ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: സെപ്റ്റംബര്‍ പതിനഞ്ചാംതീയതി വെള്ളിയാഴ്ച കോട്ടയത്തുവച്ചു നഴ്‌സുമാരെ കേരളാ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രതിക്ഷേധം രേഖപ്പെടുത്തി. ആതുരസേവന രംഗത്ത് അത്യന്തം സൂക്ഷ്മതയോടെയും, കരുതലോടെയും മനുഷ്യജീവനുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന നഴ്‌സുമാരുടെ മേല്‍ നടന്ന പോലീസ് നടപടി അത്യന്തം മനുഷ്യത്വ രഹിതവും, നീതിക്ക് നിരക്കാത്തതുമാണെന്നു അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളവും, അസോസിയേഷനേയും ഭാരവാഹികളേയും മെമ്പര്‍മാരേയും പ്രതിനിധീകരിച്ച് പറഞ്ഞു. അമേരിക്കയിലും ഇത്തരത്തില്‍ ഒരു നഴ്‌സിനുമേലുണ്ടായ കൈയ്യേറ്റം അത്യന്തം അപലപനീയമായി സംഘടന കരുതുന്നു.
നീതിയുടേയും ന്യായത്തിന്റേയും ഭാഗത്തു നിന്നുകൊണ്ട് നഴ്‌സുമാരോട് അനുഭാവപൂര്‍ണ്ണമായ സമീപനം കേരളാ ഗവണ്‍മെന്റ്, പോലീസ് മേധാവികളില്‍ നിന്നും ഇല്ലിനോയിയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ശക്തമായ ഈ കൂട്ടായ്മ പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നു അസോസിയേഷന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഷിജി അലക്‌സ് അറിയിച്ചതാണിത്.