ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരെ നേരിടാന്‍ യന്ത്രമനുഷ്യരും വരുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന ഈ റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും ശേഷിയുള്ളവയായിരിക്കും.
544 റോബോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള തുടക്കമാണിതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഭീകര സ്വാധീനമുള്ള മേഖലകളില്‍ സൈന്യം നേരിട്ട് ഇടപെടുന്നതിനു മുന്‍പുതന്നെ സാഹചര്യങ്ങളെക്കുറിച്ച് തല്‍സമയം വിവരങ്ങള്‍ നല്‍കുന്നതിന് ഈ റോബോട്ടുകളെ ഉപയോഗിക്കാനാവും.
ഇരുനൂറ് മീറ്റര്‍ ദൂരത്തുവെച്ചുതന്നെ നിയന്ത്രിക്കാനും വിവരങ്ങള്‍ കൈമാറാനും സാധിക്കുന്ന റോബോട്ടുകളില്‍ ക്യാമറകളും പ്രസരണ സംവിധാനങ്ങളുമുണ്ടാകും. ഏറ്റുമുട്ടലുകള്‍ നടക്കുമ്ബോള്‍ സൈനികര്‍ക്ക് ആവശ്യമായ അയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചു നല്‍കുന്നതിനും ഇവയെ ഉപയോഗിക്കാനാവും. ഇന്ത്യന്‍ നിര്‍മാതാക്കളുമായി മാത്രമായിരിക്കും റോബോട്ടിന്റെ നിര്‍മാണത്തിനാവശ്യമായ കരാറുകളില്‍ ഏര്‍പ്പെടുക.