ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നാക്കിന് ലൈസന്‍സില്ലാത്തതിന്റെ പേരില്‍ കുപ്രസിദ്ധനാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പിസിയുടെ ഈ സ്വഭാവം കേരളത്തിന് പരിചയമുണ്ടെങ്കിലും ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചത് മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഒടുവില്‍ പൂഞ്ഞാര്‍ സിംഹത്തിന് പണിയും കിട്ടി. വനിതാ കമ്മീഷനാണ് പിസി ജോര്‍ജിന്റെ എല്ലില്ലാത്ത നാക്കിന് പൂട്ടിടാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. എംഎല്‍എയ്ക്കെതിരെ കേസെടുക്കാനാണ് വനിതാ കമ്മീഷന്റെ നീക്കം.
ദിലീപിനൊപ്പം
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ പിസി ജോര്‍ജ് നടനൊപ്പമാണ്. നടനെ പിന്തുണയ്ക്കുന്നതിനൊപ്പം ഇരയായ നടിയെ അപമാനിക്കാനും പിസി ജോര്‍ജ് ഒട്ടും മടി കാണിച്ചില്ല. പല തവണ ഈ അപമാനം പിസി ജോര്‍ജ് തുടര്‍ന്നു.
കേസെടുക്കുന്നു
അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പത്രസമ്മേളനത്തിലുമെല്ലാം പിസി ജോര്‍ജ് നടിയെ അപമാനിച്ച് സംസാരിക്കുകയുണ്ടായി. ഇത്തരം പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നതാണ് എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിരീക്ഷിച്ചു.
നടിയെ അപമാനിച്ചു
പിസി ജോര്‍ജിനെതിരെ കമ്മീഷന് പരാതിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ കൂടിയായ പിസി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.
ആക്രമണത്തിന് തെളിവ്
തുടക്കം മുതല്‍ക്കേ ദിലീപ് നിരപരാധി ആണെന്ന് പറയുന്ന പിസി ജോര്‍ജ് ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം നടിയെ ആക്രമിച്ച് വിവാദപ്രസ്താവന നടത്തിയത്. നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്ന് പിസി ജോര്‍ജ് പറയുകയുണ്ടായി.
എങ്ങനെ അഭിനയിച്ചു
ദില്ലിയിലെ നിര്‍ഭയയേക്കാള്‍ ക്രൂരമായി നടി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് ഹൈക്കോടതിയില്‍ പറയുകയുണ്ടായി. നിര്‍ഭയയേക്കാള്‍ ക്രൂരമാണ് പീഡനമെങ്കില്‍ നടി തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയതെങ്ങനെ എന്ന് പിസി ജോര്‍ജ് ചോദിച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്.
ദിലീപിനെതിരെ ഗൂഢാലോചന
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പിസി ജോര്‍ജ് പലവട്ടം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അടക്കം കത്ത് നല്‍കുകയും ചെയ്തു. നിരവധി ആരോപണങ്ങളാണ് പിസി ജോര്‍ജ് ദിലീപ് വിഷയത്തില്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മകനുമാണ് എന്നാണ് ആദ്യം ആരോപിച്ചത്.
മഞ്ജു വാര്യര്‍ക്കെതിരെ
ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ക്കെതിരെയും പിസി ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എഡിജിപിയ്ക്കും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പിസി ജോര്‍ജ് ആരോപിക്കുകയുണ്ടായി.മഞ്ജു വാര്യരും മുഖ്യമന്ത്രിയും ഒരു പരിപാടിയില്‍ വേദി പങ്കിട്ട ശേഷമാണത്രേ ദിലീപ് കേസില്‍ പ്രതിയായത് .
മുഖ്യമന്ത്രിക്ക് കത്ത്
മുഖ്യമന്ത്രിക്ക് മഞ്ജു വാര്യര്‍ ഒരു കത്ത് കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത് എന്നും പിസിയുടെ ആരോപണം ഉന്നയിച്ചു. ദിലീപ് കുറ്റക്കാരനാണ് എന്ന തോന്നല്‍ തനിക്കിപ്പോഴും ഇല്ല. തന്റെ മനസാക്ഷിക്ക് അയാള്‍ക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു
നടിമാരെ ആദരിക്കേണ്ട കാര്യമില്ല
ക്രൂരമായി ആക്രമിക്കപ്പെട്ട ശേഷവും ധൈര്യപൂര്‍വ്വം ജോലിക്ക് പോയ നടിയെ താങ്കള്‍ ഒന്നഭിന്ദിക്കുക പോലും ചെയ്യുന്നില്ലല്ലോ എന്ന ചോദ്യത്തിന് സിനിമാ നടിമാരെ ആദരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ മറുപടി പറയുന്നു. നടിയെ തനിക്ക് വളരെ ഇഷ്ടമാണെന്നും അതിനിടെ പറയുന്നുണ്ട്.
തെളിയിക്കാനായില്ലെന്ന്
നിര്‍ഭയയേക്കാള്‍ ഭീകരമായി പീഡിപ്പിച്ചു എന്ന് പോലീസ് പറയുന്നതാണ് തനിക്ക് അവിശ്വാസമുണ്ടാക്കുന്നതെന്നും പിസി ജോര്‍ജ് പറയുന്നു. ദിലീപിന്റെ പേരില്‍ 19 തെളിവുണ്ടെന്ന് പറയുമ്ബോഴും അതിലൊന്ന് പോലും ജനത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.അതാണ് താന്‍ കേസില്‍ ഇടപെട്ട് സംസാരിക്കാന്‍ കാരണമെന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.