ദീപ അജയ്.
അകലെ സാഗരത്തിന്റെ അനന്തതയിൽ അലിഞ്ഞുചേരുകയാണ് അസ്തമയ സൂര്യൻ.ഓളങ്ങളിൽ ചെറിയ കറുത്ത വരകൾ പോലെ കാണുന്നുണ്ട് കേവു വള്ളങ്ങൾ .
കാണാക്കയങ്ങളിൽ ജീവിതം തേടിയുള്ള മനുജന്റെ പ്രയാണം. പടവെട്ടുകയാണവർ സാഹചര്യങ്ങളോട്. പട്ടിണിയോട്, പ്രകൃതിയോട്, ഈ ജീവിതത്തോട് തന്നെയും……..
ശൂന്യതയിൽ നിന്നും കണ്ണെടുത്ത് ആകാശ് തൊട്ടപ്പുറത്ത് നിശബ്ദനായിരിക്കുന്ന ആ മനുഷ്യനെ നോക്കി.
അസ്തമനച്ചുവപ്പ് ആ കണ്ണുകളിൽ പ്രതിഭലിക്കുന്നുണ്ട്. വിദൂരതയിൽ മിഴിനട്ട് പരിസരം മറന്നിരിക്കയാണ്..
എന്താവും ചിന്തിക്കുന്നത്?
ഒരു കൂടിക്കാഴ്ചയുടെ സന്തോഷമാകുമൊ?
സ്വതന്ത്രമായ ഈ ലോകത്ത് വിശാലമായ ആകാശത്തിന് കീഴെ തന്റെ സ്വാതന്ത്ര്യം തിരികെ ലഭിച്ച ആശ്വാസമാകുമോ?അതോ നിരാശയോ? ആ ഭാവം വേർതിരിച്ചെടുക്കാനാകുന്നില്ല.
എന്തുമാവാം….. എന്തും…. പാവം എന്റെ അച്ഛൻ!
ഒരു നെടുവീർപ്പ് അയാളിൽനിന്നുതിർന്നു.
നോക്കിയിരിക്കെ, താനൊരു അഞ്ചു വയസുകാരനാകുന്നതും, ഓടി ചെന്ന് ആവേശത്തോടെയാ കൈകളിലേക്ക് ചാടിക്കയറിയിരുന്ന് സ്നേഹത്തോടെ ആ മുഖം തന്റെ മുഖത്തേക്ക് വലിച്ചടുപ്പിച്ച് മുഖം നിറയെ ഉമ്മകൊണ്ട് പൊതിയുകയും ചെയ്യുന്നതു പോലെ …
ഒരു വേള ,കട്ടി മീശ തന്റെ മുഖത്തു രസിയ പോലെ തോന്നി അയാൾക്ക്.
ഉള്ളിലൊരു തേങ്ങൽ ശ്വാസം മുട്ടിപ്പിടയുകയാണ്. ഒന്നു പൊട്ടിക്കരയുവാൻ കഴിഞ്ഞെങ്കിൽ……
ഹൃദയത്തിന്റെ ക്യാൻവാസിൽ തൂക്കിയിട്ടിട്ടുണ്ടൊരു ചിത്രം.
യൂണിഫോമണിഞ്ഞ് തലയിൽ വെള്ളതൊപ്പി വച്ച് ഗാംഭീര്യത്തോടെ, തിളങ്ങുന്ന പ്രകാശം സ്പുരിക്കുന്ന കണ്ണുകളോടെ ചിരിച്ചു നിൽക്കുന്നൊരു ചിത്രം. അതായിരുന്നു ഉൾക്കണ്ണിൽ നിറഞ്ഞു നിൽക്കുന്ന അച്ഛൻ.
തറവാട്ടിലെ പൂമുഖത്ത് ചില്ലിട്ട് തൂക്കിയ ചിത്രം.തന്റെ മേശവലിപ്പിനുള്ളിലെ പഴയ ഡയറിത്താളിലും ഉണ്ട് ഒരു ചിത്രം.
നിറചിരിയുമായി ചിരിച്ചു നിൽക്കുന്ന അമ്മയുടെ തോളിൽ കൈയ്യിട്ട് ചേർത്തുപിടിച്ചുനിൽക്കുന്ന സുന്ദരനായ അച്ഛൻ. അവരുടെ ഇരുവരുടെയും കൈകളിൽ തൂങ്ങി ഒരഞ്ചു വയസുകാരൻ. അവന്റെ കുഞ്ഞു കണ്ണിലെ പ്രകാശം!
ഹൊ! ഒരിക്കലും മോചനം ലഭിക്കാത്ത ഓർമകൾ.
അയാൾ തല കുടഞ്ഞു.
അച്ഛന്റെ മുഖം ഇപ്പോ വ്യക്തമല്ല.
‘വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യൻ പൂർണ്ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങിയിരിക്കുന്നു ‘
എങ്കിലും ആ മുഖത്തെ ഭാവം വേർതിരിച്ചറിയാൻ കഴിയുന്നു.
അലറിയടിക്കുന്ന തിരമാലകൾ പോലെ പ്രക്ഷുബ്ധമാണാ മനസ്സ്. ചലനശേഷിയില്ലാത്ത ആ വലംകൈ,
തന്നെയും അമ്മയേയും ചേർത്തു പിടിച്ചിരുന്ന ആ വലം കൈ സ്വന്തം നെഞ്ചോട് ചേർത്ത് ചുരുട്ടിപ്പിടിച്ചിട്ടുണ്ട്.
മെല്ലിച്ച, ദേഹം.
കുഴിഞ്ഞ് താണ് തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ.
പുരികങ്ങൾ പോലും നരച്ചുപോയ, കൂനിക്കൂടിയിരിക്കുന്ന ആ പ്രാകൃത രൂപത്തിലേക്ക് മിഴിയൂന്നിയിരിക്കെ, ഓർമത്താളുകളിൽ ഏതോ മുൻ ജൻമത്തിലെന്ന പോലെ മുന്നിൽ വന്നുനിന്ന് കോമരം തുള്ളുകയാണ് കുറേ നിഴലുകൾ…….
സ്കൂളിലെ ആഡിറ്റോറിയത്തിലെ ഉയർന്ന പ്ലാറ്റ് ഫോമിൽ തലയുയർത്തി നിൽക്കുകയാണ് ഒരഞ്ചു വയസുകാരൻ.
ഇരു കൈകളും ഷോട്സിന്റെ പോക്കറ്റുകളിൽ ചെരുകി അഭിമാനത്തോടെ……
തനിക്ക് ചുറ്റും നിന്ന് ആരാധനയോടെ തന്നെ ഉറ്റുനോക്കുന്ന അധ്യാപക വലയം. അൽഭുതം കൂറി തെല്ലസൂയയോടെ വീക്ഷിക്കുന്ന സഹപാഠികൾ.
പ്രൗഡമായശബ്ദത്തിൽ മൈക്കിലൂടെ മുഴങ്ങുന്നു പ്രിൻസി മാഡത്തിന്റെ ശബ്ദം!
” അപ്പോൾ നമുക്ക് ‘ആകാശ് മോഹനെ ‘ അഭിമാനത്തോടെ യാത്രയാക്കാം. ദേശസ്നേഹിയായ ‘ക്യാപ്റ്റൻ വിനയ് മോഹന്റെ ‘മരണാനന്തര ബഹുമതിയായ പ്രശസ്തിപത്രവും, പരംവീർചക്രയും ഏറ്റുവാങ്ങാൻ നാളെ ആകാശും അമ്മയും ഡൽഹിയിലേക്ക് പുറപ്പെടുകയാണ്.”
പ്രസംഗം തുടരുകയാണ്……
പിന്നെ അച്ഛനെക്കുറിച്ച് കേട്ട അഭിമാനം നിറഞ്ഞ വാക്കുകൾ…
ദേശത്തിന് വേണ്ടി അച്ഛൻ ചെയ്ത സേവനങ്ങൾ…….
അതിർത്തിയിലെ പരിശീലന പറക്കലിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കത്തിവീണ ഹെലിക്കോപ്റ്ററും, ചിതറിത്തെറിച്ച ശരീരഭാഗങ്ങളും…..
ഒരഞ്ചു വയസുകാരന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ മാത്രം കേട്ടു .ഉൾക്കൊണ്ടു.
എങ്കിലും ആരൊക്കെയോ അടക്കിപ്പിടിച്ച് പറയുന്നുണ്ടായിരുന്നു
” പാവം കൊച്ച്.അച്ഛനെ ഒന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ ”
” കൊടുംകാട്ടിൽ മൃഗങ്ങൾക്ക് ആഹാരമാകാനായിരുന്നല്ലോ ഈശ്വരാ വിധി!”
പിന്നിട്ട പാതയിലെപ്പോഴൊക്കെയോ ആ ശബ്ദശകലങ്ങൾ കാതിനരികിൽ ആവർത്തിക്കുന്നതായും ഉറക്കം നഷ്ടപ്പെട്ട് എത്രയോ രാവുകൾ ഞെട്ടിക്കരയുകയും ചെയ്തിട്ടുണ്ട്.?..
അന്ന് ഡൽഹിയിൽ വച്ച് അമ്മയോടൊപ്പം പ്രശസ്തിപത്രവും, വലിയൊരു തുകയുടെ ചെക്കും ഏറ്റുവാങ്ങി…
നാട്ടിലെത്തിയപ്പോൾ അവിടെ വൻപിച്ച ജനാവലി’ തങ്ങളെ കാത്ത് നിന്നിരുന്നു.
മുഖ്യമന്ത്രിയും നേതാക്കളും തങ്ങളെ കാണാനെത്തി. ഏതൊക്കെയോ അപരിചിതരുടെ കൈകളാൽ ഞാൻ കൈമാറ്റം ചെയ്യപ്പെട്ടു.ആരോക്കെയോ അടുത്തു വിളിച്ച് ലാളിച്ചു. “അമ്മക്ക് ഇനി മോനേയുള്ളു നോക്കിക്കോണം” എന്ന് ഉപദേശിച്ചു. മടങ്ങുന്ന സമയം അവരമ്മയ്ക്ക് നല്ലൊരു ജോലിയും വാഗ്ദാനം ചെയ്തു.
തന്റെ ജീവിതത്തിൽ നിന്നും അമ്മയെ പറിച്ചെടുക്കപ്പെട്ട ആദ്യപടിയായിരുന്നു ആ തീരുമാനം!!
ദിവസങ്ങൾ കൊഴിഞ്ഞു പോകവേ, അമ്മ ജോലിക്ക് പോയിത്തുടങ്ങി. താൻ പുതിയ സ്കൂളിലേയ്ക്കും….
കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഇല്ലല്ലോ. മറവി എല്ലാരുടേയും മനസ്സുകളിൽ കൂടുകൂട്ടിത്തുടങ്ങി……
അമ്മയുടെ മുഖത്ത് പതിയെ പഴയ ചിരിയും, സന്തോഷവും മടങ്ങി വരുന്നതും അമ്മ പണ്ടത്തെപ്പോലെ കണ്ണാടിക്ക് മുന്നിൽ കൂടുതൽ സമയം ചിലവാക്കാനും തുടങ്ങിയത് കൗതുകത്തോടെയാണ് കണ്ട് നിന്നത്.
തനിക്കപരിചിതമായിരുന്നു ആ മാറ്റം.
ഒടുവിലൊരു ദിനം തല നിറയെ പൂ ചൂടി മണവാട്ടിയെപ്പോലെ ഒരുങ്ങി അപരിചിതനായൊരു മനുഷ്യന്റെ കൈ പിടിച്ച് തന്നെ ഒന്നു തിരിഞ്ഞ് പോലും നോക്കാതെ അമ്മ പടികടന്നു പോയി.
അന്ന് അമ്മമ്മ തന്നെ അടുത്ത് വിളിച്ച് കവിളിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു.
“മോൻ അമ്മയെ ശപിക്കരുതു ട്ടൊ.
അമ്മേടത്രേം വലുതാകുമ്പോ മോനമ്മയെ മനസ്സിലാവും”
അമ്മയെക്കാണാതെ, അമ്മയുടെ മണമില്ലാതെ കരഞ്ഞുറങ്ങിയ രാത്രികൾ…….
അച്ഛന്റെ ചിതറിയ ശരീരം കാട്ടുനായകൾ കടിച്ചു കുടയുന്ന സ്വപ്നം കണ്ട് ത്തെട്ടിയുണർന്ന രാവുകൾ……..
വീണ്ടും പറിച്ചു നടപ്പെട്ടു. അച്ഛന്റെ വീട്ടിലേക്ക്.അച്ഛമ്മയുടെ മടിത്തട്ടിലേക്ക്.
സ്നേഹത്തിന്റെ നിറകുടമായ അച്ചമ്മ!! ഒരേയൊരു മകന്റെ നഷ്ടം അച്ചമ്മയെ വല്ലാതെ തളർത്തിയിരുന്നു….
റിട്ടയേർഡ് അധ്യാപികയായിരുന്നു അച്ഛന്റെ അമ്മ.. ഒരു വലിയ തറവാട്ടിൽ ഒറ്റയ്ക്ക് താമസം. കൂട്ടിന് കുറേ പുസ്തകങ്ങളും.
അച്ചമ്മക്ക് ഒരു ആശ്വാസത്തണലായിരുന്നു താൻ..
അച്ഛന്റെ ബാല്യം അവരെന്നിലൂടെ വീണ്ടുമറിഞ്ഞു….
ഞെട്ടിയുണർന്നു കരഞ്ഞ രാത്രികളിൽ അച്ഛമ്മയുടെ നെഞ്ചിലെ ചൂട് ആശ്വാസമായി…..
അച്ഛന്റെ ബാല്യവും, കൗമാരവും,കുസൃതികളും, കുരുത്തക്കേടുകളും സാഹസികതകളും
അറിയാതെ അച്ഛനോടൊരാരാധന വളർത്തി…..
ജോലി കിട്ടിയതും, അമ്മയെ പ്രണയിച്ചതും…. ദൂരെ താമസമാക്കിയതും പറയുമ്പോ അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകും……..
പാവം അച്ഛമ്മ! അന്നൊക്കെ മനസ്സിന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ ഒരു സംശയം ഉണ്ടായിരുന്നു.
അപ്പൂപ്പൻ മരിച്ചിട്ടും അച്ഛന് വേണ്ടി അച്ഛമ്മ ജീവിച്ചല്ലൊ. പിന്നെന്തേ എന്നെ എന്റെമ്മക്ക് വേണ്ടാത്തെ?
ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം!!
പെട്ടന്ന്! ആകാശിനെ ഞെട്ടിച്ചു കൊണ്ട് പോക്കറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചു.
ഡിസ്പ്ലേയിൽ ‘അവനി’യുടെ മുഖം!
അച്ഛമ്മയുടെ മരണശേഷം തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.
അവനിയുടെ ഫാമിലി മലേഷ്യയിൽ സെറ്റിൽഡാണ്. ബാംഗ്ലൂരിലെ പഠനകാലത്ത് ഉണ്ടായ അടുപ്പം. അത് പ്രണയമായി മാറി.അധികം താമസിയാതെ വിവാഹവും ഉണ്ടാവും.
അതിന് മുൻപ് തനിക്കൊരു നല്ല ജോലി നേടണം. അവനിയുടെ ഡാഡിയുടെ സ്റ്റാറ്റസിന് തുല്യമായത്.
മലേഷ്യയിലെ ഒരു വമ്പൻ കമ്പനിയിൽ
മറ്റന്നാൾ ഇന്റർവ്യൂ ആണ്.
അത് തനിക്ക് തന്നെ ലഭിക്കും ഉറപ്പാണ്.
തന്റെ കരിയർ, അവനിയോടൊപ്പമുള്ള ജീവിതം എല്ലാം ഈ ജോബിനെ ആശ്രയിച്ചിരിക്കും. അറിയാം.
പക്ഷെ വല്ലാത്തൊരു പ്രതിസന്ധിയിലാണല്ലോ ഈശ്വരാ തന്നെ കൊണ്ടെത്തിച്ചിരിക്കുന്നത് …..
ഫോൺ നിർത്താതെ ബെല്ലടിക്കുകയാണ്……..
ആകാശ് ഫോൺ എടുത്തു.
മറുവശത്ത് ഉൽക്കണ്ഠയുടെ ശബ്ദം! അവനി…. !!
” ആകാശ് നീയെന്താ ഫോണെടുക്കാത്തെ? ഞാൻ ഭയന്നു പോയി. എന്തായി കാര്യങ്ങൾ? കണ്ടൊ അച്ഛനെ? നിന്റെ ഒപ്പമുണ്ടോ ആൾ?”
“അത്….. അവനീ…., അച്ഛൻ എന്നോടൊപ്പമുണ്ട്.ഞങ്ങൾ നാട്ടിലെത്തി….അച്ഛനോട് ഞാനൊന്നും പറഞ്ഞിട്ടില്ലാ. അമ്മയുടെ കാര്യം പോലും. ഒന്നും ഉൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥയിലല്ലാ അച്ഛൻ.ഞാനെന്തു ചെയ്യാനാണ്? ഒരു പിടിയും കിട്ടുന്നില്ലാ”
പരമാവധി ശബ്ദം അടക്കിയാണ് അയാൾ സംസാരിച്ചത്.
” ആകാശ്….. എന്തായിത്?
ബീ പ്രാക്റ്റിക്കൽ…. നിനക്കിനി ഇതു പോലൊരു ചാൻസ് കിട്ടില്ലാ. അത് കളയരുത്. പ്ലീസ്.എനിക്ക് നിന്നെ നഷ്ടപ്പെടരുത്….. നിന്റെ കരിയർ നശിപ്പിക്കരുത്…”
ഒരു വർഷത്തെ കാര്യമല്ലേ ഉള്ളൂ ആകാശ്…. അത് വരെ അച്ഛനെ ഞാൻ പറഞ്ഞ പുവർ ഹോമിൽ ആക്കാം. നല്ലൊരു തുക നമുക്കവിടെഏൽപ്പിക്കാം, നിന്റെ ട്രെയിനിങ്ങ് പീരിഡ് കഴിഞ്ഞാലുടൻ നമുക്കചഛനെ ഇങ്ങോട്ട് കൊണ്ട് പോരാം…..
കാര്യം മനസ്സിലാക്കൂ ആകാശ് പ്ലീ…… സ്”
അവളെ തുടരാൻ അനുവദിക്കാതെ അയാളാ ഫോൺ കട്ട് ചെയ്തു.
,ശാന്തമായി ഒഴുകിയിരുന്ന തിരമാലകൾ പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചു കൊണ്ടിരുന്നു.അതു പോലെ അയാളുടെ മനസ്സും’
രണ്ട് ദിവസം മുമ്പായിരുന്നു അയാളുടെ അഡ്രസ്സിൽ ഒരു ലറ്റർ വന്നത്. പഴയ അഡ്രസിൽ എവിടൊക്കെയോ ചുറ്റിക്കറങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞ് ഒടുവിൽ ആ കത്ത് മേൽവിലാസക്കാരന്റെ അടുത്തെത്തിയതായിരുന്നു.
അത് ഇന്ത്യൻ എയർഫോഴ്സിന്റെ ഒരറിയിപ്പായിരുന്നു.!!
‘മരണപ്പെട്ടു’ എന്ന് കരുതിയിരുന്ന ‘ക്യാപ്റ്റൻ വിനയ് മോഹനെ ‘നീണ്ട 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്രേ!
ശത്രുസൈന്യത്തിന്റെ പാളയത്തിൽ യുദ്ധത്തടവുകാരനായിരുന്നു ഇക്കാലമത്രയും ‘ ഇന്ത്യൻ സൈന്യം അദ് ദേഹത്തെ വീണ്ടെടുക്കുകയായിരുന്നു.
സന്തോഷമാണോ സങ്കടമാണോ മാനസികാവസ്ഥ വേർതിരിച്ചറിയാനായില്ലാ. പിന്നെ അമാന്തിച്ചില്ല.ഉടൻ പുറപ്പെട്ടു.
ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ മനസ്സിൽ നിറയെ ഡൽഹിയിലെ ഫ്ലാറ്റിൽ അച്ഛനും അമ്മയുമൊപ്പം കഴിഞ്ഞ ആ സുവർണ്ണകാലമായിരുന്നു.
ഇരു കൈകളിലും തന്നെ കോരിയെടുത്തു വട്ടംചുറ്റിക്കുന്ന അച്ഛൻ…….
ആകാശത്തോടും ജോലിയോടും ഉള്ള ഇഷ്ടം കാരണം തനിക്ക് ‘ആകാശ്’ എന്ന് പേരിട്ട അച്ഛൻ…..
ഡൽഹിയിൽ എയർ ഫോഴ്സ് കമാന്റിങ്ങ് ഓഫീസർ ടെ ക്യാബിനിൽ ചെന്നു കയറുമ്പോൾ മുന്നിൽ കൂനിക്കൂടിയിരിക്കുന്നു ആ രൂപം!
ഞെട്ടിപ്പോയി. …. മനസ്സിലുണ്ടായിരുന്ന മനോഹര രൂപത്തിന്റെ പ്രേതമായിരുന്നു അത്.
അച്ഛനെ ഏറ്റുവാങ്ങി അവർ പറഞ്ഞ പേപ്പറിലൊക്കെ ഒപ്പിട്ട് കൊടുത്തു.
മടക്കയാത്രക്ക് മുമ്പ് മലയാളിയായ സൈനികൻ ‘മാധവൻസർ ‘ ആണ് കൂടുതൽ വിവരങ്ങൾ തന്നത്.
ഒരു സാധാരണക്കാരന് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം കൊടിയ പീഡനങ്ങളാണ് അച്ഛൻ ഏറ്റുവാങ്ങിയത്.
കാട്ടിൽ തകർന്ന് വീണ ഹെലിക്കോപ്റ്ററിൽ നിന്നും താനെങ്ങനെ ശത്രു പാളയത്തിലെത്തിയെന്നോ ,എത്ര വർഷം താനാ നരകത്തിൽ കിടന്നു വെന്നോ, തന്റെ പേരെന്താണെന്നോ പോലും അദ് ദേഹത്തിന് ഓർമ്മയില്ലായിരുന്നു.
ഒടുവിൽ അബോധാവസ്ഥയിൽ ഏതോ മാനസിക രോഗാശുപത്രിയിൽ നിന്നുമാണ് പ്രാകൃതമായ ആ രൂപം ഏതോ പത്ര റിപ്പോർട്ടർ കണ്ടെത്തുന്നതും, പുറം ലോകമറിയുന്നതും.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഡിഫൻസ് മിനിസ്റ്റർ നേരിട്ടിടപെട്ടു.
ആഭ്യന്തര കാര്യാലയം സത്വരനടപടികൾ സ്വീകരിക്കുകയും അച്ഛനെ മോചിപ്പിക്കുകയും ചെയ്തു.
ഒന്നിനോടും പ്രതികരിക്കാതെ പ്രാകൃതമായിരുന്നത്രേ രൂപം.ശരീരത്തിന്റെ ഒരു ഭാഗം ഭാഗികമായി തളർന്ന അവസ്ഥ.വിരളുകളിൽ ഒന്നിൽപ്പോലും നഖങ്ങൾ ഉണ്ടായിരുന്നില്ലാ. ദേഹം മുഴുവൻ വൃണങ്ങൾ ഉണങ്ങിയവടുക്കൾ, ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയിരുന്നു.
ഓരോ മുറിവും അദ്ദേഹം അനുഭവിച്ച യാതനകളും പീഡനങ്ങളും വിളിച്ചു പറഞ്ഞു.
എല്ലാം ഒരു ഹൊറർ സിനിമ കാണുന്ന പോലെ കേട്ടിരുന്നു.
“എന്നിട്ട്………. അച്ഛന്റെ യാ യാതനയുടെ വില താനും അമ്മയും തലയുയർത്തി നിന്ന് വാങ്ങി……… പുതിയ ജീവിതസുഖങ്ങൾ ഞങ്ങൾ അനുഭവിക്കുമ്പോ എന്റെ അച്ഛനാ നരകത്തീയിൽ പൊരിയുകയായിരുന്നു………. ഒന്നും…. ഒന്നും അറിഞ്ഞില്ലല്ലോ അച്ഛാ ”
അസഹ്യമായ വേദനയിൽ നെഞ്ചു തിരുമ്മിപ്പോയി താൻ.
“മിസ്റ്റർ വിനയ്………. ദേ നിങ്ങളുടെ മകൻ ആകാശ്. നിങ്ങളെ കൊണ്ടു പോകാൻ വന്നിരിക്കുന്നു. പോകണ്ടേ വീട്ടിൽ?”മാധവൻ സാർ ചോദിക്കുകയാണ്.
” പോണ്ടെ………. വീട്ടിൽ?”
മുന്നിലിരുന്ന രൂപം പെട്ടന്ന് മുഖമുയർത്തി.! ചുറ്റും പകച്ചു നോക്കി.
തന്റെ നേരെ നോക്കിയതേയില്ല.
ഒരു പക്ഷെ, ആ പഴയ അഞ്ചു വയസ്സുകാരനെയാവും ആ മനുഷ്യൻ പ്രതീക്ഷിച്ചു കാണുക.
പിന്നെ മാധവൻ സാറിനെ നോക്കി ചോദിച്ചു.
“എന്റെ…………… മോൻ?.?? എന്റെ…… രഞ്ചു ??……….. എ….വി….ടാ…??”
ഒന്നു ഞെട്ടിയൊ താൻ?… രഞ്ചു….?
അമ്മയെയാണ് അച്ഛൻ അന്നേഷിക്കുന്നത്. എന്ത് പറയും താൻ?
ഓർമയുടെ ഓളപ്പരപ്പിൽ എവിടെയൊക്കെയോ അടിഞ്ഞുകിടപ്പുണ്ട് താനും….. അമ്മയും.
എന്ത് പറയണമെന്നറിയാതെ പകച്ചു നിൽക്കുമ്പോ മാധവൻ സാർ തിരിഞ്ഞ് തന്നോടായി ചോദിച്ചു.
” ബൈ ദ ബൈ എവിടെ അമ്മ “?
” അമ്മാ ?അമ്മ മരിച്ചു പോയി. “തന്റെ ശബ്ദം വല്ലാതെ കല്ലിച്ചുപോയെന്നു തോന്നി.
“ഓ! സോറിഡിയർ…… സോ സാഡ്. ”
അത് കേട്ടിട്ടാവണം അച്ഛൻ ചാടിയെണീറ്റു.
” പോണം…… എനിക്ക് പോണം…… ന്റരഞ്ചു……. രഞ്ചൂന്റെടുത്ത് പോണം.”
ബോധത്തിന്റെയും അബോധത്തിന്റെയും ഇടയ്ക്ക് എന്തൊക്കെയോ പുലമ്പുന്ന അച്ഛനോട് എന്ത് പറയണമെന്നറിയാതെ നിന്നു.
അങ്ങനെയാണ്എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായ മനസ്സുമായി ഈ കടൽത്തീരത്തേക്ക് വന്നത്.
പോക്കറ്റിൽ വീണ്ടും മൊബൈൽ ശബ്ദം.
അവനിയാണ്…………. തന്നെ നഷ്ടപ്പെടും എന്ന ഭീതിയിലാണവൾ.
ഒരു ഭാഗത്ത് ജീവിതകാലം മുഴുവൻ നരകതുല്യമായ ജീവിതം തകർത്ത മനസ്സുമായി അച്ഛൻ!
മറുഭാഗത്ത് – തന്റെ ജീവിതം, കരിയർ.. തന്റെ പ്രീയപ്പെട്ടവൾ!
ഏതാ സ്വീകരിക്കേണ്ടത്?ഏതാ തള്ളേണ്ടത് ?
എന്തായാലും ശരണാലയത്തിൽ ഉപേക്ഷിക്കുവാനോ, അവിടെക്കിടന്ന് നരകിച്ചു മരിക്കാൻ അച്ഛനെ വിട്ടു കൊടുക്കാനോ അയാൾക്ക് മനസ്സ് വന്നില്ലാ……..
പിന്നെ ഒരു നീണ്ട നെടുവീർപ്പിന് ശേഷം അയാൾ നനഞ്ഞ മണ്ണിൽ പതിഞ്ഞിരുന്ന ആശുഷ്കിച്ച കൈപ്പത്തിയിൽ കൈത്തലം അമർത്തി. ആ വിരലുകളിൽ വിരൽ കൊരുത്തു
“അച്ഛാ വരൂ പോകണ്ടെ നമുക്ക്?”
നിഴൽ രൂപം തിരിഞ്ഞ് അയാളെ നോക്കി.
ഇപ്രാവശ്യം വ്യക്തമായി അയാൾ കണ്ടു.
ഇരുളിലും ആ കണ്ണുകൾ തിളങ്ങുന്നത്.
ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നത്…..
അച്ഛന്റെ കൈപിടിച്ച്, മണ്ണിൽപുതഞ്ഞു പോകുന്ന കാലുകൾ വലിച്ചെടുത്ത് ആ ദേഹത്തോട് ചേർത്ത് പിടിച്ച് തൊട്ടപ്പുറത്ത് കിടക്കുന്ന കാറിനരികിലേക്ക് നടക്കുമ്പോൾ
അക്ഷമയോടെ തന്റെ പോക്കറ്റിൽ കിടന്ന് ശബ്ദിക്കുന്ന ഫോൺ ബെൽ അയാൾ കേട്ടില്ലന്ന് നടിച്ചു.
…………….. ദീപ അജയ്.