ജോണ്‍സണ്‍ ചെറിയാന്‍.
ലക്നൗ(യുപി): ആശുപത്രി അധികൃതര്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്നു എന്ന ആരോപണങ്ങള്‍ ഉയരുന്നത് പതിവാണ്. അതില്‍ വാസ്തവമുണ്ടെന്ന് തെളിഞ്ഞിരിക്കയാണ് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയില്‍ നടന്ന സംഭവം.
പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം തെരുവുനായ കടിച്ചു തിന്നതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയായ ഡോ. റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഞായറാഴ്ചയാണ് സംഭവം.
പുഷ്പ തിവാരി (40) എന്ന സ്ത്രീയുടെ മൃതദേഹമാണ് തെരുവുനായ കടിച്ചുതിന്ന് വികൃതമാക്കിയത്. ശനിയാഴ്ചയാണ് വിഷബാധയേറ്റ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികില്‍സയ്ക്കിടെയാണു മരിച്ചത്. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലാണു സൂക്ഷിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്ക് മോര്‍ച്ചറി തുറന്ന ജീവനക്കാരന്‍ കണ്ടത് മൃതദേഹം ഫ്രീസറിനു പുറത്തു വികൃതമായ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മോര്‍ച്ചറികവാടത്തില്‍ നായയുടെ കാല്‍പ്പാടുകളും പോലീസ് കണ്ടെത്തി.