ജോണ്‍സണ്‍ ചെറിയാന്‍.
ജമ്മു കശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ സൈനികരും പോലീസുകാരും തമ്മിലടിച്ചു. പോലീസ് സ്റ്റേഷനില്‍ കയറി സൈനികര്‍ നടത്തിയ അതിക്രമത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അടക്കം എട്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പരുക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും തലയ്ക്കാണ് മുറിവ്. കൈയൊടിഞ്ഞവരുമുണ്ട്. പോലീസ് സ്റ്റേഷന്‍ അതിക്രമിച്ചു കയറിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചതിനും സൈനികര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അമര്‍നാഥ് യാത്ര കഴിഞ്ഞെത്തിയ സൈനികരാണ് സിവില്‍ വസ്ത്രത്തില്‍ എത്തി ആക്രമണം നടത്തിയത്. അമര്‍നാഥ് യാത്രയ്ക്കു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി യാത്ര അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സൈനികരെ ഗുണ്ടില്‍ പോലീസ് തടയുകയും ചെയ്തിരുന്നു. പോലീസുകാരെ മര്‍ദ്ദിച്ച ശേഷം അവര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് തടഞ്ഞു.
ഇക്കാര്യം സമീപത്തെ ആര്‍മി ക്യാംപിലെ കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു. വിവരം തിരക്കാന്‍ അദ്ദേഹം എത്തുന്നതിന് പകരം രാത്രി വാഹനത്തില്‍ എത്തിയ ജവാന്‍മാര്‍ പോലീസ് സ്റ്റേഷനില്‍ കയറി പോലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെ രേഖകളും നശിപ്പിച്ചതായും പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ സംഭവതെത നിസാരവത്കരിക്കുന്ന നിലപാടാണ് ഐ.ജി മുനീര്‍ അഹമ്മദ് ഖാന്‍ സ്വീകരിച്ചത്. പോലീസുകാര്‍ക്ക് ഒന്നും പരുക്കേറ്റിട്ടില്ലെന്നും സൈനികരും പോലീസുകാരുമായി തര്‍ക്കമുണ്ടാകുക മാത്രമാണ് ഉണ്ടായതെന്നും ഐ.ജി പറഞ്ഞു. താന്‍ നിര്‍ദേശിച്ചപ്രകാരം സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.