ഡോ. കെ. ബാബുരാജന്‍.
മലപ്പുറത്തുനിന്നുളള ഒരു ചെറുപ്പക്കാരനിലൂടെ അറബി ഭാഷയുടെ പ്രാധാന്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിക്കുമ്പോള്‍ ഗ്രാമത്തിനും ജില്ലക്കുമൊക്കെ അഭിമാനിക്കേറെ വകയുണ്ട്. അറബ് ലോകത്തും യൂറോപ്പിലും അറബി പഠിക്കുവാനായി പ്രയോജനപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അമാനുല്ല വടക്കാങ്ങരയുടെ ജീവിതയാത്ര ഏവരേയും വിസ്മയിപ്പിക്കുന്നതാണ്.
നാല്‍പത്തി ഏഴ് വയസ്, അമ്പത് പുസ്തകങ്ങള്‍. അതില്‍ ഭൂരിഭാഗവും അറബി ഭാഷയുമായി ബന്ധപ്പെട്ടത്. പ്രവാസ ലോകത്ത് ഇത് ഒരു പക്ഷേ വിരളമായ അനുഭവമാകാം. സര്‍ഗപ്രതിഭകള്‍ പോലും പ്രവാസം സ്വീകരിക്കുന്നതോടെ എഴുത്തില്‍ സജീവമല്ലാതിരിക്കുമ്പോള്‍ എഴുത്തിന്റേയും വായനയുടേയും ലോകത്ത് തന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന അമാനുല്ല അറബി ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രചാരകനും അധ്യാപകനുമായാണ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. വിദേശികള്‍ക്ക് അറബി ഭാഷ പരിചയപ്പെടുത്തുന്നതിനായി ഇംഗ്‌ളീഷിലും മലയാളത്തിലും ഒരു ഡസനോളം പുസ്തകങ്ങളാണ് അമാനുല്ല ഇതിനകം പ്രസിദ്ധീകരിച്ചത്. കുട്ടികളെ ഉദ്ധേശിച്ച് ഇരുപതോളം പുസ്തകങ്ങള്‍ വേറെയും.
മലപ്പുറം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ വടക്കാങ്ങരയുടെ പേര് ഇന്ന് ഗള്‍ഫ് മേഖലയില്‍ മാത്രമല്ല ലോകത്തെമ്പാടും കൂടുതലായും കേള്‍ക്കുന്നത് അമാനുല്ലയുടെ പേരിനോട് ചേര്‍ന്നാകാം. തന്നോടൊപ്പം ഒരു ഗ്രാമത്തെ അറിയപ്പെടുന്ന ഈ ഗ്രന്ഥകാരന്‍ ജീവിതത്തിന്റെ ലക്ഷ്യബോധത്തോടൊപ്പം സമൂഹത്തിന്റെ വളര്‍ച്ചയില്‍ സ്വന്തം പങ്ക് അടയാളപ്പെടുത്തിയാണ് സായൂജ്യമടയുന്നത്. വടക്കാങ്ങരയുടെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് അംഗമായി ഈയിടെ അദ്ദേഹത്തെ തെരഞ്ഞെടുത്തത് ഗ്രാമത്തിന്റെ വികസനക്കുതിപ്പില്‍ തന്റെ കയ്യൊപ്പുചാര്‍ത്തണമെന്ന ആഗ്രഹത്തോടെയാണ് . അറിവിന്റെ ഹരിത ഭൂമികയും സംസ്‌കാരത്തിന്റെ സുവര്‍ണരേഖയുമാണ് ഏതൊരു പ്രദേശത്തേയും നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുക എന്നതും പ്രത്യേകം അടയാളപ്പെടുത്തുകയാണിവിടെ.
ഗള്‍ഫിലെ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്‌പോക്കണ്‍ അറബിക് പഠന പരമ്പരക്ക് നേതൃത്വം നല്‍കിയ അമാനുല്ലയുടെ കീഴില്‍ വിവിധ ദേശക്കാരായ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി നിരവധി പേരാണ് അറബി സംസാരിക്കുവാന്‍ പഠിക്കുന്നത്. വിവിധ നിലവാരത്തിലുളള പഠിതാക്കളെ മുന്നില്‍കണ്ട് അമാനുല്ല തയ്യാറാക്കിയ ഒരു ഡസനോളം വരുന്ന സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങളാണ് മാര്‍ക്കറ്റിന്റെ 70 ശതമാനവും പ്രചാരത്തിലുളളത്. അമാനുല്ലയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി എന്ന ഗ്രന്ഥം 2006 ല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമാണ് പ്രകാശനം ചെയ്തത്. അമേരിക്കയിലും യൂറോപ്യന്‍ മാര്‍ക്കറ്റിലും ഏറെ പ്രചാരമുള്ള ഈ ഗ്രന്ഥത്തിന്റെ പത്തു പതിപ്പുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. പതിനൊന്നാമത് പതിപ്പ് ഉടനെ പുറത്തിറങ്ങും. അറബി സംസാരിക്കുവാന്‍ ഒരു ഫോര്‍മുല, സ്‌പോക്കണ്‍ അറബിക് ഗുരുനാഥന്‍, സ്‌പോക്കണ്‍ അറബിക്, സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, സ്‌പോക്കണ്‍ അറബിക് ട്യൂട്ടര്‍, സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരി ഡേ, ഇംപ്രൂവ് യുവര്‍ സ്‌പോക്കണ്‍ അറബിക് , ഗള്‍ഫ് അറബി പഠന സഹായി, സ്‌പോക്കണ്‍ അറബിക് ഗൈഡ് എന്നിവയാണ് സ്‌പോക്കണ്‍ അറബിയുമായി ബന്ധപ്പെട്ട് അമാനുല്ല തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍. കൂടാതെ സി.ബി. എസ്. ഇ , ഒമ്പത്, പത്ത് ക്‌ളാസുകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് അറബിക് ഗ്രാമര്‍ മെയിഡ് ഈസി എന്ന കൃതി ഇംഗ്‌ളീഷിലും മലയാളി വിദ്യാര്‍ഥികള്‍ക്കായി നഹ്‌വുല്‍ വാളിഹ് എന്ന പ്രമുഖ അറബി ഗ്രാമര്‍ ഗ്രന്ഥത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടമുണ്ട്. വോയിസ് ഓഫ് കേരളയില്‍ റേഡിയോ ടീച്ചര്‍ എന്ന പേരില്‍ അറബി ഭാഷയും സംസാര ശൈലിയും പരിചയപ്പൈടുത്തുന്ന പരിപാടി ഇതിനകം തന്നെ ആയിരക്കണക്കിന് പ്രവാസി മലയാളികളെ സ്വാധീനിച്ചു കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ പരേതനായ തങ്കയത്തില്‍ മുഹമ്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായി 1969 ലാണ് അമാനുല്ലയുടെ ജനനം. മാതാപിതാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിരുന്നില്ലെങ്കിലും വിദ്യാഭ്യാസത്തോട് വലിയ താല്‍പര്യമുള്ളവരായിരുന്നു. തന്റെ ഓരോ പ്രവര്‍ത്തനങ്ങളും സാകൂചം വീക്ഷിച്ചിരുന്ന മാതാപിതാക്കളുടെ പ്രോല്‍സാഹനം അമാനുല്ല പ്രധാന്യപൂര്‍വം അനുസ്മരിക്കുന്നു.
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ്, തിരൂര്‍കാട് ഇലാഹിയ കോളേജ് , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ പ്രഗല്‍ഭരായ നിരവധി അധ്യാപരുടെ കീഴില്‍ വിദ്യ നുകരുവാന്‍ കഴിഞ്ഞ നിര്‍വൃതിയിലായിരുന്നു അദ്ദേഹം. മദ്രസ മുതല്‍ യൂണിവേര്‍സിറ്റി തലം വരെ പഠിച്ച സ്ഥലങ്ങളിലെല്ലാം ലഭിച്ച ഉന്നതരായ അധ്യാപരാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നാണ് അമാനുല്ല പറയുന്നത്. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും നല്‍കിയ പ്രോല്‍സാഹനം എഴുത്തിലും വായനയിലും കൂടുതല്‍ സജീവമാക്കുകയായിരുന്നു.
അറബി ഭാഷ, ലോക ചരിത്രം, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ബിരുദമെടുത്ത ശേഷം പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌ക്കൂളില്‍ അധ്യാപകനായാണ് കരിയര്‍ ആരംഭിച്ചത്. പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഭാര്യാ പിതാവ് മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയും അമാനുല്ലയുടെ എഴുത്തിനേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളേയും സ്വാധീനിച്ചു.
സ്‌ക്കൂള്‍ തലം മുതലേ എഴുത്തിലും പത്രപ്രവര്‍ത്തന രംഗത്തും താല്‍പര്യം കാണിച്ച അമാനുല്ല ആനുകാലികങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ലീഗ് ടൈംസ്, ചന്ദ്രിക ദിനപത്രം. ചന്ദ്രിക ആഴ്ചപതിപ്പ് എന്നിവയാണ് അമാനുല്ലയിലെ എഴുത്തുകാരന് വളരാന്‍ വേദി നല്‍കിയത്. പിന്നീട് മാധ്യമത്തിലും ആരാമത്തിലുമൊക്കെ നിരവധി ഫീച്ചറുകളും ലേഖനങ്ങളും വെളിച്ചം കണ്ടു.
വിദ്യാര്‍ഥിയായിരിക്കെ തന്നെ ഗ്രന്ഥ രചനക്ക് ധൈര്യം കാണിച്ച അമാനുല്ല രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥം കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അറബി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അംഗീകാരം നേടിയിട്ടുണ്ട്. 1988 ല്‍ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം 28 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രസ്തുത കൃതി പ്രയോജനപ്പെടുത്തിയത്.
1995 ജനുവരിയില്‍ ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ അധ്യാപകനായി ദോഹയിലെത്തിയ അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് തന്നെ അറബിക് ആന്റ് ഇസ്ലാമിക് വകുപ്പ് മേധാവിയും പബ്‌ളിക് റിലേഷന്‍സ് ഓഫീസറുമായി ഉയര്‍ന്നു. ഖത്തറിലെ പ്രവാസി വിദ്യാഭ്യാസ ചരിത്രത്തില്‍ വിശിഷ്യാ സ്‌ക്കൂള്‍ തലത്തില്‍ അറബി ഭാഷ. ഇസ്‌ലാമിക് സ്റ്റഡീസ് എന്നിവ വ്യവസ്ഥാപിതമായി പഠിപ്പിക്കുന്നതിലും വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തത്തോടെ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അമാനുല്ലയുടെ നേതൃത്വപരമായ ഇടപെടലുകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഖത്തറിലെ മലയാളി വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ ഉണര്‍വിന്റെ പ്രധാന കാരണം ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ അറബിക് ആന്റ് ഇസ് ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവി എന്ന നിലയില്‍ അമാനുല്ല നടത്തിയ ശ്രമങ്ങളാണ്. ഖത്തറിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ അറബി രണ്ടാം ഭാഷയായി പഠിപ്പിക്കാന്‍ തുടങ്ങിയതും അമാനുല്ലയുടെ ശ്രമഫലമായാണ്.
സി. ബി. എസ്. ഇ സ്‌ക്കൂളുകള്‍ക്ക് അറബി രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും പഠിപ്പിക്കുന്നതിനായി എട്ട് വാള്യങ്ങളിലായി അമാനുല്ല തയ്യാറാക്കി തിരൂരങ്ങാടി ബുക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച അറബിക് ഫോര്‍ ബിഗിനേര്‍സ് എന്ന പരമ്പര ഇന്ത്യക്കകത്തും പുറത്തുമായി നൂറുകണക്കിന് സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്‍ര്‍നാഷണല്‍ സ്‌ക്കൂളുകളുടെ താല്‍പര്യം പരിഗണിച്ച് അറബിക് ഫോര്‍ ഇംഗ്‌ളീഷ് സ്‌ക്കൂള്‍സ് എന്ന പുതിയ പരമ്പരയും ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും തരംഗം സൃഷ്ടിക്കുകയാണ്.
ഇന്തോ ഗള്‍ഫ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും സാംസ്‌കാരിക വിനിമയ പരിപാടികള്‍ പരിപോഷിപ്പിക്കുന്നതിനുമായ രൂപീകൃതമായ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ടഷിപ്പ് അസോസിയേഷന്‍ സ്ഥാപകനായ അമാനുല്ലയുടെ നേതൃത്വതിലും ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ഗള്‍ഫിലും നാട്ടിലുമായി അരങ്ങേറുന്നത്.
ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്ഥാപകനായ അദ്ദേഹം നിരവധി പുകവലി വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ കര്‍ത്താവാണ്. ഖത്തറിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നിരവധി പരിപാടികളാണ് അമാനുല്ല സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ പ്രവര്‍ത്തന രംഗത്ത് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി അംഗീകാരങ്ങളും അമാനുല്ലയെ തേടിയെത്തിയെന്നത് സ്വാഭാവികം മാത്രം. ലഹരി വിപത്തിനെതിരെ, സ്‌മോക്കിംഗ് ഓര്‍ ഹെല്‍ത്ത് ചോയിസ് ഈസ് യുവേര്‍സ്, ടുഗതര്‍ ഫോര്‍ എ ഡ്രഗ് ഫ്രീ സൊസൈറ്റി, ടൊബാക്കോ ഫ്രീ ഫിലിം, ടൊബാക്കോ ഫ്രീ സ്‌പോര്‍ട്്‌സ് എന്നിവയാണ് ലഹരി വിരുദ്ധ പ്രമേയത്തില്‍ അമാനുല്ല തയ്യാറാക്കിയ പ്രധാന കൃതികള്‍. ഈ കൃതികളധികവും ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ വകുപ്പ് എന്നിവയാണ് പ്രസിദ്ധീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
ദീര്‍ഘകാലം മലയാളം ന്യൂസ് ദോഹാ ലേഖകനായിരുന്ന അമാനുല്ല, പ്രവാസി ദൂതന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്‌ളീഷ്. അറബി, മലയാളം പത്രങ്ങളില്‍ ഒരേ സമയം എഴുതുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗള്‍ഫില്‍ വേറിട്ട് നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ്
ഖത്തറിലെ പ്രമുഖ അഡ്‌വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അമാനുല്ല ഇന്റര്‍നാഷണല്‍ മലയാളി ഡോട്ട് കോം എന്ന ന്യൂസ് പോര്‍ട്ടലിന്റെ മാനേജിംഗ് എഡി റ്ററാണ്. പരസ്യ രംഗത്ത് തികച്ചും നൂതനമായ ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന ആശയം പരിചയപ്പെടുത്തിയ അമാനുല്ല ഡയറക്ടറിയുടെ പതിനൊന്ന് എഡിഷനുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോഴിക്കോട് സര്‍വകലാശാലയുടെ കോമേര്‍സ് ആന്റ് മാനേജ്‌മെന്റ് വകുപ്പ് നൂതനമായ പരസ്യമാധ്യമത്തിനുള്ള പുരസ്‌ക്കാരത്തിന് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ തെരഞ്ഞെടുത്തുവെന്നത് ഈ പ്രസിദ്ധീകരണത്തിന്റെ അക്കാദമിക ഗുണനിലവാരത്തിനുള്ള അംഗീകാരം കൂടിയാണ്.
ഈവന്റ് മാനേജ്‌മെന്റ് രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അമാനുല്ല സാമൂഹ്യരംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും പ്രത്യേക ബോധവല്‍ക്കരണ പര്ിപാടികളോടെ സ്ഥിരമായി ആഘോഷിക്കാറുണ്ട്. കല മാനവ സംസ്‌കൃതിയുടെ സംരക്ഷണത്തിനും വളര്‍ച്ചാവികാസത്തിനുമായിരിക്കണമെന്ന കാഴ്ചപ്പാടുകാരനാണ്. അതുകൊണ്ട് തന്നെ കുടുംബസദസുകള്‍ക്ക് അനുയോജ്യമായതും മൂല്യവത്തായതുമായ പരിപാടികള്‍ മാത്രമാണ് മീഡിയ പ്‌ളസ് സംഘടിപ്പിക്കാറുള്ളത്.
ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍ ലോകചരിത്രത്തില്‍ തന്നെ സവിശേഷമായ ഒരു സംരംഭമാണ്. ഖത്തര്‍ മലയാളി മാന്വലിന്റെ മുഖ്യ പത്രാധിപരായ അമാനുല്ല കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തി മാന്വല്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. അതുപോലെ തന്നെ ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്രയും അമാനുല്ലയുടെ വേറിട്ട പ്രവര്‍ത്തനമാണ്.
ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സാന്നിധ്യമായ ഡോ. ആര്‍. സീതാരാമന്‍ വാഷിംഗ്ടണ്‍ കോളേജില്‍ നിന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച് ചെയ്ത പ്രസംഗം ജീവിത പാഠങ്ങള്‍ എന്ന തലക്കെട്ടില്‍ അമാനുല്ല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കേരളത്തിനകത്തും പുറത്തും സൗജന്യമായി വിതരണം ചെയ്തത് വൈജ്ഞാനിക രംഗത്തും പുതുതലമുറയെ ഉന്നതിയിലേക്ക് നയിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന ശ്രദ്ധയുടെ തെളിവാണ്.
പെരുമ്പിലാവ് അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ മകള്‍ റഷീദയാണ് ഭാര്യ . റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവരാണ് മക്കള്‍.
ഖത്തറിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായി കഴിഞ്ഞ 22 വര്‍ഷമായി കുടുംബസമേതം ദോഹയിലാണ് താമസം.
ഫോട്ടോ. അമാനുല്ല വടക്കാങ്ങര