ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്കു തുടക്കമായി. രാവിലെ അത്തം നഗറില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്താഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷ വഹിച്ച യോഗത്തില്‍ പ്രഫ. കെ.വി. തോമസ് എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി, ജനറല്‍ കണ്‍വീനര്‍ ജോഷി സേവ്യര്‍ എന്നിവരും ചടങ്ങിനെത്തി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്തം പതാക ഉയര്‍ത്തിയതിനെത്തുടര്‍ന്നായിരുന്നു അത്തം ഘോഷയാത്ര ആരംഭിച്ചത്. കൊച്ചി രാജഭരണ കാലത്തെ അത്തച്ചമയത്തിന്റെ സ്മരണയില്‍ ആയിരങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്. നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.
നഗരംചുറ്റിയെത്തുന്ന ഘോഷയാത്ര അത്തം നഗറില്‍തന്നെ സമാപിക്കും. ഘോഷയാത്രയുടെ സമാപനത്തോടെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരവും വൈകിട്ട് മൂന്നു മുതല്‍ പൂക്കള പ്രദര്‍ശനവും നടക്കും. വൈകിട്ട് ആറിനു ലായം കൂത്തമ്ബലത്തില്‍ കലാ സന്ധ്യയുടെ ഉദ്ഘാടനം സിനിമ-സീരിയല്‍ താരം സീമ ജി. നായര്‍ നിര്‍വഹിക്കും.
തുടര്‍ന്നു വൈക്കം രത്നശ്രീയുടെ തന്പലഫ്യൂഷന്‍ നടക്കും. കാരിക്കേച്ചര്‍ വിദഗ്ധന്‍ സഞ്ജീവ് ബാലകൃഷ്ണന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സിലേക്കു കടക്കുന്ന ബഹുമുഖം ബഹുരസം പരിപാടി കൂത്തന്പലത്തിന്റെ അങ്കണത്തില്‍ ആരംഭിച്ചു.1,000 പേരുടെ മുഖങ്ങള്‍ വരച്ചുകൊണ്ട് രാത്രി എട്ടുവരെ നീളുന്ന 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബഹുമുഖം ബഹുരസം പരിപാടി ഇക്കൊല്ലത്തെ അത്താഘോഷത്തിന്റെ പ്രത്യേകതയാണ്. സെപ്തംബര്‍ മൂന്നിനു വൈകിട്ട് 4.30 ന് സമാപന സമ്മേളനത്തോടെ അത്താഘോഷങ്ങള്‍ സമാപിക്കും.