ജോണ്‍സണ്‍ ചെറിയാന്‍.
വ്യാപാരവ്യവസായ മേഖലയ്ക്ക് ആശ്വാസമേകി അടിസ്ഥാന പലിശാ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക്. ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി (എംപിസി)യാണ് പുതിയ വായ്‌പനയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണം.
കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും പണപ്പെരുപ്പ ഭീഷണിയുടെ പേരിൽ അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാൽ പുതിയ റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും ആറ് ശതമാനമാക്കി പുതുക്കി. രാജ്യത്തെ ഏറ്റവും വലിയ വായ്പ വിതരണക്കാരായ എസ്.ബി.ഐ കഴിഞ്ഞ ദിവസം സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ അരശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്കും പലിശ നിരക്കിൽ കുറവ് വരുത്തിയിരിക്കുന്നത്.