ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച ശോഭയാത്രയില്‍ ആലിലക്കണ്ണനാകാന്‍ കുട്ടിയെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച യുവാവിന് ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരന് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഭീഷണി മുഴക്കി ഫോണ്‍ കോളുകള്‍ വന്നതെന്ന് ശ്രീകാന്ത് പറയുന്നു. പലരും അശ്ലീലച്ചുവയുള്ള തെറി വിളിച്ചതായി ശ്രീകാന്ത് പറയുന്നു.
ഭീഷണി കാര്യം ചൂണ്ടിക്കാട്ടി ശ്രീകാന്ത് തന്നെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഒറ്റയ്ക്ക് നടക്കാന്‍ പോലും പഠിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ വച്ച് സംഘടനകള്‍ മനുഷ്യത്വത്തിനു നിരക്കാത്തരീതിയില്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കതിനെ ചോദ്യം ചെയ്തതിനാണു നിങ്ങളുടെ ഈ ഭീഷണികളെങ്കില്‍ ചങ്ങായിമാരെ നിങ്ങള്‍ക്ക് ആളുമാറിപ്പോയെന്നും ശ്രീകാന്ത് പറയുന്നു.
വെയില്‍ കത്തിനിന്ന സമയത്തായിരുന്നു നിരവധി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയെന്ന് ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ആലിലയിലെ കണ്ണനെ ശ്രദ്ധിക്കുന്നത്. പ്രതിമയാണെന്നാണ് ആദ്യം കരുതിയതെന്നും കൈകാലുകള്‍ അനങ്ങിയതോടെയാണ് അത് കുട്ടിയാണെന്ന് മനസിലായതെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.. സംഭവത്തില്‍ പിന്നീട് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.