ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗം ഇത്തവണ ചുരുക്കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ചു. 54 മിനിട്ട് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടന്നതിയ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു ഇത്തവണത്തേത്. 2014 ല്‍ അദ്ദേഹം നടത്തിയ പ്രസംഗം 65 മിനിട്ടും 2015 ല്‍ നടത്തിയ പ്രസംഗം 86 മിനിട്ടും നീണ്ടിരുന്നു. 94 മിനിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗം.
ഇത്തവണത്തെ പ്രസംഗം ചുരുക്കുമെന്ന് റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ലാണ് മോദി വാഗ്ദനം ചെയ്തിരുന്നത്. പ്രസംഗം 50 മിനിട്ടില്‍ ഒതുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. സ്വാതന്ത്ര്യദിനത്തിലെ തന്റെ പ്രസംഗങ്ങള്‍ക്ക് ദൈര്‍ഘ്യം അല്‍പ്പം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പലരും കത്തയച്ചിരുന്നുവെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. അതിനിടെ, സ്വാതന്ത്ര്യദിന പ്രസംഗം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. 8000 ലേറെ നിര്‍ദ്ദേശങ്ങളാണ് ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് ലഭിച്ചത്.