പി.പി. ചെറിയാന്‍.
ഡാലസ്: പ്രവാസി ജീവിതത്തിനിടയില്‍ കടന്നുപോകേണ്ടിവന്ന സുഖദുഖ സമ്മിശ്രമായ അനുഭവങ്ങളെ അടുക്കും ചിട്ടയോടുംകൂടി കോര്‍ത്തിണക്കി സണ്ണി മാളിയേക്കല്‍ തയാറാക്കിയ “എന്റെ പുസ്തകം’ എന്ന ഗ്രന്ഥത്തിന്റെ ഡാളസിലെ പ്രസിദ്ധീകരണോദ്ഘാടനം പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് നിര്‍വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫെഡ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നാംതീയതി വെള്ളിയാഴ്ച സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഡാളസിലെ പ്രമുഖ ബിസിനസുകാരന്‍ ഫ്രിക്‌സ് മോനില്‍ നിന്നും പി.സി. ജോര്‍ജ് ആദ്യപ്രതി ഏറ്റുവാങ്ങി.
പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് കണ്ണോടിച്ച ജോര്‍ജ് ഗ്രന്ഥകാരന്റെ പ്രഥമ സംരംഭത്തെ മുക്തകണ്ഠം പ്രശംസിച്ചു.
1984 മുതല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഹോട്ടല്‍ ബിസിനസുകാരനായ സണ്ണി മാളിയേക്കല്‍ പ്രവാസി മലയാളികളുടെ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും, കലാ-സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്.
ആലുങ്കല്‍ പബ്ലിക്കേഷന്‍സാണ് “എന്റെ പുസ്തക’ത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് പദവി അലങ്കിരിച്ചിട്ടുള്ള സണ്ണി, ഏഷ്യാനെറ്റ് ആദ്യമായി അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.