ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് അംഗീകാരം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ് വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.
ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല ചാന്‍സിലര്‍ ഡോ. എ സെല്‍വിന്‍കുമാര്‍ വിജയലക്ഷ്മിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. സംഗീതത്തിലെ മികവ് പരിഗണിച്ചാണ് അംഗീകാരം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. തനിക്ക് നല്‍കിയ അംഗീകാരം മാതാപിതാക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുന്നതായി വിജയലക്ഷ്മി പ്രതികരിച്ചു.
ഇങ്ങനെ ഒരു ബഹുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദൈവാനുഗ്രഹം ആണെന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. നേരത്തേ ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്നു കയറിയിട്ടുണ്ട് വൈക്കം വിജയലക്ഷ്മി. ആറ് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരി നടത്തിയാണ് അവര്‍ നേട്ടം കൈവരിച്ചിരുന്നത്. ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്.