പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: മതമാറ്റം തടയുന്ന നിയമം ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ പാസ്സാക്കിയതില്‍ ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റീജിയണല്‍ മാനേജര്‍ വില്യം സ്റ്റാര്‍ക്ക് ഉല്‍കണ്ഠ രേഖപ്പെടുത്തി.
ജാര്‍ഖണ്ഡ് ഫ്രീഡം ഓഫ് റിലിജിയന്‍ എന്ന പേരില്‍ ആഗസ്റ്റ് 12 ശനിയാഴ്ചയാണ് ബില്‍ നിയമസഭ പാസ്സാക്കിയത്. ഗവര്‍ണ്ണറുടെ ഒപ്പു ലഭിക്കുന്നതോടെ നിയമമാകുന്ന ഈ ബില്‍ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, ദൂരവ്യാപക ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഐ.സി.സി. മുന്നറിയിപ്പു നല്‍കി.
മതം മാറുന്നവര്‍ക്കു മൂന്ന് വര്‍ഷം തടവോ, 50000 രൂപയോ, രണ്ടു ശിക്ഷകളും ഒന്നിച്ചോ ലഭിക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. അനധഃകൃത വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ശിക്ഷ നാലു വര്‍ഷമോ, 100000 രൂപയോ ആയിരിക്കുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യയില്‍ ആറുസംസ്ഥാനങ്ങള്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന ഈ നിയമം ശരിയായി വ്യാഖ്യാനിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും, റാഡിക്കല്‍ ഹിന്ദുക്കള്‍ ഇതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഐ.സി.സി.കുറ്റപ്പെടുത്തി. കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റുകള്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ പാസ്സാക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
മതനൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളിലധിഷ്ഠിതമായി വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി 1995 ല്‍ രൂപീകൃതമായ ഐ.സി.സി. വിവിധ രാജ്യങ്ങളില്‍ മതപീഡനമനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്കും, സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്നു.