ജോണ്‍സണ്‍ ചെറിയാന്‍.
ഭോപ്പാല്‍: രക്ഷാബന്ധന്‍ ദിനത്തില്‍ വിചാരണത്തടവുകാരനായ പിതാവിനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ തിങ്കളാഴ്ചയാണ് സംഭവം. ജയിലിലെത്തുന്ന എല്ലാ സന്ദര്‍ശകരുടേയും കൈയില്‍ സീല്‍ പതിപ്പിക്കാറുണ്ടെന്നും തിരക്കിനിടയില്‍ അത് കുട്ടികളുടെ മുഖത്തായതാണെന്നും പറയുന്നുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ ചൊവ്വാഴ്ച അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്ഡേല പറഞ്ഞു.
തടവുകാരന്റെ മക്കളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മുഖത്ത് സീല്‍ പതിപ്പിച്ച സംഭവം ഞെട്ടലോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിശുക്ഷേമ വകുപ്പ് ചെയര്‍മാന്‍ ഡോ.രാഘവേന്ദ്ര പറഞ്ഞു.
അതേസമയം, കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മന:പൂര്‍വമല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതായിരിക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. രക്ഷാബന്ധന്‍ ദിനത്തില്‍ നിരവധി പേര്‍ ജയിലിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കാറുണ്ട്. സംഭവദിവസം സ്ത്രീകളും കുട്ടികളുമടക്കം 8,500 ഓളം പേരായിരുന്നു ജയിലിലെത്തിയത്. എന്തിരുന്നാലും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ പറഞ്ഞു.
എന്നാല്‍ ജയിലിലെത്തുന്ന സന്ദര്‍ശകരുടെ ശരീരത്തില്‍ സീല്‍ പതിപ്പിക്കണമെന്ന് ജയില്‍ മാനുവലില്‍ എവിടെയും പറയുന്നില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജി ആര്‍ മീന പറഞ്ഞു.