ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടന്‍ ഷാജു ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത് നിരവധി പേരാണ്. ‘തലചായ്ക്കാന്‍ ഇടമില്ല, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ല സഹായിക്കണം’ എന്നു പറഞ്ഞാണ് തുടക്കം. വീഡിയോയില്‍ ഷാജു പറയുന്നതും ആവശ്യപ്പെടുന്നതും തനിക്ക് വേണ്ടിയല്ല, ഗോപികയെന്ന പതിനഞ്ചുകാരിക്ക് വേണ്ടിയാണ് താരത്തിന്റെ ഈ അഭ്യര്‍ത്ഥന.
ഗോപികയുടെ അച്ഛന്‍ പ്രമേഹരോഗിയായി തളര്‍ന്നുകിടക്കുകയാണ്. ഓടുമേഞ്ഞ ഒരു കൊച്ചുവീടാണ് ഇവര്‍ക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെമേല്‍ക്കൂര തകര്‍ന്നു . ഇതോടെ തല ചായ്ക്കാന്‍ ഇടമില്ലാതായി.ഗോപികയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. – ഷാജു ഇക്കാര്യങ്ങളെല്ലാം വീഡിയോയില്‍ പറയുന്നുണ്ട്.
ഗോപികയാണ് അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നത്. സ്കൂളിലെ ഉച്ച സമയത്തെ ഇടവേളയില്‍ വീട്ടില്‍ എത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക. ചില ദിവസങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ലെന്നും താരം പറയുന്നു. സ്കൂളിലെ ഒരു ടീച്ചറില്‍ നിന്നുമാണ് ഷാജു ഗോപികയുടെ കഥ അറിയുന്നത്. ഷാജു നേരിട്ടെത്തി കുടുംബത്തെ കാണുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് ഫേസ്ബുക്ക് വഴിയും സുമനസുകളോട് ഗോപികയുടെ കുടുംബത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.