ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെക്കുന്നില്ലെന്ന് ഇന്നസെന്റ്. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണത്. അതൊരു കള്ളവാര്‍ത്തയാണ്. പ്രസിഡന്റ് സ്ഥാനത്ത് ഞാന്‍ അള്ളിപ്പിടിച്ചിരിക്കുന്നതല്ല. എന്നെ പിടിച്ചുകൊണ്ടിരുത്തുന്നതാണ്. കഴിഞ്ഞ തവണയും ഞാന്‍ വേണ്ടെന്ന് പറഞ്ഞതാണ്-തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് എഴുന്നേറ്റ് നിന്ന് കയര്‍ത്ത് സംസാരിച്ചതിലും അതോടൊപ്പം മറ്റ് അംഗങ്ങള്‍ കൂവിയതിലും ഇന്നസെന്റ് മാപ്പ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സംഘടന ഇരയായ നടിക്കൊപ്പമാണ്. നടിയെ സംരക്ഷിച്ചില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. ആ രാത്രി സംഘടനയുടെ ആള്‍ക്കാരാരും ഉണ്ടായിരുന്നില്ല. പിന്നീട് നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും വിളിച്ചിരുന്നു. കേസില്‍ സംഘടനയിലെ അംഗങ്ങള്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അപ്പോള്‍ വേണ്ട നടപടി കൈക്കൊള്ളും-ഇന്നസെന്റ് പറഞ്ഞു. അല്ലാതെ വെറുതെ ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് പറയാന്‍ കഴിയില്ല.
‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലിപിനോട് ഞാന്‍ ചേദിച്ചതാണ്. ഡാ ദിലീപേ ഈ കേള്‍ക്കണേല് എന്തെങ്കിലും സത്യണ്ടോ… ഇല്ല ചേട്ടാ സത്യായിട്ടും എനിക്കൊന്നും അറിയില്ല.പിന്നെന്താ ചോദിക്ക്യാ. ഇത് കേട്ട ഞാന്‍ പിന്നെ എങ്ങനാ പറയാ.. അവര്‍ തെറ്റുകാരനാണെന്ന്. സിനിമാക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നു വരും-ഒരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ എന്നും രണ്ട് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്. അവരാരും എപ്പോഴും വരാറില്ലെന്ന് മാത്രം-ഇന്നസെന്റ് പറഞ്ഞു.