭീമന്‍ പേന നിര്‍മിച്ച് പ്രതിഷേധ കൂട്ടെഴുത്ത് നടത്തി. മുന്നൂറ് കിലോ ഭാരമുള്ള പേനക്ക് ആറര മീറ്റര്‍ നീളവും 75 സെ.മി വ്യാസവുമുണ്ട്. ഇരുമ്പ്, പ്ലാസ്റ്റിക്, മരം, റബ്ബര്‍ എന്നിവ ഉപയോഗിച്ച് 15 ദിവസം കൊണ്ടാണ് ദിലീഫും സഹപ്രവര്‍ത്തകരും കൂറ്റന്‍ പേന നിര്‍മിച്ചത്. ‘മാനവരൊന്ന്’ എന്ന സന്ദേശം ഭീമന്‍ പേന കൊണ്ടെഴുതി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ കൂട്ടെഴുത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
കാര്‍ട്ടൂണിസ്റ്റ് എം.ദിലീഫ് അധ്യക്ഷ വഹിച്ചു. എന്‍.കെ ഫൈസല്‍ വേങ്ങേരി, സാലിം ജീറോഡ് സംസാരിച്ചു. മജീദ് അല്‍ഹിന്ദ് സ്വാഗതവും യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു. രണ്ട് ദിവസം കോഴിക്കോടും തുടര്‍ന്ന് മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലൂടെ പ്രയാണം നടത്തി എറണാകുളം ഒബ്‌റോണ്‍മാളില്‍ ഒരു മാസം പ്രദര്‍ശിപ്പിക്കും. ശേഷം നവംബര്‍ മുതല്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്‌ഫെയറിയും പേന മുഖ്യ ആകര്‍ഷകമാകും. ഗിന്നസ് ബുക്ക് അധികൃതരുടെ അംഗീകാരത്തോടെ നിര്‍മിച്ച കൂറ്റന്‍ പേന ലോകത്തിലെ ഏറ്റവും വലിയ ബോള്‍പോയിന്റ് പെന്‍ എന്ന റെക്കോര്‍ഡ് നേടുമെന്ന പ്രതീക്ഷയിലാണെന്ന് കാര്‍ട്ടൂണിസ്റ്റ് ദിലീഫ് പറഞ്ഞു. ഇതിനകം ഏറ്റവും വലിയ ബാഡ്മിന്റണ്‍റാക്കറ്റും, അബൂദാബിയില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മിച്ചും ദിലീഫ് ഗിന്നസില്‍ ഇടംപിടിച്ചിട്ടുണ്ട്. 3333 അടി കാന്‍വാസില്‍ മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ കാരിക്കേച്ചര്‍ വരച്ച് ലിംക ബുക്ക്ഓഫ് വേള്‍ഡ് റെക്കോര്‍ഡും നേടിയിട്ടുണ്ട്.