ജോണ്‍സണ്‍ ചെറിയാന്‍.
നാട്ടിലായാലും മറുനാട്ടിലായാലും ഓണം ഓണം തന്നെ. അത് ആഘോഷിക്കാതിരിക്കാന്‍ മലയാളിക്കാവില്ല. എണ്ണമറ്റ മലയാള ചിത്രങ്ങള്‍ക്ക് സെറ്റൊരുക്കിയിട്ടുള്ള ഹൈദരാബാദ് രാമോജി റാവു സ്റ്റുഡിയോയും സാക്ഷ്യം വഹിച്ചു ഒരോണാഘോഷത്തിന്.
വെറും ആഘോഷമല്ല, സിനിമയില്‍ പോലും കാണാത്ത നല്ല ഒന്നൊന്നര ആഘോഷം. അര ഡസന്‍ നായികമാരുടെ വക മുണ്ട് മാടിക്കുത്തി നല്ല തകര്‍പ്പന്‍ തിരുവാതിരക്കളിയും ഡപ്പാംകൂത്തും. ഒടുവില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് നായകനും. മലയാളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫിന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ സെറ്റിലായിരുന്നു ഈ തകര്‍പ്പന്‍ ആഘോഷം.
കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷി എന്ന തിരുവാതിരപ്പാട്ടിലായിരുന്നു തുടക്കം. ഷര്‍ട്ട് ധരിച്ച്, മുണ്ട് മാടിക്കുത്തിയെത്തി നായികമാരായ അനുശ്രീയും അഥിതി രവിയുമെല്ലാം ശരിക്കും സെറ്റിലുള്ളവരെ ഞെട്ടിച്ചു. പാട്ട് തിരുവാതിരക്കളിയില്‍ നിന്ന് പിന്നെ തമിഴിലെ തട്ടുപൊളിപ്പന്‍ പാട്ടുകളിലേയ്ക്ക് ചേക്കേറി. പിന്നെ സെറ്റിലുള്ളവരും ചേര്‍ന്നു ഡാന്‍സില്‍. ഒടുവില്‍ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മലിലെത്തിയപ്പോള്‍ അതുവരെ കണ്ടുനിന്ന നായകന്‍ പ്രണവും ഒപ്പം കൂടി. ടി ഷര്‍ട്ടും പാന്റുമായിരുന്നു വേഷമെങ്കിലും അച്ഛന്റെ ചിത്രത്തിലെ പാട്ടിനൊപ്പം ശരിക്കും മതിമറന്ന് തകര്‍ത്താടുക തന്നെ ചെയ്തു പ്രണവ്. ഇതോടെ ആഘോഷം ശരിക്കും പൊടിപൊടിച്ചു.
സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഈ ഡാന്‍സിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നായികമാരുടെ വേഷത്തിന് ചീത്തവിളി യഥേഷ്ടം ഉണ്ടെങ്കിലും സംഭവം ഏതായാലും നെറ്റില്‍ വന്‍ ഹിറ്റാണ്.
പ്രണവിന്റെ നായകവേഷത്തിലുള്ള ആദ്യ ചിത്രമായ ആദിയുടെ മറ്റൊരു ലൊക്കേഷന്‍ ബെംഗളൂരുവാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്.