ജോണ്‍സണ്‍ ചെറിയാന്‍.
സന്നിധാനം: ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി ശബരിമലയില്‍ പുതുതായി പണികഴിപ്പിച്ച സ്വര്‍ണ ധ്വജം തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടത്തി. രാവിലെ 11.15ന് കലശവാഹനം എഴുന്നള്ളിപ്പോടെ ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിമരത്തിനു മുകളില്‍ വാജി വാഹനം പ്രതിഷ്ഠിച്ച് കലശമാടിയതോടെ ധ്വജ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സമാപനമായി.
അതിരാവിലെ തന്നെ സന്നിധാനവും പരിസരവും ഭക്തജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. കലശവാഹനം എഴുന്നള്ളിക്കുന്നതിന് തൊട്ടുമുന്‍പ് ജയവിജയന്മാരിലെ ഗായകനായ ജയന്‍ ശ്രീകോവില്‍ നടന്ന തുറന്നു എന്ന ഭക്തിഗാനം ആലപിച്ചപ്പോള്‍ തിരുമുറ്റത്ത് തടിച്ചുകൂടിയ ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ശരണംവിളികളുയര്‍ന്നു. വാജി വാഹനം പ്രതിഷ്ഠിക്കുന്നതിന് കൊടിമരത്തിനു മുകളിലേക്ക് കയറുന്നതിന് പ്രത്യേക ഏണിപ്പടികള്‍ സജ്ജമാക്കിയിരുന്നു.
തന്ത്രി, മേല്‍ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, ചീഫ് എന്‍ജിനിയര്‍ മുരളീകൃഷ്ണന്‍, ആന്ധ്രാപ്രദേശ് ദേവസ്വം മന്ത്രി മാണിക്കല റാവു, സിവില്‍ സപ്ലൈസ് മന്ത്രി പത്തിപാത്തി പുല്ലറാവു, ആരോഗ്യ മന്ത്രി കാമിനേനി ശ്രീനിവാസറാവു, തെലുങ്കാന ഊര്‍ജ മന്ത്രി ജഗദീശ്വര്‍ റെഡ്ഡി, ആന്ധാപ്രദേശില്‍ നിന്നുള്ള എം.പിമാരായ മുരളീ മോഹന്‍, വൈ.വി സുബ്ബറെഡ്ഡി, എം.എല്‍.എമാരായ എരപതി നേനി ശ്രീനിവാസ റാവു, കൊമ്മലപാട്ടി ശ്രീധര്‍, ആലപ്പാട്ട് രാജേന്ദ്രപ്രസാദ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു.
പുതിയ സ്വര്‍ണ കൊടിമരത്തിന് 3.20 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇത് പൂര്‍ണമായും വഹിച്ചത് ആന്ധപ്രദേശിലെ ഹൈദരബാദ് ആസ്ഥാനമായുള്ള ഫോണിക്സ് ഫൗണ്ടേഷന്‍ എന്ന കമ്ബനിയാണ്.