Sunday, December 1, 2024
HomeKeralaദീപാ നിശാന്തിനെതിരെ ഭീഷണി മുഴക്കിയവരെ അറസറ്റ് ചെയ്യണം- വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍.

ദീപാ നിശാന്തിനെതിരെ ഭീഷണി മുഴക്കിയവരെ അറസറ്റ് ചെയ്യണം- വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍.

ശ്രീജ നെയ്യാറ്റിൻകര.
തിരുവനന്തപുരം: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ആക്രമണ ഭീഷണിയുയര്‍ത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആശയ പ്രചാരണത്തിനും ആവിഷ്‌കാരത്തിനും സ്വാതന്ത്യമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും ഇത് അംഗീകരിക്കാതെ ഫാഷിസ്റ്റ് സമീപനം സ്വീകരിക്കുകയാണ്.
എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും എന്ത് ചെയ്യണം, എന്ത് എഴുതണം എന്ന് കല്‍പ്പിക്കുകയാണ് ഇവര്‍. നേരത്തെ കല്‍ബുര്‍ഗി, ധാബോല്‍ക്കര്‍,ഗോവിന്ദ പന്‍സാരെ എന്നിവരെ കൊലപ്പെടുത്തുകയും യു.ആര്‍ അനന്തമൂര്‍ത്തി, പെരുമാള്‍ മുരുഗന്‍, കെ.എസ് ഭഗവാന്‍ എം.ടി വാസുദേവന്‍ നായര്‍, ചേതന തീര്‍ത്ഥഹള്ളി തുടങ്ങിയ എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് സംഘ്പരിവാര്‍ ശക്തികളാണ്. ഇപ്പോള്‍ ഈ സമീപനം കേരളത്തിലും സ്വീകരിക്കുകയാണ്. ദീപാ നിശാന്തിനെ ആസിഡ് എറിഞ്ഞ് അപായപ്പെടുത്തുമെന്നും കുട്ടികളേയും മാതാപിതാക്കളേയും പൊതുനിരത്തില്‍ ആക്രമിക്കുമെന്നുമാണ് സംഘ്പരിവാര്‍ പ്രചരണം നിര്‍വ്വഹിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രഖ്യാപിക്കുന്നത്. എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെ നിശബ്ദരാക്കുകയാണ് ഇതിലൂടെ സംഘപരിവാര്‍ ഉദ്ദേശിക്കുന്നത്. ഭീഷണി ഉയര്‍ത്തിയവരെ കണ്ടെത്തി പോലീസ് കര്‍ക്കശ നിയമ നടപടി സ്വീകരിക്കണം. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ അശ്ലീലവും ആഭാസകരവുമായ ആക്ഷേപങ്ങളിലൂടെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തണം. ദീപാനിശാന്തിനെ കേരളം ഒറ്റക്കെട്ടായി പിന്തുണക്കുന്നു. ഇത്തരം വിരട്ടലുകള്‍ക്ക് കേരളം വഴങ്ങുകയില്ലെന്ന് ഫാഷിസ്റ്റ് ശക്തികള്‍ മനസ്സിലാക്കണമെന്നും പ്രസ്താവന പറയുന്നു.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍: ജമീല പ്രകാശം, അഡ്വ.ബിന്ദു കൃഷ്ണ, കെ.അജിത, ലതിക സുഭാഷ്, അഡ്വ കെ.പി മറിയുമ്മ, ടി.പാര്‍വ്വതി, അഡ്വ. പി.വസന്തം, വിധു വിന്‍സെന്റ്, കെ.കെ ഷാഹിന, സി.എസ്. ചന്ദ്രിക, ദീദി ദാമോദരന്‍, സുമ ബാലകൃഷ്ണന്‍, രേഖരാജ്, ഡോ.ഷംസാദ് ഹുസൈന്‍, സലീന പ്രക്കാനം, ഇ .സി.ആയിഷ, ഷൈല കെ. ജോണ്‍, സോണിയ ജോര്‍ജ്ജ്, ശ്രീജ നെയ്യാറ്റിന്‍കര, ഏലിയാമ്മ വിജയന്‍, മാഗ്ലിന്‍ ഫിലോമിന, വി.പി.റജീന, ജോളി ചിറയത്ത്, വിജി, അഡ്വ കെ കെ പ്രീത, എ. റഹ്മത്തുന്നിസ, അഡ്വ. ആര്‍ കെ ആശ ഉണ്ണിത്താന്‍, അഡ്വ. നന്ദിനി, അഡ്വ പി വസന്തം, അഡ്വ സുജാത വര്‍മ്മ, വി.സി ജെന്നി, അംബിക, പ്രമീള ഗോവിന്ദ്, ജബീന ഇര്‍ഷാദ്, നിത്യ പുന്ന്ക്കല്‍. പ്രീത.ജി.പി, ഫസ്‌ന മിയാന്‍, നജ്ദ റെയ്ഹാന്‍.
RELATED ARTICLES

Most Popular

Recent Comments