ജോണ്‍സണ്‍ ചെറിയാന്‍.
പെരുമ്പാവൂർ: കേരളത്തിനെ നടുക്കിയ ജിഷ വധക്കേസിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. ജിഷയുടെ അയൽവാസിയായിരുന്ന സാബു എന്നയാളെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ മരിച്ചതിന് പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.
നിയമ വിദ്യാർഥിയായിരുന്ന ജിഷ മരിച്ചതിന് ശേഷം അമ്മ പോലീസിന് നൽകിയ മൊഴിയിലാണ് സാബുവാണ് കൃത്യത്തിന് പിന്നിലെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് പോലീസ് അന്വേഷണത്തിൽ ജിഷയുടെ ശരീരത്ത് കണ്ട പല്ലിന്‍റെ പാട് തെളിവായി മാറി. പല്ലുകളിൽ വിടവുള്ളയാരോയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പോലീസിന്‍റെ നിഗമനം. ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്‍റെ പല്ലുകളിലുണ്ടായിരുന്ന വിടവും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നതിന് കാരണമായി. പിന്നീട് പ്രതി അമിറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതിന് മുന്നോടിയായി പോലീസ് സാബുവിനെ വിട്ടയയ്ക്കുകയായിരുന്നു.