ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ
കിഴക്ക് ഭാഗത്ത് നെല്‍വയലുകളും പടിഞ്ഞാറ് മലബാർ സംസ്ഥാനത്തേയും കൊച്ചി സംസ്ഥാനത്തേയും (പിന്നീടത് തിരുവിതാംകൂറിനോട് യോജിച്ച് തിരു-കൊച്ചി ആയി) അതിരിടുന്ന വീതി കുറഞ്ഞു നീളത്തിലുള്ള കരഭൂമിയിലൊന്നിലാണ് എന്റെ ശൈശവം ബാല്യം യൌവ്വനം ജീവിച്ച കാട്ടൂര്‍ മുനയം ഭാഗം. അന്ന് എനിക്ക് നാലും ഒമ്പതും വയസ്സ്. ഇന്നത്തേതില്‍ നിന്നും വളരെ
വ്യത്യസ്ഥമായിരുന്നു അന്നത്തെ ഓണവും ഓണാഘോഷവും. ഒരു പാട് എഴുതാനുണ്ട്. വിസ്താരഭയം കൊണ്ട് ഞാന്‍ ചുരുക്കി എഴുതാം. ആദ്യം മനസ്സിലാക്കേണ്ട ഒന്ന് അന്നൊക്കെ ഓണത്തിന്, വിഷുവിന്, രണ്ടു പെരുന്നാളിന്നാണ് ഒരു ഷര്‍ട്ടും മുണ്ടും കിട്ടുക. മഹാഭൂരിപക്ഷം വീടുകളിലും വയര്‍ നിറച്ച് ഉണ്ണുന്നത് അന്നാണ്. അന്ന് വയലുകളില്‍ വളരെ ചെറിയ വയലെറ്റ് നിറത്തിലുള്ള പൂവുകള്‍ മഞ്ഞു പെയ്തതിനു മുകളില്‍ പ്രഭാതത്തിലെ സൂര്യപ്രകാശം തട്ടി തിളങ്ങുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അത് പോലെ അതിർവേലികളായി നട്ട പൂച്ചെ ടികളായ ചെമ്പരത്തി, മുല്ല, ചെത്തി തുടങ്ങിയവയുടെ പൂക്കളും ഞങ്ങള്‍ കൂട്ടുകാരായ സിദ്ധാര്‍ത്ഥന്‍, രാജന്‍, അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവരുടെ കൂടെ നടന്നു പറിക്കും. ഇതില്‍ ഏറ്റവും രസാവഹമായ കാര്യം അന്ന് പൂക്കളം എന്ന് പറഞ്ഞാല്‍ തെറ്റാണ്. പൂക്കളത്തില്‍ ഞങ്ങള്‍ പലതരത്തിലുള്ള ഇലകളും വെക്കാറുണ്ട്.
അവരുടെ വീടുകളുടെ മുറ്റത്ത് ചാണകം മെഴുകി പൂക്കളം ഇടുന്നത് സിദ്ധാര്‍ത്ഥനും രാജനുമായിരുന്നു. രാജന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. കാക്കരിയപ്പന്‍ (തൃക്കാക്കര അപ്പൻ) എന്നോ മറ്റോ പേരിലുള്ള ഒന്ന്‍ ഈ പൂക്കളത്തിന്റെ നടുവില്‍ വെക്കും. അതും ഉണ്ടാക്കുന്നത് പാടത്തുള്ള കളിമണ്ണ് കുഴച്ചു സിദ്ധാര്‍ത്ഥന്റെ വീട്ടുകാരായിരുന്നു.
ഈ തൃക്കാക്കരയപ്പൻ മാവേലിയുടെ സങ്കൽപ്പമാണ്. ചാണകം മെഴുകിയ പൂക്കളത്തിന്റെ നടുവിൽ ആണ് ഇത് പ്രതിഷ്ഠിക്കുന്നത്. ആ കാക്കരിയപ്പന്റെ മുകളിലും ആനയിച്ചു കൊണ്ട് വരുന്ന വീടിന്റെയോ ഗെയ്റ്റിന്റെയോ ചവിട്ടു പടിയിലും അരിമാവ് കൊണ്ട് കോലം അണിയീക്കും. അത് പോലെ കാക്കരിയപ്പന്റെ രൂപം കിണറിന്റെ വക്കത്തും നാക്കിലയിൽ വെക്കും. കിണറ്റിൻകരയിൽ വെക്കുന്നത് കുടിക്കുന്ന ജലം ശുദ്ധമാവാനാണ് എന്ന് സിദ്ധാർത്ഥന്റെ ‘അമ്മ വിശാലചേച്ചി പറഞ്ഞത് ഞാൻ ഓർത്തെടുക്കുന്നു. കൂടാതെ രണ്ടായി പൊളിച്ച നാളികേരം വെള്ളം കളയാതെ അതിൽ തൃത്താവിന്റെയാണോ തുമ്പപൂവിന്റെ ആണോ എന്നെനിക്ക് ഓർമയില്ല ഇടുന്നു. ഇലയുടെ അറ്റം എങ്ങോട്ടെക്കാണോ അവിടെക്കോ പുരപ്പുറത്തേക്കോ ഇതെല്ലാം നാലാം ദിവസം എറിയുന്നതും ഞാന്‍ കണ്ടതായി ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കുന്നു.
ഓണത്തിന് സിദ്ധാർത്ഥന്റെയും രാജന്റേയും വീട്ടിൽ നിന്ന് ഞങ്ങൾക്ക് ഭക്ഷണം കൊടുത്തയക്കും. അതിൽ ഉപ്പേരികളായി കായ ഉപ്പേരിയും ചക്കര വരട്ടിയും ഇന്നും ഞാൻ സ്വാദോടെ ഓർക്കുന്നു. അത് ഇന്നും എന്റെ അയൽവാസിയായ ബാലന്റെ വീട്ടിൽ നിന്നും കിട്ടുന്നു. പെരുന്നാളിന് അന്നൊക്കെ നെയ്ച്ചോറും ഇറച്ചിയും അവർക്ക് കൊടുത്തയക്കും.ഇന്ന് അത് ബിരിയാണി ആയെന്നു മാത്രം. അന്നൊന്നും ബേക്കറി ഏർപ്പാടുകൾ ഉണ്ടായിരുന്നില്ല. അതിന്റെ ആദ്യകാല പതിപ്പായ ബോർമകൾ ആയിരുന്നു. അവിടെ ബിസ്കറ്റും റസ്‌ക്കും മാത്രം.
ഉച്ച ഭക്ഷണം കഴിഞ്ഞാൽ രാജന്റെ വീട്ടിൽ രാജന്റെ ചേച്ചിമാരായ പ്രേമേച്ചി (ഒരു വര്‍ഷം മുമ്പ് മരിച്ചു), കമലേച്ചി, രത്ന തുടങ്ങിയവരും സിദ്ധാർത്ഥന്റെ സഹോദരിമാരിൽ ചിലരും മറ്റു അയൽവാസികളായ സ്ത്രീകളും ചേർന്ന് ഓണക്കളി കളിക്കും. അത് തിരുവാതിരകളി ആണെന്നായിരുന്നു കുറച്ച് വർഷം മുമ്പ് വരെ ഞാൻ കരുതിയിരുന്നത്. എന്നാൽ അത് ദശപുഷ്പം ചൂടി കളിക്കുന്ന തിരുവാതിരക്കളി ആയിരുന്നില്ല. ആ കളിയുടെ പേര് ഇപ്പോൾ എനിക്ക് ഓർമയില്ല. എന്തായാലും അവരെ കളി പഠിപ്പിച്ച ആശാന്റെ രൂപവേഷങ്ങളും അന്ന് പാടിയ പാട്ടിന്റെ തുടക്കവും എന്റെ ഓർമയിൽ നിന്ന് ഞാൻ എഴുതുന്നു….”പയ്യാപരീക്കുളത്തിൽ വിടർന്നീടുന്ന ചെന്താമരേ ….”
ഞാൻ തുറന്ന് എഴുതുന്നു. ഇനി എഴുതുന്നത് എന്റെ അഭിപ്രായമാണ്. അത്കൊണ്ട് ആരും എന്നോട് പരിഭവം ഉണ്ടാവരുത്. ഇന്നൊക്കെ ഓണം വിഷു ഈദ് ബക്രീദ് ഇവയൊക്കെ റെഡിമെയ്ഡ് ആയി മാറിയിരിക്കുന്നു. ഇവയൊക്കെ പണ്ട് കാലത്ത് കലർപ്പില്ലാത്തതായിരുന്നു.