ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ ആഭ്യന്തര മന്ത്രി സസ്‌പെന്‍ഡ് ചെയ്തു. അക്രമസംഭവങ്ങള്‍ തടയേണ്ട സമയത്ത് പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ ആരോപിച്ച സാഹചര്യത്തിലാണ് ആഭ്യന്തര നടപടി സ്വീകരിച്ചത്. തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് ഇടപെട്ടില്ലെന്ന് വ്യാപകമായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പോലീസിനെതിരെ ബി.ജെ.പി നേതൃത്വവും രംഗത്ത് വന്നിരുന്നു.
അതേസമയം, കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ നഗരത്തില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൂടാതെ തലസ്ഥാനത്ത് എല്ലാവിധ പ്രകടനങ്ങള്‍ക്കും മൂന്നു ദിവസത്തെ വിലക്കും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ അടക്കം സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് ജില്ലകളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസിന് മുന്നിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.