ഷെരീഫ് ഇബ്രാഹിം.
അല്പം പോലും വിശ്രമമില്ലാതെ ഞാൻ പണിയെടുക്കുകയാണ്. ഒരു പഞ്ചായത്ത് അപ്പർ ഡിവിഷൻ ക്ലാർക്കിന് അതൊക്കെയല്ലേ ഗതി. മേൽഉദ്യോഗസ്ഥന്മാർക്ക് പണി ഏൽപ്പിച്ചാൽ കഴിഞ്ഞു. അവരെയും കുറ്റം പറയാൻ പറ്റില്ല. സാമ്പത്തീകവർഷത്തിന്റെ അവസാനമാണല്ലോ മാർച്ച്. അപ്പോഴാണ് ഒരു സ്ത്രീ എന്റെ കയ്യിൽ ഒരു ലറ്റർ തന്നത്. അവരെ ഈ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം ആയി എന്നുള്ള ലറ്റർ ആയിരുന്നത്. ആ സ്ത്രീയുടെ മുഖത്ത് പോലും നോക്കാതെ ഞാൻ സെക്രട്ടറിയുടെ അടുത്ത് കൊടുക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ വീണ്ടും എന്റെ അടുത്ത് വന്നു. ഞാനപ്പോൾ അവരെ മുഖമുയർത്തി നോക്കി.
‘സാറേ സാറിന്റെ അടുത്തുള്ള കസേരയിൽ ഇരിക്കാനും എന്തെങ്കിലും സംശയമുണ്ടെങ്കിൽ സാറിനോട് ചോദിക്കാനാണ് സെക്രട്ടറി പറഞ്ഞത്’. അവർ മുഖവുര കൂടാതെ പറഞ്ഞു. അടുത്തുള്ള കസേരയില്‍ അവരോടു ഇരിക്കാന്‍ പറഞ്ഞു. കുറച്ചു ഫയലുകള്‍ അത് ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു. എനിക്ക് കൂടുതൽ സംസാരിക്കാൻ ഇഷ്ടം തോന്നിയില്ല, കാരണം ഞാൻ പണിയുടെ തിരക്കിലായിരുന്നു. എങ്കിലും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മടി കൂടാതെ മറുപടി കൊടുക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ അവരോട് എനിക്ക് തോന്നിയ ഇഷ്ടക്കേട് കുറഞ്ഞു. പാവം എന്നെപ്പോലെ കഷ്ടപ്പെട്ട വീട്ടിൽ നിന്നായിരിക്കും. ഒരു ജോലി കിട്ടാൻ എത്ര കണ്ടു ആഗ്രഹിച്ചിട്ടുണ്ടാവാം. ജോലി കിട്ടി കഴിഞ്ഞാൽ വന്ന വഴി മറക്കുന്ന ആളല്ല ഞാൻ. പെൻഷൻ പറ്റിയാലും ജനങ്ങൾ എന്നെ സ്നേഹിക്കണമെന്നാണ് എന്റെ ആഗ്രഹം. ഉച്ചയൂണിന് ഞാൻ എഴുന്നേറ്റപ്പോൾ അവർ എന്നോട് അനുവാദം ചോദിച്ചു ഊണ് കഴിക്കാൻ പോയി.
കൈ കഴുകി കൊണ്ടിരിക്കുമ്പോൾ ആ സ്ത്രീ എന്നോട് അവരുടെ പേര് പറഞ്ഞിട്ട് ഞാന്‍ ചോദിക്കാതെ തന്നെ അവരുടെ വിഷമങ്ങള്‍ പറഞ്ഞു. എനിക്കത് കേട്ടപ്പോള്‍ അവരോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.
ദിവസങ്ങള്‍ കഴിയുന്തോറും ആ സ്ത്രീ ജോലിയിലും മറ്റുള്ളവരോട് പെരുമാറുന്ന കാര്യത്തിലും നല്ലവരാണെന്നു മനസ്സിലായി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം കൂടെ മനസ്സിലായി. എത്ര ജോലി ഭാരം ഉണ്ടെങ്കിലും ഒരു ഇഷ്ടക്കേടും കാണിക്കാതെ ജോലികളെല്ലാം ചെയ്ത് തീര്‍ക്കും.
‘സാറിന്റെ ഭാര്യയെ ഇത് വരെ കണ്ടില്ലല്ല്ലോ? എനിക്ക് കാണാന്‍ ആഗ്രഹമുണ്ട്’. ഒരു ദിവസം ആ സ്ത്രീ എന്നോട് ചോദിച്ചു.
‘ഓ. അവരെ കാണാന്‍ കഴിയില്ല?’ ഞാന്‍ മറുപടി കൊടുത്തു.
‘അയ്യോ എന്ത് പറ്റി സാറേ? വല്ല അസുഖവും മറ്റോ ആണോ?’ അവര്‍ ആകാംക്ഷയോടെ ചോദിച്ചു.
‘ഏയ്. അതൊന്നുമല്ല. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല’.
അവര്‍ വായപൊത്തിപ്പിടിച്ചു ചിരിക്കാന്‍ തുടങ്ങി.
സാര്‍ ഇങ്ങിനെ തമാശകള്‍ പറയുന്ന ആളാണോ എന്നവര്‍ ചോദിച്ചപ്പോള് ആ ചോദ്യം ശെരിയാണല്ലോ എന്നാലോചിച്ചു.
കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ അടുത്തു. അതിനു പ്രേമമെന്ന് പറയാന്‍ പറ്റാത്ത ഒരടുപ്പം. പിന്നീടത് അവരെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നായി.
ഒരു ദിവസം ഞാന്‍ അവരോടു വിഷയം തുറന്ന് പറഞ്ഞു.
‘എനിക്ക് നിങ്ങളെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇഷ്ടമില്ലെങ്കില്‍ വേണ്ട. ഇഷ്ടം ഇല്ല എന്ന് പറഞ്ഞാലും എനിക്ക് വിരോധവുമില്ല’.
‘എനിക്കത് നൂറു വട്ടം ഇഷ്ടമാണ് സാറേ.. പക്ഷെ….’ അവര്‍ മുഴുമിപ്പിക്കാതെ പറഞ്ഞു നിറുത്തി.
‘എനിക്ക് മനസ്സിലായി.. നമ്മള്‍ രണ്ടു മതക്കാരാണ് എന്നതല്ലേ? അതിനു ഞാന്‍ നിങ്ങളുടെ മതത്തിലേക്ക് വരാം. അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ?’
‘സാറ് ഞങ്ങളുടെ മതത്തിലേക്ക് വരുന്നത് ഞങ്ങളുടെ മതത്തോടുള്ള ഇഷ്ടം കൊണ്ടല്ലല്ലോ? എന്നെ വിവാഹം കഴിക്കാന്‍ വേണ്ടിയല്ലേ? എന്നെ വിവാഹം കഴിക്കില്ലെങ്കില്‍ ഞങ്ങളുടെ മതത്തില്‍ വരില്ലല്ലോ? അതായത് ഞങ്ങളുടെ മതത്തോടുള്ള ഇഷ്ടം കൊണ്ടല്ല സാര്‍ മതം മാറുന്നത് അല്ലെ?’. അവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞത് സത്യമായിരുന്നു.
‘എന്തായാലും സാര്‍ ഞങ്ങളുടെ മതത്തിലേക്ക് വരണ്ട. ഞാന്‍ സാറിന്റെ മതത്തിലേക്ക് വരാം’.
അവര്‍ പറഞ്ഞു നിറുത്തി. പിന്നെ ആ വിഷയം ഞങ്ങള്‍ ആവര്‍ത്തിച്ചില്ല.
നാല് മാസം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വയനാട് ജില്ലയിലെക്ക് സ്ഥലം മാറ്റം ആയി. എനിക്ക് കൊല്ലം ജില്ലയിലേക്കും. എന്താ ചെയ്യുക? അങ്ങിനെ ഞങ്ങള്‍ തൃശ്ശൂര്‍ വിട്ടു.
മൊബൈല്‍ ഒന്നും ഇല്ലാത്ത കാലമായത് കൊണ്ട് വല്ലപ്പോഴും അവര്‍ ബൂത്തില്‍ നിന്ന് എന്നെ വിളിക്കും. ആ വിളിക്കായി ഞാന്‍ കാതോര്‍ത്തിരിക്കും.
‘ഒരു സന്തോഷവാര്‍ത്ത പറയാനാണ് സാറേ ഞാന്‍ ഇപ്പോള്‍ വിളിച്ചത്’ അവര്‍ മുഖവുര കൂടാതെ പറഞ്ഞു.
‘എനിക്കും തന്നോട് ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട്’. ഞാന്‍ പറഞ്ഞു.
‘എന്നാല്‍ സാര്‍ ആ സന്തോഷ വാര്‍ത്ത ആദ്യം പറയൂ’
‘അത് വേണ്ട താന്‍ പറഞ്ഞിട്ട് ഞാന്‍ പറയാം’
‘സാറേ കഴിഞ്ഞ ആഴ്ച ഞാന്‍ സാറിന്റെ മതത്തില്‍ ചേര്‍ന്നു. സാറിനു സന്തോഷമായല്ലോ? ഇനി സാറിന്റെ സന്തോഷവാര്‍ത്ത പറയൂ..’
‘ഇനി അത് സന്തോഷവാര്‍ത്തയല്ല. ഞാന്‍ ഇന്നലെ തന്റെ മതത്തില്‍ ചേര്‍ന്നു’.