ജോണ്‍സണ്‍ ചെറിയാന്‍.
പക്ഷികളുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട എയര്‍ ഏഷ്യയുടെ എയര്‍ബസ് എ330 എന്ന വിമാനമാണ് പക്ഷികളുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബ്രിസബെയില്‍ ഇറക്കിയത്. പൈലറ്റിന്റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് അപകടം ഒഴിവാക്കിയത്.
വിമാനത്തിലുണ്ടായിരുന്ന 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഏഷ്യ വക്താവ് വ്യക്തമാക്കി. വിമാനത്തിനു വലതു വശത്തായി പല തവണ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു.
പക്ഷികള്‍ വന്നിടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ സന്തുലനം നഷ്ടപ്പെട്ടതെന്ന് ഓസ്ട്രേലിയയിലെ സിവില്‍ ഏവിയേഷന്‍ വക്താവ് പീറ്റര്‍ ഗിബ്സോ വ്യക്തമാക്കി. പക്ഷികള്‍ വന്നിടിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് എയര്‍ ഏഷ്യ വിമാനം അടിയന്തിര സഹാചര്യത്തില്‍ നിലത്തിറക്കേണ്ടി വന്നത്.