ജോണ്‍സണ്‍ ചെറിയാന്‍.
മുബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്ന രീതിയില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. മോദിയോട് രൂപ സാദൃശ്യമുള്ള മലയാളിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിനാണ് കോമഡി ഗ്രൂപ്പ് ഓള്‍ ഇന്ത്യ ബക്ഹോഡ് (എ.ഐ.ബി) സഹസ്ഥാപകന്‍ തന്‍മയ് ഭട്ടിനെതിരെ മുംബയ് പൊലീസ് കേസെടുത്തത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന് കീഴില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. അഞ്ചു ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഇക്കാര്യത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് കേസെടുത്തതെന്നും പൊലീസ് വിശദീകരിച്ചു.
റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന പയ്യന്നൂര്‍ മാത്തില്‍ കുറുവേലി പുതിയ റോഡിലെ പടിഞ്ഞാറെ കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഫോട്ടോയാണ് മോദിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഫോട്ടോ പ്രസിദ്ധീകരിച്ചത് ദേശീയ താത്പര്യത്തിന് എതിരാണെന്നും പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്നും കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെ എ.ഐ.ബി ഫോട്ടോ പിന്‍വലിച്ച് തടിയൂരി. പക്ഷേ ചിലര്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് മുംബയ് പൊലീസ് കേസെടുത്തത്.