ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ധിക്കുന്നു. ഇന്ന് രാവിലെ കോഴിക്കോട്ട് നിന്നുമാണ് പനി മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുന്നശേരി ചെറുപര സ്വദേശി ഗോവിന്ദന്‍ കുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പനി ബാധിതരെ കൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ പനി നിയന്ത്രണ വിധേയമാകാത്ത സ്ഥിതിയിലാണ്. ആരോഗ്യവകുപ്പിന്‍റെ പിഴവാണ് പനിബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വീഴ്ചയാണ് പനിപടരാന്‍ കാരണമെന്നുമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ജനങ്ങള്‍ ദുരിത ജീവിതം നയിക്കുകയാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലെ വീഴ്ചകളാണ് സംസ്ഥാനത്തെ പനിബാധിതമാക്കിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ഉള്‍പ്പെടെ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം നൂറു കവിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ച 7,165 പേരില്‍ 13 പേര്‍ മരണമടഞ്ഞു. പകര്‍ച്ചപ്പനി ബാധിച്ച് 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എച്ച് 1 എന്‍ 1 ബാധിച്ച 791 പേരില്‍ 53 പേര്‍ മരണപ്പെട്ടു.