ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആര്‍എല്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ജനകീയ മെട്രോ യാത്രയിലുണ്ടായ സംഭവങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിന് കെഎംആര്‍എല്‍ തീരുമാനിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ചു മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനം കേടു വരുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം കെഎംആര്‍എല്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു.
മെട്രോയുടെ പിതൃത്വം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനാണെന്ന് അവകാശപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ പരിപാടി. നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിലേക്കു പ്രവേശിച്ച ജനസഞ്ചയം എല്ലാ വിലക്കുകളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്കു നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കേറിയതോടെ ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നുവച്ചു. പ്രവര്‍ത്തകരുടെ തിക്കുംതിരക്കും മൂലം ഉമ്മന്‍ചാണ്ടിക്ക് രമേശ് ചെന്നിത്തലയ്ക്കൊപ്പം ആദ്യ ട്രെയിനില്‍ കയറാനായില്ല. രണ്ടാമത്തെ ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്. യാത്ര അവസാനിച്ച പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റര്‍ ആളുകള്‍ തിങ്ങിക്കയറിയതോടെ തകരാറിലായി.