മിലാല്‍ കൊല്ലം.
എനിക്ക് ഒരു പതിനെട്ട് വയസ് വരും. കൊട്ടിയത്ത് മെഡിക്കൽ സ്റ്റോറിൽ ജോലി. അവിടെ ആഴ്ച്ചയിൽ മൂന്ന് പ്രാവശ്യം വരുന്ന ഒരു പെൺകുട്ടി. സുന്ദരിമാരിൽ സുന്ദരി. ഈ പെൺകുട്ടി ചിലപ്പോൾ അതിന്റെ അമ്മയുമായാണു വരുന്നത്. അത് മരുന്ന് വാങ്ങാൻ വരുമ്പോൾ എന്റെ ഹൃദയം പട പടാന്ന് അടിക്കും എന്താണെന്ന് അറിയില്ല. പിന്നെ മരുന്നു വാങ്ങി കടയ്ക്ക് പുറത്ത് ഇറങ്ങിയിട്ട് ഒന്ന് തിരിഞ്ഞ് നോക്കും. അപ്പോൾ ഞാൻ രണ്ട് കണ്ണും അടച്ച് കാണിക്കും. അങ്ങനെ ഇരിക്കേ അത് ഒരു ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോകുന്നു എന്ന് എല്ലാം അറിഞ്ഞിട്ട് ഒരു ദിവസം ഞാൻ എന്റെ പേരും കടയുടെ പേരും എല്ലാം വച്ചു കൊണ്ട് ഈ പെൺകുട്ടിക്ക് ഒരു എഴുത്ത് അങ്ങ് എഴുതി ട്യുട്ടോറിയലിന്റ് പേരിൽ അങ്ങ് അയച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മറുപടി രാവിലെ തന്നെ കിട്ടി. അപ്പോൾ ആണു ഞാൻ ഓർത്തത് ഇൻലെന്റ് വാങ്ങി എഴുതണ്ട ആവശ്യമില്ലായിരുന്നു. ഒരു പത്ത് പൈസ കാർഡിൽ എഴുതിയാൽ മതിയായിരുന്നു എന്ന്. കാരണം ഞങ്ങളുടെ കടയിൽ നിൽക്കുന്ന കമ്പൗണ്ടർ പെൺ കുട്ടി ആ ട്യുട്ടോറിയലിന്റെ അടുത്ത് നിന്നാണു വരുന്നത്. അതുകൊണ്ട് രാവിലെ തന്നെ ആ ട്യുട്ടോറിയലിലെ സാറന്മാർ ഞങ്ങളുടെ കടയിലെ സുഹൃത്തിനോട് ചോദിച്ചു – നിങ്ങളുടെ കടയിൽ ഒരു മില്ലാൽ ജോലി ചെയ്യുന്നുണ്ടോ? അത് പറഞ്ഞു ഉണ്ട്. അപ്പോൾ പറഞ്ഞു കുറച്ച് കഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട് വരുന്നു. ഒരു പ്രേമലേഖനം ഇവിടെ കിട്ടിയിട്ടുണ്ട് എന്ന്. ഇത് രാവിലെ വന്ന് എന്നോട് പറഞ്ഞപ്പോഴേ എനിക്ക് പിന്നെ എന്താ വേണം എന്ന് അറിയാൻ വയ്യ. ഞാൻ അങ്ങനെ ആലോചിക്കാൻ തുടങ്ങി. അപ്പോൾ മനസിലായി എന്റെ പ്രീയപ്പെട്ട ട്യുട്ടോറിയൽ അദ്ധ്യാപകനും അയൽ വാസിയുമായ പൊടി സാർ ആഴ്ച്ചയിൽ രണ്ട് ദിവസം അവിടെ പഠിപ്പിക്കുന്നുണ്ട് എന്ന്. അങ്ങനെ പിന്നെ പൊടി സാറിനെ കണ്ട് കാര്യം പറഞ്ഞു. സാറുപോയി എഴുത്തു വാങ്ങി വലിച്ച് കീറി കളഞ്ഞു. അപ്പോഴാണു എനിക്ക് സമാധാനം ആയത്.
പിന്നെ ദിവസങ്ങൾ ആഴ്ച്ചകളായും ആഴ്ച്ചകൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും കടന്ന് പൊയ്ക്കൊണ്ടേ ഇരുന്നു. ഞാൻ പത്ത് വർഷത്തേ മെഡിക്കൽ സ്റ്റോർ ജീവിതം അവസാനിപ്പിച്ചു ബസിൽ കണ്ടക്റ്റർ ജോലി ആരംഭിച്ചു. ബസ് മുതലാളിമാർ ഒരു ബസിൽ തുടങ്ങി ഏഴു ബസു വരെ ആയി. ഇതിൽ എല്ലാ ബസിലും ഞാൻ ജോലി ചെയ്യും. അങ്ങനെ ഒരു ദിവസം കുറച്ച് ദൂരയുള്ള ഒരു റൂട്ടിൽ ഞാൻ ഓടുമ്പോൾ ആ ബസിൽ ഈ പെണ്ണു ഒരു കൈ കുഞ്ഞുമായി കയറി. മുഖത്ത് ഒരു മ്ലാനത. ഞാൻ സുഖവിവരങ്ങൾ ചോദിച്ചു എല്ലാം പറഞ്ഞു. എന്നെ കല്ല്യാണം കഴിച്ചു കൊണ്ടു വന്നിരിക്കുന്നത് ഇവിടെയാണു എന്ന് പറഞ്ഞു. പിന്നെ പലപ്പോഴും കണ്ടിട്ടുണ്ട്. അഞ്ജ് വർഷത്തേ ബസ് ജീവിതവും അവസാനിപ്പിച്ച് ഞാൻ ഗൾഫിൽ കടന്നു. ഷാർജയിൽ. പല സുഹൃത്തുക്കളും അയൽ വാസികളും വിളിക്കാറുണ്ട്. അതുപോലെ ഞങ്ങളുടെ അയൽ വാസി വടക്കേ വീട്ടിൽ തെക്കതിൽ ഷിബു അന്നനും എന്നെ നിരന്തരം വിളിക്കുമായിരുന്നു അബുദാബിക്ക് ചെല്ലാൻ. ഈ ഷിബു അണ്ണനെ ഒരിക്കൽ പോലീസ് അന്ന്വാഷിച്ചു വന്നപ്പോൾ വീട്ടു പേരു ചോദിച്ചു അപ്പോൾ ഷിബു അണ്ണൻ വടക്കേ വീട്ടിൽ തെക്കതിൽ എന്നു പറയുകയും പോലീസുകാരൻ അദ്ദേഹത്തേ പൊട്ടൻ കളിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു റമദാൻ അവധിക്ക് ഞാൻ നോക്കിയപ്പോൾ എന്റെ സുഹൃത്ത് ജയറാം കുണ്ടം കുഴിയും സംഘവും അബുദാബിയിൽ പോകുന്നു എന്ന് കേട്ട് ഞാനും ആ കാറിൽ അബുദാബിയിൽ എത്തി. അപ്പോൾ തന്നെ ഷിബു അണ്ണൻ വന്ന് എന്നെയും കൂട്ടി റൂമിൽ പോയി. അവിടെ ഷിബു അണ്ണന്റെ ഭാര്യയും ഉണ്ടായിരുന്നു. അങ്ങനെ അവിടെ ചെന്ന് വാചകമടിച്ചൊക്കേ ഇരുന്ന്. ഉച്ചയായി. ഭക്ഷണം കഴിച്ചു. പിന്നെയും അവിടിരുന്ന് കുറച്ച് സംസാരിച്ചു. അതിനു ശേഷം ഷിബു അണ്ണൻ പറഞ്ഞു നമുക്ക് ഇവിടെ മയ്യനാട്ട്കാരൻ ബാബുവിന്റെ ഒരു ബാർബർ ഷോപ്പ് ഉണ്ട് അവിടെ പോയാൽ നാട്ട് വിശേഷം എല്ലാം അറിയാം. അങ്ങനെ അങ്ങോട്ടേക്ക് പോയി. അവിടെ ചെന്ന് ബാബു അണ്ണനെ കണ്ടപ്പോൾ… ബാബു അണ്ണൻ എടാ ഹരിലാലെ നീ എന്ന് വന്നു. ഞാൻ അറിഞ്ഞില്ലായിരുന്നു. അങ്ങനെ സ്നേഹ വാക്കുകൾ പറഞ്ഞു. അപ്പോൾ അതാ അവിടെ അന്നത്തേ കേരളകൗമുദി പത്രം കിടക്കുന്നു ഞാൻ അത് എടുത്ത് വായിച്ച് വരുമ്പോൾ മരണ വാർത്താ പേജിൽ ഒരു ഫോട്ടോ ഞാൻ ആദ്യമായും അവസാനമായും പ്രേമലേഖനം പോസ്റ്റൽ വഴി അയച്ചു കൊടുത്ത പെൺകുട്ടിയുടെ. അത് തൊഴിലില്ലാ വേദനം വാങ്ങാൻ പോയ വഴി ട്രെയിന്റെ മുന്നിൽ ചാടി അ ആത്മഹത്യ ചെയ്തു. ഇത്രേ ഒള്ളു മനുഷ്യൻ. ഒന്ന് എനിക്ക് അറിയാം അതിനു ഇത്തിരി സൗന്ദര്യം കൂടുതൽ ആയിരുന്നു അത് ആണോ എന്ന് അറിയില്ല അതിന്റെ കല്ല്യാണത്തിനു ശേഷം അതിനെ കാണുമ്പോഴെല്ലാം മുഖത്ത് ഒരു മ്ലാനത. ശരിയായിരിക്കാം അല്ലായിരിക്കാം.