ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാം നാഥ് കോവിന്ദ് ഇന്ന് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 11ഓടെയാണ് സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലികൊടുക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ എംപിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞ ചടങ്ങിന് മുമ്ബ് രാം നാഥ് കോവിന്ദ് രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തും. രാവിലെ രാഷ്ട്രപതി ഭവനിലെത്തുന്ന രാംനാഥ് കോവിന്ദിനെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രണബ് മുഖര്‍ജി സ്വീകരിക്കും. തുടര്‍ന്ന് രാംനാഥിന്റെ ഔദ്യോഗിക സുരക്ഷ പ്രസിഡന്റിന്റെ സുരക്ഷാ ഗാര്‍ഡുകള്‍ ഏറ്റെടുക്കും.
തുടര്‍ന്ന് ഇരുവരും ഒരുമിച്ചാകും സത്യപ്രതിജ്ഞയ്ക്കായി പാര്‍ലമെന്റിലെത്തുക. ഇരുവരെയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, ഇരു സഭകളുടെയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ പ്രസിഡന്റ് രാഷ്ട്രപതി ഭവനിലേക്ക് തിരിക്കും.
രാഷ്ട്രപതി ഭവന് മുന്നില്‍വെച്ച് പുതിയ രാഷ്ട്രപതിയ്ക്ക് മൂന്നു സേനാവിഭാഗങ്ങളും സംയുക്തമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ പുതിയ രാഷ്ട്രപതിയുടെ അകമ്ബടിയോടെ ഒദ്യോഗിക വസതിയായ നമ്ബര്‍ 10, രാരാജി മാര്‍ഗിലെ വീട്ടിലെത്തിക്കും. പ്രതിരോധമന്ത്രി അരുണ്‍ജെയ്റ്റ് ലിയും ഇരുവരെയും അനുഗമിക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമും രാജാജി മാര്‍ഗിലെ വസതിയിലാണ് താമസിച്ചിരുന്നത്. കെആര്‍ നാരായണനു ശേഷം രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ ദളിതനാണ് രാം നാഥ് കോവിന്ദ്.