ജോണ്‍സണ്‍ ചെറിയാന്‍.
സിക്കിമിലെ കടന്നുകയറ്റത്തെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലുണ്ടായ വിള്ളല്‍ കൂടുതല്‍ രൂക്ഷമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചൈന റദ്ദാക്കി. ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ നാളെ കൂടിക്കാഴ്ച നടത്താനാണ് മോദിയും ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. സിക്കിം അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷ സാദ്ധ്യത ഉടലെടുത്ത സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമല്ലയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന കൂടിക്കാഴ്ച റദ്ദാക്കിയത്. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാത്രിയാണ് മോദി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജര്‍മനയിലെത്തുന്നത്. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി സീ കൂടിക്കാഴ്ച നടത്തും.
സിക്കിമിനോട് ചേര്‍ന്നുള്ള ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ചൈനീസ് അതിര്‍ത്തിയിലെ നാഥുലാ ചുരം ചൈന അടച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. ഡോംഗ്ലോംഗില്‍ 2012ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കണമെന്ന് ജൂണ്‍ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ബങ്കറുകള്‍ നിര്‍മ്മിച്ചത്. ഈ പ്രദേശം തങ്ങളുടേതാണെന്നും ഇന്ത്യയ്ക്കും ഭൂട്ടാനും അവകാശമില്ലെന്നുമാണ് ചൈനയുടെ വാദം. ബങ്കറുകള്‍ നീക്കാന്‍ ഇന്ത്യ തയ്യാറാവാതിരുന്നതോടെ ജൂണ്‍ 6ന് ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്തു. ഇതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിയത്.