Monday, November 25, 2024
HomeLiteratureപ്രാര്‍ത്ഥന.. (കഥ)

പ്രാര്‍ത്ഥന.. (കഥ)

പ്രാര്‍ത്ഥന.. (കഥ)

അജ്മല്‍ സി കെ.
‘ ടാ ഒന്നിങ്ങോട്ട് വന്നെ എന്നെ പാമ്പു കടിച്ചു’
റഹീമിന്റെ ശബ്ദം കേട്ട് ഞാന്‍ ചെന്നു നോക്കുമ്പോള്‍ അവനവിടെ ഇരിക്കുന്നു. പാമ്പു കടിച്ചതിന്റെ വേവലാതിയോ ഭയമോ മുഖത്തില്ല.
‘ ഒന്നു പോടാ ചുമ്മാ കളിക്കാതെ… പാമ്പ്.. കോപ്പാണ്… ‘ വിശ്വസിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു. റഹീമിനല്ലേലും ആളെ പറ്റിക്കാന്‍ ഭയങ്കര വിരുതാ.
‘ എടാ സത്യാടാ, ദേ നോക്ക് കാലില്‍ പാമ്പ് കടിച്ച അടയാളം.’
ഞാന്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ സംഭവം ശരിയാണ് പാമ്പ് കടിച്ചിട്ടുണ്ട്. പാമ്പ് കടിച്ച അവനേക്കാള്‍ ബേജാറ് പിന്നെ എനിക്കായിരുന്നു. എന്താ ചെയ്യേണ്ടത് എന്ന് പിടികിട്ടാതെ ഞാന്‍ ഫ്രണ്ട്‌സിനെയൊക്കെ അലറി വിളിച്ചു. എല്ലാരും ഓടിക്കൂടി.
‘ ടാ നീ നിന്റെ തോര്‍ത്ത് ഒന്ന് തന്നെ, നിന്റെ പോക്കറ്റിലെ ആ പേനയും താ ഒരാവശ്യമുണ്ട്.’ റഹീം എന്നോട് പറഞ്ഞു.
തോര്‍ത്ത് വിഷം ഇരച്ചു കേറാതിരിക്കാനാണ് അതെനിക്ക് മനസ്സിലായി. പേനയെന്തിനാണെന്നാണ് മനസ്സിലാവാഞ്ഞത്. എന്നെക്കൊണ്ട് തന്നെ കടിയേറ്റത്തിന്റെ കുറച്ച് മുകളിലായ് തോര്‍ത്ത് കൊണ്ട് ടൈറ്റ് ആക്കി കെട്ടിപ്പിച്ചു. അടുത്തതായി റഹീം ചെയ്തത് ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു… മുറിവേറ്റ ഭാഗത്തിന്റെ തൊട്ടടുത്ത് പേനയുടെ മുനമ്പ് കൊണ്ട് ഒരൊറ്റ കുത്ത്.. ചോര നിക്കാതെ ശറപറാന്നങ്ങനെ പോകുന്നു.
‘ റഹീമേ.. നീയെന്ത് മണ്ടത്തരമാടാ ചെയ്യുന്നെ…. നീയെന്തിനാ നിന്റെ കാലിപ്പോള്‍ കുത്തി മുറിച്ചത് കണ്ടില്ലേ ചോര പോകുന്നു’
‘ ടാ പൊട്ടാ, ഇതെന്തിനാന്നറിയൂലെ… ചോര പോകുന്നതിന്റെ കൂടെ വിഷവും അങ്ങ് പൊയ്‌ക്കോളും… ‘
അപ്പോഴേക്ക് ഫ്രണ്ട്‌സ് ഒരു ഇന്നോവയുമായ് എത്തിയിരുന്നു. അവനെ ആ രക്തത്തോടെ തന്നെ വണ്ടിയില്‍ കയറ്റി. അടുത്തുള്ള ഹോസ്പിറ്റലില്‍ ചെന്ന് ഫ്‌സറ്റ് ഐഡ് എടുത്ത് സമയം കളയാതെ നേരെ മെഡിക്കല്‍ കോളേജിലേക്ക്.
‘ റഹീമേ, നിനക്ക് ഞാന്‍ ഒരു പ്രാര്‍ത്ഥന ചൊല്ലി തരട്ടെ.. ആപത് ഘട്ടങ്ങളില്‍ ചൊല്ലണമെന്ന് പറഞ്ഞ് ഉപ്പുപ്പ പഠിപ്പിച്ചു തന്നതാ’
‘ ഒന്നു പോടേയ്, പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും മരണം അതിന്റെ കറക്ട് സമയത്ത് വരും… ചുമ്മാ ഓരോ നമ്പറുമായ് ഇറങ്ങിയേക്കുവാ’
സംഭവം ശരിയാണ്. നാട്ടിലെ യുക്തിവാദി സമാജം യൂത്ത് വിങ്ങിന്റെ പ്രസിഡന്റിനോട് തന്നെ ഞാന്‍ പ്രാര്‍ത്ഥനയുടെ മഹാത്മ്യം പറയണം.
‘ നിന്റെ ആവലാതി കണ്ടാല്‍ തോന്നും പാമ്പു കടിച്ചത് എന്നെയല്ല നിന്നെയാണെന്ന്’ എന്നിട്ട് ഒരു പൊട്ടിച്ചിരി..
എനിക്ക് മനസ്സിലായില്ല, മരണത്തിന്റെ മുമ്പിലും എങ്ങനെ അവനിങ്ങനെ ചിരിക്കാനാകുന്നുവെന്ന്.
‘ ടാ നിന്റെ മുബൈലിങ്ങ് തന്നെ’
ചിലപ്പോള്‍ ആരെയെങ്കിലുമൊക്കെ വിളിച്ച് സംസാരിക്കാനാവും ഞാന്‍ ഫോണ്‍ അവന് കൈമാറി… പക്ഷെ എന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ദേ അവനിരുന്ന് കാന്റി ക്രഷ് സാഗ കളിക്കുന്നു. എന്റെ അമ്പരപ്പ കണ്ടാവും അവന്‍ പറഞ്ഞു.
‘ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. വിഷമേറ്റാല്‍ ഉറങ്ങാന്‍ പാടില്ലെന്ന്, അത് പോലെ മനസ്സ് ബേജാറാവാന്‍ പാടില്ലെന്ന്. എന്തോ എനിക്ക് ചെറുതായ് മയക്കം വരുന്ന പോലെ അതാ ഇങ്ങനെ ഗെയിം കളിക്കുന്നത്. ‘
പിന്നെ ഹോസ്പ്പിറ്റല്‍ എത്തും വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. ഒരാഴ്ച്ച ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നെങ്കിലും അവന്‍ രക്ഷപ്പെട്ടു. അവന് ഭേദമായതിന് ശേഷം ഞങ്ങള്‍ ആദ്യമായ് കണ്ടപ്പോള്‍ അവന്‍ സ്വകാര്യമായ് എന്നോട് പറഞ്ഞു.
‘ അന്ന് നീ പറഞ്ഞത് കേട്ട് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ ഇന്ന് ഞാന്‍ രക്ഷപ്പെട്ടതിന്റെ ഫുള്‍ ക്രഡിറ്റ് നിങ്ങടെ ദൈവം കൊണ്ടോയേനെ… പാവം ഇത്രേം കഷ്ടപ്പെട്ട ഡോക്ടര്‍ ഒക്കെ ചുമ്മാ ശശി ആയേനെ’
പതിവ് പോലെ ഡയലോഗിന് ശേഷം ഒരു പൊട്ടിച്ചിരിയും.
ഈ സംഭവം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഓഫീസിലെ തിരക്കുകളില്‍ മുഴുകിയിരിക്കെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍.. മറുതലക്കല്‍ ഉമ്മയാണ്.
‘ ഉമ്മ, ഞാന്‍ ഇത്തിരി തിരക്കാ കുറച്ച് കഴിഞ്ഞിട്ട് വിളിക്കാം.’
മറുപടി എന്താണെന്ന് കേള്‍ക്കാതെ ഞാന്‍ കോള്‍ കട്ട് ചെയ്തു. ഫോണ്‍ സൈലന്റ് ചെയ്ത് വെച്ച് ഞാന്‍ തിരക്കുകളിലേക്ക് വീണ്ടും ഊളിയിട്ടു. ലഞ്ച് ബ്രേക്കിന്റെ സമയത്താണ് പിന്നെ ഫോണ്‍ എടുത്തത്. നോക്കുമ്പോള്‍ സുഹൃത്തുക്കളുടേതും ഉമ്മയുടേതുമടക്കും 54 മിസ്ഡ് കോള്‍.. എന്തോ കാര്യമായ പ്രോബ്ലമുണ്ട്. വേഗം ഉമ്മാടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
‘ മോനേ, നമ്മുടെ റഹീമിന്റെ പൈതല്‍ അംഗനവാടില്‍ പോകുന്ന വഴി ആക്‌സിഡന്റായി… മെഡിക്കല്‍ കോളേജിലാ ഇപ്പോള്‍, എത്ര നേരായി നിന്നെ വിളിക്കുന്നു.. നീയെന്താ എടുക്കാഞ്ഞെ’
ഞാനാകെ ഞെട്ടലിലായിരുന്നു. എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ഞാന്‍ വേഗം കോള്‍ കട്ട് ചെയ്തു. ഓഫീസില്‍ ലീവൊന്നും പറയാതെ ബൈക്കെടുത്ത് നേരെ കോളേജിലേക്ക് പറപ്പിച്ചു.
ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അവിടെ റഹീമിന്റെ കുടുംബവും സുഹൃത്തുക്കളും ഒക്കെ വിഷാദഭാവത്തില്‍ നില്‍ക്കുന്നുണ്ട്. സംഗതി അല്‍പ്പം സീരിയസാണ്. തലയ്ക്ക് സാരമായ പരിക്കുണ്ട്. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. റഹീമിന്റെ വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായിരുന്നില്ല. നാലാം വര്‍ഷം തുടക്കതത്തിലാണ് കുഞ്ഞുണ്ടാകുന്നത്. അവന്‍ എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു.
‘ എന്റെ മോന്‍ ആദി, നേര്‍ച്ചയും വഴിപാടും കഴിക്കാതെ തന്നെ കാത്തിരുന്ന് കിട്ടിയ മുത്താണ്.’
അവന് ഒരു പാട് സ്വപ്‌നങ്ങളുണ്ടായിരുന്നു ആദിയെക്കുറിച്ച്. വല്ലപ്പോഴും ഞാനും അവനും ഒത്തുകൂടുന്ന വേളയില്‍ റഹീം ആദിയെക്കുറിച്ച് മാത്രമായിരുന്നു പറയാറുണ്ടായിരുന്നത്. ആ മകനാണ് ഇപ്പോള്‍ ഐ.സി.യുവില്‍ അത്യാസന നിലയില്‍ കിടക്കുന്നത്.
ഞാന്‍ റഹീമിനെ അവിടമാകെ തിരഞ്ഞു.. ഒരു മൂലയില്‍ കൂനിക്കൂടി ഇരിക്കുന്നു. പ്രസ്സന്നനായും ആത്മവിശ്വാസം നിറഞ്ഞ കണ്ണുകളോടെയും മാത്രം ഞാന്‍ കണ്ടിരുന്ന അവന്റെ കണ്‍കളില്‍ നിരാശയുടെ വേവലാതിയുടെ കടലാഴം ഞാന്‍ കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് വല്ലാതെ വയസ്സനായ പോലെ.
എങ്ങനെ അവനെ ആശ്വസിപ്പിക്കണമെന്നറിയാതെ അവന്റെ അടുക്കല്‍ തോളില്‍ കൈവെച്ച് ഞാന്‍ ഇരുന്നു. അരമണിക്കൂറിന് ശേഷം അവന്‍ മുഖമുയര്‍ത്തി ചോദിച്ചു.
‘ ടാ നീയെനിക്ക് ഒരു സിഗരറ്റ് വാങ്ങി തരോ, ടെന്‍ഷന്‍ സഹിക്കാന്‍ പറ്റുന്നില്ല.’
ഒന്നും മിണ്ടാതെ ഞാന്‍ സിഗരറ്റ് വാങ്ങാനായ് പുറത്തേക്ക് നടക്കാനൊരുങ്ങിയപ്പോള്‍ അവന്‍ എന്റെ കൈപിടിച്ചു നിര്‍ത്തി… എന്നിട്ട് പറഞ്ഞു.
‘ എനിക്ക് അന്ന് പറഞ്ഞ്് തരാമെന്ന് പറഞ്ഞ ആ പ്രാര്‍ത്ഥന നീയിപ്പോള്‍ ഒന്ന് പഠിപ്പിച്ച് തരോ?, എന്റെ ആദിയെ എനിക്ക് തിരിച്ച് വേണം’
മറന്ന് തുടങ്ങിയിരുന്ന ആ പ്രാര്‍ത്ഥന ഓര്‍മ്മകളില്‍ നിന്ന് പൊടി തട്ടിയെടുത്ത് ഞാന്‍ അവന് ഒരു കടലാസ് തുണ്ടില്‍ നല്‍കി. പുറത്തേക്ക് നടക്കുന്നതിനിടെ എന്റെ നോട്ടം ഒരുപാട് തവണ അവനിലേക്ക് നീളുന്നുണ്ടായിരുന്നു. നോക്കുമ്പോഴെല്ലാം അവനാ പ്രാര്‍ത്ഥന ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നുണ്ടായിരുന്നു.
പുറത്ത് പോയി മടങ്ങി വരുമ്പോള്‍ ആശുപത്രി വരാന്തയിലൂടെ റഹീം നടന്ന് വരുന്നു. എന്റെ അടുത്തെത്തിയതും, കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകുന്ന കണ്ണീര്‍ തുടച്ച് അവന്‍ പറഞ്ഞു.
‘ എന്റെ പ്രാര്‍ത്ഥന ഏറ്റില്ലെടാ… എന്റെ ആദി എന്നെ വിട്ട് പോയി… ‘
ആ വാര്‍ത്ത കേട്ട ഷോക്കില്‍ നിന്ന് ഞാന്‍ മോചിതനാവും മുമ്പേ അവന്‍ നടന്നകന്നു.. അവന്റെ പിറകില്‍ വേഗം നടന്നു ഒപ്പം എത്തി. അവനെന്തോ പറയുന്നുണ്ട്. ഞാന്‍ ചെവി കൂര്‍പ്പിച്ചു വെച്ചു. അതെ അവനാ പ്രാര്‍ത്ഥന ഉരുവിടുകയാണ്…. മകന്റെ മരണ ശേഷവും അവനെ തിരിച്ചു കൊണ്ടുവരാന്‍ ആ പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് അവന്‍ വെറുതെ കരുതുന്നുണ്ടാകും…..
…………… ശുഭം………………..
RELATED ARTICLES

Most Popular

Recent Comments