ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : കാക്കനാട് കെബിപിഎസിലെ ജീവനക്കാരിയുടെ തലയില്‍ ഫാന്‍ വീണു. കൊല്ലം സ്വദേശിനിയായ പ്രീതിയുടെ തലയിലാണ് ഫാന്‍ വീണത്. പ്രീതിക്ക് തലയിലും പുറത്തും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കെബിപിഎസിലെ ലോട്ടറി സെക്ഷനിലെ ജീവനക്കാരിയാണ് പ്രീതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചതാണ് കെബിപിഎസിലെ മിക്ക ഫാനുകളുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. തുരുമ്ബ് പിടിച്ച ഫാനാണ് പ്രീതിയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു ദിവസത്തിനകം ലോട്ടറി സെക്ഷനിലെ എല്ലാ ഫാനുകളും മാറ്റിസ്ഥാപിക്കാമെന്ന് കെബിപിഎസ് മാനേജ്മെന്റ് അറിയിച്ചു.
ഓഫീസില്‍ ലോട്ടറികള്‍ തരംതിരിയ്ക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് പ്രീതിയുടെ തലയിലേക്ക് കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ വീണത്. പ്രീതിയുടെ തലയിലും പുറത്തുമായാണ് ഫാന്‍ പതിച്ചത്. തൊട്ടടുത്ത് ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തക ആതിര സംഭവം കണ്ട് ബോധം കെട്ട് വീഴുകയും ചെയ്തതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി. ഫാന്‍ വീണ് പ്രീതിയുടെ പുറവും തലയും തടിച്ചു വീര്‍ത്തിരുന്നു. ആതിരയുടെ കൈകളില്‍ ഫാനിന്റെ ലീഫ് തട്ടിയെങ്കിലും പരിക്കേറ്റിട്ടില്ല.
ഓഫീസിലെ മറ്റു ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ജോലി സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തു.