Tuesday, November 26, 2024
HomeAmericaഅമേരിക്കൻ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനുകരണീയമെന്നു - മന്ത്രി സുനില്‍കുമാര്‍.

അമേരിക്കൻ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനുകരണീയമെന്നു – മന്ത്രി സുനില്‍കുമാര്‍.

അമേരിക്കൻ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനുകരണീയമെന്നു - മന്ത്രി സുനില്‍കുമാര്‍.

 പി.പി.ചെറിയാന്‍.
ചിക്കാഗോ:അമേരിക്കൻ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ തന്നെ അത്ഭുതപെടുത്തിയെന്നും, ഇത് എല്ലാവര്ക്കും അനുകരണീയമാണെന്നും കേരള കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പ്രവാസി മലയാളികളുടെ വാര്‍ത്താമാധ്യമങ്ങള്‍ ലോകം മുഴുവനുണ്ടെങ്കിലും സംഘടിതമായ ഒരു മാധ്യമ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ അമേരിക്കയില്‍ മാത്രമാണെന്നും അതിനു നേതൃത്വം നല്‍കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. ചിക്കാഗോയിലെ ഹോളിഡേ ഇന്‍ ഇറ്റാസ്‌കയില്‍ നടന്നുവരുന്ന ഏഴാമത് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര സ്മരണകള്‍ ഉണരുന്ന ചിക്കാഗോ സന്ദര്‍ശിക്കുക എന്നതു തന്റെ ചിരകാല സ്വപ്നമായിരുന്നുവെന്നു മന്ത്രി പറഞ്ഞു.ലോക ചരിത്രത്തില്‍ തന്നെ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി രക്തസാക്ഷികളെ സൃഷ്ടിച്ച് ലോകത്താകമാനമുള്ള തൊഴിലാളികളുടെ അവകാശം നേടിയെടുത്ത ചരിത്ര പാരമ്പര്യങ്ങളുറങ്ങുന്ന മണ്ണില്‍ കാലുകുത്തുക തന്നെ ഒരു ഭാഗ്യമായി കരുതിയിരുന്നു. ചെറുപ്പകാലത്ത് ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേട്ടു തഴമ്പിച്ച ചിക്കാഗോയിലെ രക്തസാക്ഷികളുടെ രക്തം വീണ വിപ്ലവമണ്ണിനെക്കുറിച്ച് മുദ്രവാക്യം വിളികേട്ടാണ് തന്നിലെ വിപ്ലവവീര്യം ഉണര്‍ന്നതെന്നും
സുനില്‍കുമാര്‍ സ്മരിച്ചു.
ചെത്തുതൊഴിലാളിയായിരുന്ന വല്ല്യച്ഛന്റെ കൂടെ കേവലം ബാലനായിരുന്ന താന്‍ പാര്‍ട്ടി ജാഥകളില്‍ പങ്കെടുത്തപ്പോള്‍ വിളിച്ച വിപ്ലവഭൂമിയെക്കുറിച്ചുള്ള സ്മരണകള്‍ എന്നും ആവേശം പകര്‍ന്നിരുന്നു. അതുകൊണ്ടാണ് ഏറെ തിരക്കുകള്‍ ഉണ്ടായിട്ടും ഐ.പി.സി.എന്‍.എയുടെ ക്ഷണം സ്വീകരിച്ച് താന്‍ ഇവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ലോക തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലി ചെയ്യാനുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്ന ലോക തൊഴിലാളി സമരത്തിന്റെ സ്മരണയാണ് മെയ് ഒന്നാം തീയതി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ലോക സമ്മേളന പ്രസംഗം നടന്നതും ഈ ചരിത്ര ഭൂമിയിലായതും തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നു. ചിക്കാഗോയിലെ ഈ ചരിത്ര ഭൂമി സന്ദര്‍ശിക്കുകയല്ലാതെ മറ്റൊരു യാത്രയ്ക്കും പ്രസക്തി നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിക്കാഗോയ്ക്ക് തന്റെ ജന്മനാടായ അന്തിക്കാടുമായി പണ്ടേ മനസ്സില്‍ ഒരു സാമ്യതയുണ്ട്. ചിക്കാഗോ രക്തസാക്ഷികളുടെ ചരിത്ര നഗരമാണെങ്കില്‍ അന്തിക്കാട് 21 രക്ഷസാക്ഷി മണ്ഡപങ്ങളുള്ള വിപ്ലവ മണ്ണാണ്.
റെഡ് ഇന്ത്യക്കാരുടെ കാലത്ത് അമേരിക്ക കാര്‍ഷിക ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു രാജ്യമായിരുന്നു. അതുകൊണ്ടുതന്നെ കൃഷി മന്ത്രി എന്ന നിലയില്‍ ഒരുപാട് അറിവുകള്‍ നേടാനും ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത് വലിയ കാര്യമാണെങ്കില്‍ അതിനേക്കാള്‍ ഏറെ ചരിത്രപ്രസിദ്ധമായ നാടാണ് നമ്മുടെ ഭാരതം. പ്രത്യേകിച്ച് കേരളം എന്നു അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കണം. അധിനിവേശം ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വൈദേശികരും വ്യത്യസ്ത മതസ്ഥര്‍ക്കും ഭാരതം സ്വാഗതമരുളിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ 1000 വര്‍ഷം പഴക്കമുള്ള മുസ്‌ലീം പള്ളിയായ ചേരമാന്‍ പള്ളി കേരളത്തിലെ കൊടുങ്ങല്ലൂരാണുള്ളത്. അതുപോലെ തന്നെ സെന്റ് തോമസും കേരളത്തിലെ കൊടുങ്ങല്ലൂരിലുള്ള പാലയൂര്‍ പള്ളിയിലാണ് ആദ്യമായി എത്തിയതെന്നും പറയപ്പെടുന്നു.
മന്ത്രി സുനില്‍കുമാറിനെ പോലെ ചിക്കാഗോയിലെ വിപ്ലവഭൂമി സന്ദര്‍ശിക്കുക എന്ന സ്വപ്നം പേറിയാണ് താനും ഇവിടെയെത്തിയതെന്ന് തുടര്‍ന്ന് സംസാരിച്ച പാലക്കാട് എം.പി എം.ബി രാജേഷും പറഞ്ഞു. വ്യാഴാഴ്ച ചിക്കാഗോയില്‍ എത്തിയ ഉടന്‍ വിപ്ലവസമരത്തിന്റെ സ്മാരകഭൂമി സന്ദര്‍ശിക്കാനുള്ള ത്വരയില്‍ അവിടെ ചെന്നപ്പോള്‍ ഫലം നിരാശാജനകമായിരുന്നുവെന്ന് രാജേഷ് കൂട്ടിച്ചേര്‍ത്തു. വിപ്ലവസ്മാരകം അപ്പാടെ അവിടെ നീക്കം ചെയ്ത് മറ്റെവിടെയോ മാറ്റിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. ഇത്രയും ചരിത്ര സംഭവമായ സ്മാരകം മാറ്റിയതും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തവണ അമേരിക്കയില്‍ വന്നപ്പോള്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ ഫ്രീഡം മ്യൂസിയം സന്ദര്‍ശിച്ചപ്പോഴാണ് അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു മുഖം ദര്‍ശിക്കാന്‍ കഴിഞ്ഞത്. അത് തന്റെ അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി എന്നുവേണം പറയാന്‍- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോയെപ്പറ്റി ഓര്‍ക്കുമ്പോള്‍ സ്വാമി വിവേകാനന്ദനും തുല്യപ്രാധാന്യത്തോടെ മനസ്സിലെത്തുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസംഗം അവസാനിപ്പിച്ചത് മതങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്. മറ്റു മതങ്ങളെ തകര്‍ക്കുമെന്നു കരുതുന്നവരോട് തനിക്ക് അനുകൂലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പും ഭിന്നതയും രഞ്ജിപ്പും സഹായ സഹകരണവുമാണ് ആവശ്യമെന്ന വാചകങ്ങള്‍ക്ക് ഇന്ന് പ്രസക്തിയേറെയാണ്.
ആളു തെറ്റി തന്നെ പ്രസ്‌ക്ലബ് സമ്മേളനത്തിനു വിളിച്ചതെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് എം. സ്വരാജ് എം.എല്‍.എ. ഒരിക്കല്‍ ഏഷ്യാനെറ്റില്‍ നിന്നു വിളിച്ച് ഹാസ്യ നടനുള്ള സമ്മാനം തനിക്കാണെന്നു പറഞ്ഞ അനുഭവമുണ്ട്.
നാലു ദിനപ്പത്രത്തിന് 1000 ബയണറ്റുകളേക്കാള്‍ ശക്തിയുണ്ടെന്ന് നെപ്പോളിയന്‍ പറഞ്ഞു. പക്ഷെ ഇന്നു കരുത്തുള്ള മാധ്യമങ്ങള്‍ അറ്റുപോയോ എന്നു സംശയം. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. എല്ലാ വിളക്കും കെടുമ്പോള്‍ മിന്നാമിനുങ്ങെങ്കിലും പ്രകാശംചൊരിഞ്ഞെത്തും. കൂടുതല്‍ ശക്തിയുള്ള മാധ്യമങ്ങള്‍ വരും. 13 ഫ്‌ളെമിംഗോ എന്ന ചിത്രത്തില്‍ ഒരിക്കലും വരാത്ത കാമുകനെ കാത്തിരിക്കുന്ന കാമുകി പറയുന്നു: ‘ഞാന്‍ കാണിക്കുന്നത് അബദ്ധമായിരിക്കാം. പക്ഷെ ഈ അബദ്ധംതന്നെ മനോഹരമാണ്.’ഇരുട്ട് പരക്കുമ്പോള്‍ പ്രകാശം വരും. കൂടുതല്‍ കരുത്തോടെ- സ്വരാജ് പറഞ്ഞു.
അളകനന്ദ, ആര്‍.എസ്. ചന്ദ്രശേഖര്‍, ഷാനി പ്രഭാകര്‍, ഉണ്ണി ബാലകൃഷ്ണന്‍, ആര്‍.എസ്, ബാബു, പി.വി. തോമസ്, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, എം.എന്‍.സി നായര്‍, ഡോ. മാണി സ്‌കറിയ, ജോര്‍ജ് ജോസഫ്, ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ജോസ് കാടാപ്പുറം, അനില്‍ ആറന്മുള എന്നിവരായിരുന്നു എം.സിമാര്‍.
നേഹാ ഹരിഹരന്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി സ്വാഗതവും പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ അധ്യക്ഷ പ്രസംഗവും നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് നന്ദി പറഞ്ഞു
RELATED ARTICLES

Most Popular

Recent Comments