ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു. കാലാവധി തികയ്ക്കുമെന്ന് ഉറപ്പില്ലന്ന് ജേക്കബ് തോമസ്. തിങ്കളാഴ്ചയാണ് ജേക്കബ് തോമസിനെ എഎംജി ഡയറക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരുവര്‍ഷത്തേക്കാണ് നിയമനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയെടുത്തത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണു കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. രണ്ടുമാസത്തേയും 17 ദിവസത്തേയും അവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിനിടെ പദവിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും കത്തും നല്‍കിയിരുന്നു.