Wednesday, November 27, 2024
HomeKeralaനിലമ്പൂർ-നഞ്ചൻകോട് പാത: വെൽഫെയർ പാർട്ടി സായാഹ്ന ധർണ നടത്തി.

നിലമ്പൂർ-നഞ്ചൻകോട് പാത: വെൽഫെയർ പാർട്ടി സായാഹ്ന ധർണ നടത്തി.

നിലമ്പൂർ-നഞ്ചൻകോട് പാത: വെൽഫെയർ പാർട്ടി സായാഹ്ന ധർണ നടത്തി.

റബീ ഹുസൈന്‍.
നിലമ്പൂർ: കേന്ദ്ര കേരള സർക്കാരുകളുടെയും ഭരണചക്രം തിരിക്കുന്ന രാഷ്ട്രീയക്കാരുടെയും അവഗണനക്ക് ഇരയാകേണ്ടി വന്ന മറ്റൊരു പദ്ധതിയാണ് നിലമ്പൂർ – വയനാട് – നഞ്ചൻകോട് റെയിൽപാതയെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ഐ. റഷീദ് പറഞ്ഞു. റെയിൽപാത നടപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്നും പാത യാഥാർഥ്യമാക്കണമെന്നുമാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
1881 മുതൽ പറഞ്ഞ് തുടങ്ങിയ പ്രസ്തുത റെയിൽപാതാ വികസന പദ്ധതി ഒന്നര നൂറ്റാണ്ടായിട്ടും പൂർത്തിയാക്കാൻ ഇച്ചാശക്തിയുള്ള ഒരു സർക്കാരും ഇവിടെയുണ്ടായില്ല. രാഷ്ട്രീയ വടം വലിയിലൂടേയും നാടകം കളിച്ചും ഓരോ തവണ ഓരോ കാരണങ്ങൾ പറഞ്ഞ് പദ്ധതി തടസ്സപ്പെടുത്തി ജനങ്ങളെ വിഡ്ഢികളാക്കാൻ മുന്നണികളും കക്ഷികളും മത്സരിക്കുകയാണ്. പദ്ധതി ആകെ തകിടം മറിഞ്ഞ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
മൊത്തം കേരളത്തിന്റെ യാത്രാ പ്രശ്‌നത്തിന്നും ചരക്ക് നീക്കത്തിന്നും ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് ആരുടെയൊക്കെയോ താൽപര്യങ്ങൾക്ക് മുന്നിൽ താളം തെറ്റിപ്പോയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവടങ്ങളിൽ നിന്ന് ബാഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും മണിക്കൂറുകൾ ലാഭിക്കാവുന്ന നിലമ്പൂർ – വയനാട് – നഞ്ചൻകോട് റെയിൽപാത, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ, അങ്ങാടിപ്പുറം, വള്ളുവനാടിൽപ്പെട്ട ദേശങ്ങൾ, വയനാട് ജില്ലയിലെ പ്രദേശങ്ങൾ എന്നിവർക്കെല്ലാം വികസനത്തിന്റെ വാതായനങ്ങൾ തുറക്കുന്ന റെയിൽപാതയാണ്. ആറായിരം കോടി ചിലവ് വരുന്ന പദ്ധതിക്ക് അനുമതി നൽകി 2016ൽ ഉത്തരവിറങ്ങിയിട്ടും പാത യാഥാർത്ഥ്യമാകാതിരക്കാൻ ആസൂത്രിതമായ ചരടു വലി നടക്കുകയാണ്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയടക്കം അടിസ്ഥാന വികസന രംഗത്തെന്ന പോലെ, യാത്ര റെയിൽ മേഖലയിലും മലപ്പുറത്തിന്നും മലബാറിന്നും ഇത്രയൊക്കെ മതി എന്നതാണ് അധികാരികളുടെ നിലപാട് -അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.  മുനീബ് കാരക്കുന്ന്, ശാക്കിർ ചങ്ങരംകുളം, എ. ഫാറൂഖ്, സുഭദ്ര വണ്ടൂർ, തസ്‌ലിം മമ്പാട്, സലാം കൂറ്റമ്പാറ എന്നിവർ സംസാരിച്ചു.
RELATED ARTICLES

Most Popular

Recent Comments