Thursday, November 28, 2024
HomeSTORIESമാനസാന്തരം. (കഥ)

മാനസാന്തരം. (കഥ)

ജൂനോ ട്രെസ്സ.

 
കോടീശ്വരനായ പാലക്കുന്നേല്‍ ജോസിനും,ഭാര്യ ആലീസിനും വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ പിറന്ന കുഞ്ഞായിരുന്നു അലക്സ്.അവരവനെ താഴത്തും തലയിലും വയ്ക്കാതെ വളര്‍ത്തി.ഒന്നിനും ഒരു കുറവും ഉണ്ടാകാതെയാണ് അവരവനെ വളര്‍ത്തിയത്.പക്ഷേ അവന്‍ വളര്‍ന്ന് യുവാവായപ്പോള്‍ അവന്‍െറ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി.അവന്‍െറ പണം കണ്ട് ധാരാളം സുഹൃത്തുക്കള്‍ അടുത്തുകൂടി.മദ്യപാനത്തിലും മറ്റുപല വഴിവിട്ട ബന്ധങ്ങളിലും അവന്‍ ചെന്നുപ്പെട്ടു.എന്നും കുടിച്ച് ബോധമില്ലാതെ അവന്‍ വീട്ടില്‍ വന്നുതുടങ്ങി..അതോടെ ജോസും ആലീസും മാനസികമായി തകര്‍ന്നു.മകനെ നേര്‍വഴിക്കു കൊണ്ടുവരാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും വിഫലമായി…
അവന് 25വയസ്സായപ്പോള്‍ ജോസും ഭാര്യയും കൂടി അവന് വിവാഹാലോചന തുടങ്ങി.ഒരു വിവാഹത്തോടെ അവന്‍െറ സ്വഭാവത്തില്‍ മാറ്റംവരുമെന്നവര്‍ പ്രതീക്ഷിച്ചു.ഇക്കാര്യം അലക്സിനോടു പറഞ്ഞപ്പോള്‍ ആദ്യമൊന്നും അവന്‍ സമ്മതിച്ചില്ല.ആലീസിന്‍െറ നിരന്തരമായ കണ്ണീരിനുമുമ്പില്‍ ഒടുവില്‍ അലക്സ് പാതി സമ്മതം മൂളി.പിന്നെ കല്ല്യാണ ആലോചനകളുടെ ബഹളമായിരുന്നു.പക്ഷേ അലക്സിനെ കുറിച്ചറിഞ്ഞ പെണ്‍വീട്ടുകാര്‍ ആരുംതന്നെ അവനുമായുള്ള ഒരു ബന്ധത്തിനു തയ്യാറായില്ല.അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നുപോയി.സമ്പത്തും സൗന്ദര്യവും ഉണ്ടായിരുന്നിട്ടും 30വയസ്സായിട്ടും അലക്സിന് വിവാഹം ഒന്നും ശരിയായില്ല.
ആലീസ് കണ്ണീരോടെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.ആ വര്‍ഷത്തെ ഇടവക പെരുന്നാളിനു ആലീസ് തന്‍െറ പരിചയക്കാരിയായ മേഴ്സിയുടെ കൂടെ ഒരു പെണ്‍കുട്ടിയെ കണ്ടു.ഒറ്റനോട്ടത്തില്‍ തന്നെ ആലീസിനവളെ വല്ലാതെ ഇഷ്ടപ്പെട്ടു.മേഴ്സിയോട് ആലീസ് അവളെകുറിച്ച് അന്വേഷിച്ചു.തന്‍െറ സഹോദരന്‍ മാത്യുവിന്‍െറ നാലുപെണ്‍മക്കളില്‍ മൂത്തവള്‍ നീനയാണതെന്നും, പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ബിരുദത്തോടെ വീട്ടിലെ ബുദ്ധിമുട്ടുകാരണം പഠിത്തം നിറുത്തി ഒരു പ്രെെവറ്റ് സ്ഥാപനത്തില്‍ ജോലിക്കു പോകുകയാണെന്നും താഴെയുള്ള മൂന്നുകുട്ടികള്‍ പഠിക്കുകയാണെന്നും പറഞ്ഞു.24വയസ്സായി നീനക്ക്.വിവാഹാലോചനകള്‍ ധാരാളം വരുന്നുണ്ടെങ്കിലും വരുന്നവര്‍ ചോദിക്കുന്ന പൊന്നും പണവും കൊടുക്കാന്‍ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു സാധാരണ കര്‍ഷകനായ മാത്യുവിനു കഴിഞ്ഞില്ല. അങ്ങനെ വരുന്ന ആലേചനകള്‍ മുടങ്ങി പോകുന്നു.നല്ല വിനയവും സ്നേഹവും ഉള്ളവള്‍ ആയിരുന്നു നീന.കാണാനും സുന്ദരി.പക്ഷേ വരുന്നവര്‍ക്ക് അതൊന്നും അല്ല വേണ്ടിയിരുന്നത്.
ആലീസ് അന്നൊരു പുതിയൊരു തീരുമാനത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.തന്‍െറ മകനു വേണ്ടി നീനയെ വിവാഹം ആലോചിക്കണം.ഇവള്‍ക്ക് അലക്സിനെ മാറ്റിയെടുക്കാന്‍ സാധിക്കും…അന്ന് രാത്രി ആലീസ് ജോസിനോട് ഇതെകുറിച്ച് പറഞ്ഞു. കേട്ടപ്പോള്‍ ജോസിനും താല്പര്യമായി.പണം ഇല്ലെന്ന കുറവല്ലേയുള്ളൂ..അത് നമ്മുക്കു വേണ്ടുവോളം ഉണ്ടല്ലോ… ജോസ് പറഞ്ഞു.
അങ്ങനെ മേഴ്സി വഴി അലക്സിന്‍െറ വിവാഹാലോചന നീനയുടെ വീട്ടിലെത്തി.മേഴ്സി മാത്യുവിനോട് അലക്സിന്‍െറ കുടുംബപശ്ചാത്തലം വിവരിച്ചു.നാലഞ്ചു ബിസിനസ്സ് സ്ഥാപനങ്ങളും എസ്റ്റേറ്റുകളും,വലിയൊരു കൊട്ടാരം പോലുള്ള വീടും കാറുകളും,വീട്ടില്‍ മൂന്നാലു ജോലിക്കാരും അങ്ങനെ എല്ലാം. അവസാനം അലക്സിനെ കുറിച്ചും.അലക്സിനെകുറിച്ചറിഞ്ഞ മാത്യു പറഞ്ഞു…എന്‍െറ മോള്‍ ഒരിക്കലും വിവാഹം കഴിക്കാതെ ഇവിടെ നില്ക്കേണ്ടി വന്നാലും ഇങ്ങനൊരു ബന്ധം അവള്‍ക്കു വേണ്ട.അങ്ങനെ ആ ആലോചന അവിടെ അവസാനിപ്പിച്ചുവെങ്കിലും, ആലീസ് അതില്‍ നിന്നു പിന്‍മാറിയില്ല.അടുത്തൊരു ദിവസം തന്നെ ആലീസ് ജോസിനേയുംക്കൂട്ടി നീനയുടെ വീട്ടിലെത്തി.മാത്യുവിന്‍റടുത്ത് വീണ്ടും വിവാഹാലോചനടത്തി.മാത്യൂ തന്‍െറ നിലപാടില്‍ ഉറച്ചു നിന്നതേയുള്ളൂ..പക്ഷേ..ജോസും ആലീസും മകനുവേണ്ടി എന്തിനും തയ്യാറായിരുന്നു.അവര്‍ പല വാഗ്ദാനങ്ങളും നല്കി.നീനക്ക് താഴെയുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കാമെന്നും വിവാഹപ്രായമാകുമ്പോള്‍ അവരുടെ വിവാഹം നടത്താമെന്നും,അവരുടെ പഴക്കംച്ചെന്ന വീട് പൊളിച്ച് പുതിയത് പണിതുതരാമെന്നും അങ്ങനെ പലതും..അവസാനം മാത്യു പറഞ്ഞു ഞാന്‍ മോളോട് ചോദിക്കട്ടെ……അവള്‍ക്കു താല്പര്യമാണെങ്കില്‍ മാത്രം നമ്മുക്കിത് ആലോചിക്കാം.
അങ്ങനെ നീനയോട് എല്ലാകാര്യങ്ങളും മാത്യു പറഞ്ഞു.എല്ലാം കേട്ടിട്ടവള്‍ പറഞ്ഞു….എനിക്ക് സമ്മതമാണപ്പച്ചാ…..അപ്പച്ചന്‍ അവര്‍ക്ക് വാക്കുകൊടുത്തോളൂ…..വിശ്വാസം വരാതെ മാത്യു മോളെ നോക്കി….അവള്‍ തുടര്‍ന്നു….എന്‍െറ അപ്പച്ചന്‍ ഞങ്ങള്‍ക്കു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നത് ഞാന്‍ ഓര്‍മ്മവച്ച നാള്‍മുതല്‍ കാണുന്നതാ……ഇനിയും അപ്പച്ചന്‍ കഷ്ടപ്പെടുന്ന കാണാന്‍ വയ്യ.ഈ വിവാഹം കൊണ്ട് ഈ കുടുംബവും എന്‍െറ അനിയത്തിമാരും രക്ഷപ്പെടുമെങ്കില്‍ അതില്‍ പരം സന്തോഷം എനിക്കു വേറെയില്ല….അങ്ങനെ ആ വിവാഹം തീരുമാനിക്കപ്പെട്ടു..പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.അടുത്ത ഞായറാഴ്ച പെണ്ണുകാണല്‍ നടന്നു…ഒരു ചങ്ങിനുവേണ്ടി മാത്രം..ഒരു മാസത്തിനുള്ളില്‍ വിവാഹവും.
ഒരു സ്വപ്നലോകത്ത് എത്തിപ്പെട്ട പോലായിരുന്നു നീന.കൊട്ടാരം പോലുള്ള വലിയ വീട്… വീട്ടില്‍ നിറയെ ജോലിക്കാര്‍..മൂന്നാലു കാറുകള്‍…ആ വീട്ടിലെ അടുക്കളയുടെ വലിപ്പം പോലുമില്ലാത്ത തന്‍െറ വീടാണവള്‍ക്ക് ഓര്‍മ്മവന്നത്..ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും എല്ലാം തിരക്കൊഴിഞ്ഞപ്പോള്‍ രാത്രിയായി.ആലീസ് അവളെ മണിയറയില്‍ കൊണ്ടാക്കി..അതിനു മുമ്പ് ആലീസ് അവളോട് പറഞ്ഞു..“മോളെ..അലക്സിനെ കുറിച്ചെല്ലാം മോള്‍ക്കറിയാല്ലോ?അവനെ മോള് വേണം മാറ്റിയെടുക്കാന്‍.. മോള്‍ക്ക് അതിനു കഴിയും…അവള്‍ അതുകേട്ട് മെല്ലെ തലയാട്ടി. അവളും മനസ്സില്‍ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നു.ആ തീരുമാനത്തെ ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചാണവള്‍ മണിയറയില്‍ കയറിയത്……
പക്ഷേ…അവള്‍ മനസ്സില്‍ കരുതിയതിലും ഭീകരമായ ഒരു അവസ്ഥയിലായിരുന്നു അലക്സ്.കുടിച്ച് യാതെൊരു ബോധവുമില്ലാതെ ബഡ്ഡില്‍ കിടക്കുന്ന അലക്സിനെ കണ്ട അവളുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നുപോയി..അവള്‍ മുറിയില്‍ വന്നതൊന്നും അയാള്‍ അറിഞ്ഞില്ല.കുറെ നേരം എന്തുചെയ്യണമെന്നറിയാതെ അവള്‍ നിന്നു.പിന്നെ കട്ടിലിന്‍െറ അരികുപ്പറ്റി അവള്‍ കിടന്നു.അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല.ഒരു പെണ്ണിന്‍െറ ജീവിതത്തിലെ ഏറ്റവുംമനോഹരമായ ഒരു ദിവസം…വിവാഹരാത്രി…ഇങ്ങനെ ഒരവസ്ഥ ഏതെങ്കിലും പെണ്ണിനുണ്ടായി കാണുമോ? അവള്‍ അറിയാതെ മിഴികള്‍ നിറഞ്ഞൊഴകി.കരഞ്ഞുകരഞ്ഞ് തലയണ കുതിര്‍ന്നു…ഇതൊന്നും അറിയാതെ അയാള്‍ അപ്പോഴും ഗാഢനിദ്രയിലായിരുന്നു.
പിന്നീടുള്ള ദിനരാത്രങ്ങള്‍ അവള്‍ക്ക് കണ്ണീരിന്‍േതായിരുന്നു.ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ആയിരുന്നു അലക്സില്‍ നിന്നവള്‍ക്ക് നേരിടേണ്ടി വന്നത്.അതിനിടയില്‍ എപ്പോഴൊക്കെയോ അയാള്‍ അവളെ കീഴ്പ്പെടുത്തിയിരുന്നൂ.അതിനേക്കാളൊക്കെ അവളെ വേദനിപ്പിച്ചത് അന്യസ്‌ത്രീകളുമായി അയാള്‍ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങള്‍ ആയിരുന്നു.ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചതിന് അയാള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു..“എന്‍െറ സ്വാതന്ത്രത്തില്‍ കെെകടത്താന്‍ നീ വരരുത്…ഞാന്‍ എന്‍െറ ഇഷ്ടംപോലെ ജീവിക്കും..എന്നെ ഉപദേശിച്ച് നന്നാക്കാമെന്ന് വല്ല വിചാരമുണ്ടേല്‍ അതിന്നത്തോടെ മാറ്റിയേക്കണം..അയാള്‍ അലറി…,’’,അന്ന്മുഴുവന്‍ കരഞ്ഞുകരഞ്ഞവളുടെ കണ്ണീര്‍ വറ്റി.അന്നവള്‍ ഒരു തീരുമൊനമെടുത്തു.താന്‍ തന്നെ തിരഞ്ഞെടുത്ത ജീവിതമാണിത്.തന്‍െറ കുടുംബത്തിനുവേണ്ടി.അതു കെണ്ട് സഹിക്കുക എല്ലാം.പിന്നീടവള്‍ അയാളുടെ ഒരു കാര്യങ്ങളിലും ഇടപെടാതെ ജീവിച്ചു.തന്‍െറ ഭര്‍ത്താവ് അന്യസ്ത്രീകളുടെ കൂടെയാണെന്നറിഞ്ഞിട്ടും അവള്‍ എല്ലാം നിശബ്ദം സഹിച്ചു.
വര്‍ഷങ്ങള്‍ അഞ്ചു കടന്നുപോയി.അവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു.അവന് മൂന്നു വയസ്സായി.ഒരിക്കല്‍ പോലും അലക്സ് തന്‍െറ കുഞ്ഞിനെ കെെയ്യില്‍ എടുക്കുകയൊ ലാളിക്കുകയോ ചെയ്തിട്ടില്ല.വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരാഴ്ചയൊക്കെ കഴിഞ്ഞാണ് അലക്സ് തിരികെ വരാറ്..അവള്‍ ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല എവിടെയായിരുന്നെന്ന്..അന്നൊരു ശനിയാഴ്ചയായിരുന്നു.അലക്സ് വീട്ടില്‍ നിന്നും പോയിട്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരൂന്നു.അന്ന് ജോസിന് തിരുവനന്തപുരത്തു നിന്ന് ഒരു കോള്‍ വന്നു.തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലില്‍ നിന്നും അലക്സിനെ ഒരു സ്ത്രീയ്ക്കൊപ്പം റെയ്ഡ് ചെയ്തിരിക്കുന്നു.വേഗം അവിടെ എത്തണം.നീനയോട് പറയണമോയെന്ന് ജോസ് ആലോചിച്ചു.ഒരു ഭാര്യക്കും ഇത് സഹിക്കാന്‍ കഴിയില്ല.എങ്കിലും ജോസ് പറയാന്‍ തന്നെ തീരുമാനിച്ചു.കാരണം നീനയെ ജോസിനറിയാമായിരുന്നു. എന്തും നേരിടാനുള്ള കരുത്തവള്‍ക്കുണ്ട്.അയാള്‍ അവളെ വിളിച്ച് കാര്യം പറഞ്ഞു.അതുകേട്ട ആലീസ് കരച്ചില്‍ തുടങ്ങി.പകഷേ..നീനക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.എന്നെങ്കിലും അവള്‍ ഇതു പ്രതീക്ഷിച്ചിരുന്നപോലെ….ജോസ് ഉടനെ വണ്ടിയെടുത്ത് തിരുവനന്തത്തിനു തിരിച്ചു.
അന്ന് പാതിരാവായി ജോസ് അലക്സിനെ ജാമ്യത്തിലെടുത്ത് വീടെത്തുമ്പോള്‍.വാതില്‍ തുറന്നത് നീനയായിരുന്നു.പതിവില്ലാത്തവിധം അലക്സിന്‍െറ മുഖം താഴ്ന്നിരുന്നു.നീനയെ അഭിമുഖികരിക്കാനാവാതെ അയാള്‍ നേരെ മുറിയിലേക്ക് പോയി.പക്ഷേ നീന പതിവുപോലെ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ പിറകെ ചെന്ന് വിളിച്ചു.അച്ചായാ……അയാള്‍ അവളുടെ മുഖത്തു നോക്കാതെ മൂളി….ബാത്ത്റൂമില്‍ വെള്ളംചൂടാക്കി വച്ചിട്ടുണ്ട് പോയി കുളിച്ചിട്ടു വാ….ഞാന്‍ ആഹാരം എടുത്തുവക്കാം…അയാള്‍ ബാത്ത്റൂമില്‍ കയറിയപ്പോള്‍ പതിവുപോലെ തനിക്കുള്ള വെള്ളം ചൂടാക്കി വച്ചിരുന്നു.കുളികഴിഞ്ഞു ഡെെനിങ്ങ് റൂമിലെത്തിയപ്പോള്‍ തനിക്കുള്ള ആഹാരം വിളമ്പി വച്ച് നോക്കിയിരിക്കുകയായിരുന്നു നീന.അയാള്‍ അവളെ നോക്കി.അവള്‍ക്ക് യാതൊരു ഭാവമാറ്റവും ഇല്ല.അവള്‍ സ്നേഹത്തോടെ അയാള്‍ക്ക് ആഹാരം വിളമ്പികൊടുത്തു.അലക്സ് കഴിച്ചെന്നു വരുത്തി എണീറ്റു കെെകഴുകി നേരെ റൂമിലേക്ക് പോയി.
അവള്‍ റൂമിലെത്തുമ്പോള്‍ അയാള്‍ പുറംതിരിഞ്ഞ് കിടക്കുകയായിരുന്നു.പതിവുപോലെ ലെെറ്റണച്ച് കട്ടിലിനരികുപറ്റി അവളും കിടന്നു.അയാള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല.കുറ്റബോധം അയാളെ വല്ലാതെ വേട്ടയാടി..അയാള്‍ ചിന്തിച്ചു..ഒരു ഭാര്യക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല സംഭവിച്ചിരിക്കുന്നത്.എന്നിട്ടും അവള്‍ അതെകുറിച്ച് എന്തെങ്കിലും ചോദിക്കുകയോ തന്നെ കുറ്റപ്പെടുത്തി ഒരു വാക്ക് പറയുകയോ ചെയ്തില്ല..അങ്ങനെ ചെയ്തിരുന്നേല്‍ താനിങ്ങനെ നീറില്ലായിരുന്നു.അവള്‍ ഉറങ്ങികാണുമോ?അയാള്‍ ചിന്തിച്ചു.നീനേ…..അയാള്‍ പതിയെ വിളിച്ചു..അവള്‍ ഉറങ്ങിയിരുന്നില്ല.ആശ്ചര്യത്തോടെയും അതിലേറെ സന്തോഷത്തോടെയും ആണ് അവളതുകേട്ടത്.അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനൊരു വിളി കേള്‍ക്കുന്നത്..എന്തോ… അവള്‍ വിളികേട്ടു.ഇത്ര വലിയൊരു തെറ്റുഞാന്‍ ചെയ്തിട്ടും നീ എന്താ അതെ കുറിച്ച് ഒന്നും ചോദിക്കാത്തത്.അവള്‍ തിരിഞ്ഞ് അയാള്‍ക്കഭിമുഖമായി കിടന്നു.ബെഡ്ഡ്റൂമിലെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതവള്‍ കണ്ടു.അതവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല….അവള്‍ അയാളുടെ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു….എന്‍െറ അച്ചായന്‍െറ സന്തോഷം എന്താണെങ്കിലും അതു ഞാന്‍ ചോദ്യം ചെയ്യില്ല.അച്ചായന്‍ ദാനം തന്ന ജീവിതമാണ് എന്‍േത്..അത് കേട്ടതോടെ അയാളുടെ സകലനിയന്ത്രണവും നഷ്ടപ്പെട്ടു..അയാള്‍ അവളെ തന്നിലേക്ക്ചേര്‍ത്തണച്ചു കൊണ്ട് പറഞ്ഞു.എന്‍െറ ജീവിതത്തില്‍ ഇനി നീയല്ലാതെ മറ്റൊരു പെണ്ണുണ്ടാവില്ല.ഞാനിനി നിനക്കും,നമ്മുടെ മോനും,നമ്മുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കും.നീ എന്‍െറ കണ്ണു തുറപ്പിച്ചു.അതുകേട്ട് അവളയാളെ ഇറുകെ പുണര്‍ന്നു..അന്നു മുതല്‍ അയാള്‍ ഒരു പുതിയ മനുഷ്യനായ് മാറുകയായിരുന്നു.

LikeShow more reactions
RELATED ARTICLES

Most Popular

Recent Comments