ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന പേര് ദിലീപിന്റേതാണ്. എന്നാല്‍ അന്വേഷണം അതിന്റെ നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്ബോള്‍ അന്വേഷണം വീണ്ടും ദിലീപിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ദിലീപിനൊപ്പം പലരും പുലിവാല് പിടിച്ചിരിക്കുകയാണ്. ദിലീപിനെ നായകനാക്കി ഷൂട്ടിംഗ് ആരംഭിച്ച് പല ചിത്രങ്ങളുടെയും അവസ്ഥ ആശങ്കയിലാണ്. ഇതോടെ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘം 12 മണിക്കൂറിലധികം ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൊച്ചി വിട്ടുപോകരുതെന്നും പൊലീസ് ദീലിപിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ദിലീപ് സിനിമകള്‍ കടുത്ത പ്രതിസന്ധിയിലാണ്. പലചിത്രങ്ങളുടെയും ഷൂട്ടിംഗ് കേരളത്തിന് പുറത്താണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ പല ചിത്രങ്ങള്‍ക്കും ദിലീപ് നല്‍കിയിട്ടുള്ള കോള്‍ ഷീറ്റും കഴിഞ്ഞിരിക്കുന്നു.
പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീലയുടെ റിലീസിംഗും മാറ്റി വച്ചിരുന്നു. രാമലീല തീയേറ്ററുകളില്‍ എത്തിയാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമോ എന്ന പേടിയിലാണ് നിര്‍മ്മാതാവും വിതരണക്കാരനും. രതീഷ് അമ്ബാട് ഒരുക്കുന്ന കമ്മാരസംഭവം പുറത്തിറക്കാനാകുമോ എന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. പിന്നെയും നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പ്രശ്നത്തിലായിരിക്കുകയാണ്. പല ദിലീപ് ചിത്രങ്ങളിലും നായികമാരുടെയും അന്യഭാഷയില്‍ നിന്നുള്ള നടീനടന്‍മാരുടെയും കോള്‍ഷീറ്റ് തീര്‍ന്നിരിക്കുകയാണ്.
ദിലീപ് കൃത്യസമയത്ത് ഷൂട്ടിംഗിന് എത്താത്തതിനാല്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അവര്‍ നേരത്തെ കരാര്‍ ചെയ്ത ചിത്രങ്ങളിലെ ലൊക്കേഷനിലേക്ക് പോകുകയും ചെയ്തു. ഇനിയും പ്രതിസന്ധി തുടര്‍ന്നു പോകുകയാണെങ്കില്‍ കോടികളുടെ നഷ്ടങ്ങളാണ് നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുക.