ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പുതിയ മദ്യ നയം നടപ്പാകുന്നതോടെ സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.സമയമാറ്റവും ബാര്‍ തുറക്കലും ഉള്‍പ്പെടെ കാര്യങ്ങള്‍ ജൂലൈ രണ്ടു മുതല്‍ നടപ്പാകും. നിലവില്‍ 10 മുതല്‍ രാത്രി ഒന്‍പതുവരെയാണു പ്രവര്‍ത്തനം. ബവ്റിജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡുമാണു ചില്ലറ വില്‍പനശാലകള്‍ നടത്തുന്നത്.
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ ചില്ലറ മദ്യവില്‍പനശാലകളുടെ സമയം മാറ്റുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നില്ല. ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയും വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ 10 മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കുമെന്നേ വ്യക്തമാക്കിയിരുന്നുള്ളൂ. ബീയര്‍-വൈന്‍ പാര്‍ലറുകളുടെ സമയവും നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ബീയര്‍-വൈന്‍ പാര്‍ലറുകളും ക്ലബുകളും ഇനി രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. മദ്യനയത്തിന് അനുസൃതമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.