മിലാല്‍ കൊല്ലം.
സാധാരണ എല്ലാ സ്തലങ്ങളിലും കാണും ഒരു മഞ്ഞേട കട അല്ലെങ്കിൽ ഒരു പച്ചേട കട എണ്ണക്കട ബീഡി കട പൊടിക്കട അങ്ങനെ പലതും. ഈ മഞ്ഞേട കട എന്ന് പറയുമ്പോൾ അത് സാധാരണ കയറു കടയാണു. പച്ചേട കട എന്ന് പറയുന്നത് പച്ചക്കറി കട.
ഞങ്ങളുടെ ആശുപത്രി മുക്കിലും ഉണ്ടായിരുന്നു ഒരു മഞ്ഞേട കട. പക്ഷേ അവിടെ കയർ മാത്രമല്ല പലവേഞ്ജനവും കിട്ടുമായിരുന്നു.
ഓരോന്നിനും ഓരോ സീസൺ ഉണ്ടല്ലോ? മാങ്ങ കാലമായാൽ… വീട്ടിൽ രണ്ടു മൂന്ന് മാവുണ്ടെങ്കിലും വീട്ടിൽ നിന്നു സ്കൂളിലേക്ക് പോകുമ്പോൾ വഴിയിലുള്ള മാവിൽ നിന്ന് എറിഞ്ഞിടുന്നതോ പഴുത്ത മാങ്ങാ അടർന്ന് വീഴുന്നത് കിട്ടുന്നതോ ആണു രുചി കൂടുതൽ. ഞങ്ങളുടെ റോഡിൽ ആശുപത്രി മുക്ക് തിരിയുമ്പോൾ വലതു വശം ഒരു വീടു കഴിഞ്ഞാൽ ഒഴിഞ്ഞ ഒരു പുരയിടം ആണു. അവിടെ വലിയ ഒരു പുളിച്ചി മാവുണ്ട്.
മാങ്ങാ പഴുത്തു കഴിഞ്ഞാൽ ഇങ്ങനെ ചറപറാന്ന് വീണുകൊണ്ടിരിക്കും. ഞങ്ങൾ പിള്ളാർ മാങ്ങാ പറക്കാൻ ഓട്ടമാണു. അപ്പോൾ ചില വിദ്വാന്മാർ പറയും ഓടിയാൽ ഓട്ടം കൊണ്ടു പോകും ഇതു കേൾക്കുമ്പോൾ ഞങ്ങൾ പതുക്ക നടക്കും എന്നാൽ പുറകിൽ വരുന്ന ആൾ മുന്നിൽ കയറാതേ നോക്കുകയും ചെയ്യും. എന്തായാലും അവിടെ ചെല്ലുമ്പോൾ മാങ്ങാ കിട്ടുകയും ചെയ്യും. ഒരു പ്രത്യകത അന്നോക്കേ മാങ്ങ എന്തെങ്കിലും കടിച്ചതാണെങ്കിലും ആ ഭാഗം കടിച്ചു കളഞ്ഞിട്ട് ഒരു തീറ്റിയാ. ഒരു ദിവസം രാവിലെ മാങ്ങ പറക്കി തിരിഞ്ഞു നോക്കിയപ്പോൾ ഒരു അണലി പാമ്പ്. രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. പച്ച മാങ്ങയുടെ സമയം ആണെങ്കിൽ പച്ച മാങ്ങയും എറിഞ്ഞിട്ട് റോഡിലോട്ട് വന്നിട്ട് മഞ്ഞ മുതലാളിയുടെ കടയിൽ നിന്ന് ഉപ്പ് കൊട്ട പൊക്കി ഒരു പിടി ഉപ്പും എടുത്തു കൊണ്ടു ഒരു പോക്കാണു. ഈ പ്രക്രീയ ഒരു ദിവസമോ രണ്ടു ദിവസമോ അല്ല. സ്തിരം പരിപാടി ആണു.
മാങ്ങാ സമയം കഴിഞ്ഞാലോ പുളിയുടെ സമയമായി. പപ്പടം ഗേറ്റ് കഴിഞ്ഞാൽ അവിട ഒരു പുളി ഉണ്ട് മധുര പുളിയാണു. അതിനു ഉപ്പോന്നും വേണ്ടാ നല്ല മധുരമുള്ള പുലി അത് എറിഞ്ഞിട്ട് തീറ്റിയാണു. പുളിയുടെ സമയം കഴിഞ്ഞാൽ ഞാൻ പഠിച്ച സ്കൂളിന്റെ വടക്കു വശം ഒരു വീട്ടിൽ നല്ല മധുരമുള്ള വയന ഇല കിട്ടും. ഈ ഇല എറിഞ്ഞിടും എന്നിട്ട് അത് തിന്നും. ഈ വയനേലയ്ക്ക് വേണ്ടി എന്തോരു അടിയും വഴക്കും ആണേന്നു അറിയുമോ. അത്രയ്ക്ക് മധുരമാണു അതിന്റെ ഇലയ്ക്ക്.
അതും കഴിഞ്ഞ് ഒന്നുമില്ലാതെ വരുമ്പോൾ മഞ്ഞ മുതലാളി കടയിൽ ഓരോ അറകളിലായി പിണ്ണാക്ക് ഇട്ട് അടച്ച് വച്ചിരിക്കും. ഉച്ചയ്ക്ക് സ്കൂളിൽ പോകുമ്പോൾ ആ സമയം മഞ്ഞ മുതലാളി ഒരു കിലോ പുളി വാങ്ങി കൊണ്ടു വന്ന് അത് പിന്നീട് ചെറുതായിട്ട് ഉരുട്ടുന്ന സമയമാണു. ഞങ്ങൾ പറയുന്നത് മഞ്ഞമുതലാളി തുപ്പലുതൊട്ട് പുളിയുരുട്ടുന്ന സമയമാണെന്നാണു. ഈ സമയം അങ്ങോട്ട് ചെന്ന് പിണ്ണാക്കിന്റെ അടപ്പ് പൊക്കി കുറച്ച് തേങ്ങ പിണ്ണാക്കും എടുത്തു കൊണ്ടങ്ങു പോയി തിന്നും. മഞ്ഞ മുതലാളിയും ജഗജില്ലനാ രണ്ടു മൂന്ന് ദിവസം ആകുമ്പോൾ തേങ്ങ പിണ്ണാക്ക് ഇട്ട് വയ്ക്കുന്നതിൽ നിന്ന് അതു മാറ്റി പകരം പരുത്തി പിണ്ണാക്ക് അതിൽ ഇട്ടു വയ്ക്കും.
ഞങ്ങൾ അറിയാതേ ചെന്ന് തേങ്ങ പിണ്ണാക്കിന്റെ അടപ്പ് പൊക്കി വാരിക്കൊണ്ട് പോകും. പോയി കഴിയുമ്പോൾ ആണു അറിയുന്നത് പരുത്തി പിണ്ണാക്കാണന്ന്. പക്ഷേ അന്നും ഒരു കാര്യം ഉണ്ട് തെറ്റ് പറ്റി എന്ന് പറഞ്ഞ് അത് വഴിയിൽ കളയുകയില്ല അത് തിരിച്ചു കൊണ്ടുവന്ന് അതേ ഡപ്പയിൽ തിരിച്ചിടും. അപ്പോഴും മഞ്ഞ മുതലാളി ഒരു ചിരി മാത്രം. ഞാൻ കണ്ടിട്ടുണ്ട് നാലണയ്ക്ക് എണ്ണ വാങ്ങി തലയിൽ തേച്ചു പോകുന്ന ആൾക്കാരേ. എത്രയോ തേങ്ങ പിണ്ണാക്ക് കടല പിണ്ണാക്ക് തിന്നിരിക്കുന്നു. ഒരിക്കലും മഞ്ഞമുതലാളി ഒരു വൃത്തികെട്ട വാക്കോ അടിക്കാനോ വന്നിട്ടില്ല. അതാണു പഴയ ആൾക്കാർ. മരിച്ചു മുകളിൽ നിൽക്കുന്ന മഞ്ഞ മുതലാളിക്ക് എന്റെ ആദരാഞ്ജലികൾ……