അഫ്സല്‍.
വടക്കാങ്ങര: സാമൂഹ്യ സൗഹാര്‍ദ്ധവും മാനസിക ഐക്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സമാധാനപരമായ സഹവര്‍ത്തിത്വമാണ് സംസ്‌കാരത്തിന്റെ ലക്ഷണമെന്നും ഖത്തറിലെ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.
ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ കേരളത്തിലെ പ്രകാശനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സൗഹാര്‍ദ്ധ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ക്കിടയിലെ സൗഹാര്‍ദ്ധം ഇല്ലാതാക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്ന ആസുരകാലത്ത് സമൂഹം ജാഗ്രതാകണം. കേരളീയ ഗ്രാമങ്ങളിലെ അയല്‍വീടുകളിലേക്കുള്ള ഒറ്റയടി പാത പോലെ മനുഷ്യ മനസ്സുകളിലേക്കുള്ള സ്‌നേഹത്തിന്റെ പാതകള്‍ക്ക് ശക്തി പകരുവാനാണ് ഓരോ ആഘോഷങ്ങളും പ്രയോജനപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കാലത്തോടും ലോകത്തോടും സര്‍ഗാത്മകമായി സംവദിച്ച് ഏത് പ്രതികൂല സാഹചര്യത്തിലും വിശ്വാസവും സമര്‍പ്പണവും മുഖമുദ്രയാക്കി മുന്നേറുമ്പോള്‍ വിജയം വരിക്കാനാകുമെന്നാണ് മഹാനായ അബ്രഹാം പ്രവാചകന്റെ മാതൃക പഠിപ്പിക്കുന്നത്. ബലിപെരുന്നാളില്‍ അയവിറക്കുന്ന ചരിത്രമുഹൂര്‍ത്തങ്ങളൊക്കെ മാനവ സൗഹാര്‍ദ്ധവും സാഹോദര്യവുമാണ് അടയാളപ്പെടുത്തുന്നത്. ഓണവും പെരുന്നാളും ഒരുമിച്ച് വരുന്നത് കേരളത്തിലെ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ധം അരക്കിട്ടറുപ്പിക്കുവാന്‍ സഹായകരമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാനമാണ് എല്ലാ മതങ്ങളുടേയും ലക്ഷ്യമെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സമ്മേളനത്തില്‍ സംസാരിച്ച മലപ്പുറം സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി റവ. ഫാ. ജോര്‍ജ്ജ് വെള്ളാറംകാലയില്‍ പറഞ്ഞു.
മനുഷ്യരെല്ലാം ഒന്നാണെന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ സഹജീവികളെ അഭിമുഖീകരിക്കാന്‍ കഴിയുന്നത് പുണ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നുസ്‌റത്തുല്‍ അനാം ട്രസ്റ്റ്് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദറിന് ആദ്യ പ്രതി നല്‍കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ മച്ചിങ്ങല്‍ മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മലപ്പുറം പ്രസ്സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, അബ്രിം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഡോ. സിദ്ദീഖ് മുഹമ്മദ്, ജയ്്ഹിന്ദ് ടി.വി സൗദി അറേബ്യ ബ്യൂറോ ചീഫ് ഉബൈദ് എടവണ്ണ, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ ശിവദാസന്‍ പിലാപ്പറമ്പില്‍, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര ഹല്‍ഖ അമീര്‍ പി.കെ സയിദ് ഹുസൈന്‍ തങ്ങള്‍ സംസാരിച്ചു. ശിഫ യൂനുസ് ഗാനമാലപിച്ചു.
ഫോട്ടോ : മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നുസ്‌റത്തുല്‍ അനാം ട്രസ്റ്റ്് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദറിന് ആദ്യ പ്രതി നല്‍കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ മച്ചിങ്ങല്‍ മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.