Monday, November 25, 2024
HomeLiteratureശിവമയം. (മിനികഥ)

ശിവമയം. (മിനികഥ)

ശിവമയം. (മിനികഥ)

സ്റ്റാലിൻ ബാവക്കാട്ട്.
ശിവൻകുട്ടിയുടെ ചങ്ങാതി രഘുവിന്റെ മൂത്തമ്മയുടെ പതിനാറടിയന്തിരം , അമ്പലവക ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷപൂർവ്വം കൊണ്ടാടിയ ദിവസം.
അമ്പലമുറ്റത്തെ പഞ്ചാരമണ്ണിൽ ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റ വെയിൽ, മൂടുംതട്ടി പോകാനൊരങ്ങണ നേരം…
അടിയന്തിരത്തിനായ് വാടകയ്ക്കെടുത്ത സാധനങ്ങൾ തിരികെ കൊടുക്കാനുള്ള കൈസഹായം തേടി നടക്കണ രഘുവിനെ നോക്കി ശിവൻക്കട്ടി: ” ടാ മൈകുണഞ്ചാ, ഞാനപ്പൊഴേ പറഞ്ഞതല്ലേ… മേശേം കസേരേം കൊടുത്തിട്ടുമതി കുപ്പിപൊട്ടിക്കലെന്ന് – – – ദേ… നീതന്നെ കഴുകിക്കോ ഈ ഉരുളീം കൂടി…. തീറ്റേം കുടീം കഴിഞ്ഞാ പിന്നെയെല്ലവൻമാരും സ്ക്കൂട്ടാകും. ഒരുത്തനേം കിട്ടൂല്ല.”
ചളിഞ്ഞ മോറുമായി നിന്ന രഘുവിന്റെ തോളിൽ കൈയ്യിട്ടു കൊണ്ടവന്റെ എളേയമ്മാവൻ ,പാക്കിസ്ഥാനെ തകർക്കാനുള്ള എന്തോ രഹസ്യം പറയണ കണക്കെ, കുനുകുനാ പറഞ്ഞോണ്ടവനെ കൂട്ടികൊണ്ടു പോകണ കണ്ടപ്പോൾ ശിവൻകുട്ടി ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു: ” കണ്ടാ… വളവളാന്നു കുറെ അമ്മാവൻമാരും, കുറേ ഫ്രീക്കൻ കൂട്ടുകാരും… ഒരു പണിക്കും പറ്റാത്തവൻമാർ ….”
ശിവൻകുട്ടിയുടെ വർത്താനത്തോടു പൊരുത്തം കാട്ടണ മട്ടിൽ , എല്ലായിടത്തും എല്ലാം സൂപ്പർവൈസ് ചെയ്തോണ്ടു നടക്കണ ബാലൻ ചേട്ടൻ സ്വന്തം അഭിപ്രായത്തെ വിളക്കിചേർത്തു.: “അതൊക്കെ അങ്ങനെ വരു: ….. അതു കൊണ്ടതുവിട്…
ദേ നീ വന്നേ …… നമ്മുക്കിനി രണ്ടെണ്ണം അടിച്ചിട്ടു ബാക്കി കഴുകാം … എത്രയടിച്ചാലും നുമ്മളുണ്ടാകും അവസാനം വരെ– ” ബാലൻ ചേട്ടന്റെ വാക്കുകൾ ശിവൻകുട്ടയുടെയു ളളിൽ ചെറുചിരി വീഴ്ത്താതിരുന്നില്ല. എല്ലാ കൂട്ടിലുമുണ്ടാകും ഇതുപോലെ മേലനങ്ങാതെ അഭിപ്രായം മാത്രം പറയാൻ ഒരാൾ… എങ്കിലും ബാലൻ ചേട്ടനെ ശിവൻകുട്ടിക്കിഷ്ട്ടമാണ് …. ചുമ്മാതെങ്കിലും കൂടെ നിൽക്കാൻ ആരെങ്കിലുമുള്ളത് നല്ലതല്ലേയെന്ന വിചാരത്തോടെ അയാൾ പറഞ്ഞു: “വേണ്ട ചേട്ടാ… ഞാനിനി എന്തായാലും കുളിച്ചു തൊഴുതിട്ടേ അടിക്കുന്നുള്ളു… അതല്ലേ രാശി “
ബാലൻ ചേട്ടന്റെ ചിരികേറിയ മറുപടി: ” കൊളളാടാ….. നീയാണു കൊടും ഫ്രീക്ക് “
വാടകസാധനങ്ങൾ തിരിച്ചു കൊടുത്ത്, കുളിച്ചു തൊഴാനുള്ള
ഉദ്യേശത്തോടെ അമ്പലമുറ്റത്തെത്തിയ ശിവൻകുട്ടി പഞ്ചാരമണ്ണിന്റെ ഇക്കിളിയിൽ വീണിരുന്നു പോയി…
ഉത്സവം കഴിഞ്ഞ് ഒരാഴ്ച്ചയായിട്ടും മുങ്ങി പോകാത്ത ആന ചൂരുള്ള കുളത്തിൽ ഒരു വട്ടം നീന്തി കയറിയ ശിവൻകുട്ടിയുടെ അരക്കെട്ടിൽ, അയലത്തെ രമണിചേച്ചി ഇന്നലത്തെ സദ്യയൊരുക്കൽ പരിപാടിയിൽ തേങ്ങാ പിഴിയാനുപയോഗിച്ച വെള്ളത്തോർത്തായിരുന്നു അയാളിലെ പുരുഷനെ പൊതുദർശത്തിന വിട്ടുകൊടുക്കാതെ അള്ളി പിടിച്ചോണ്ടിരിന്നു…..
സദ്യവട്ടത്തിലെ സാമ്പാറിന്റെയും ഉരുളിക്കടിയിലെ കരിയുടേയും ഓർമ്മ പാടുകൾ വീണ തന്റെ ഒറ്റവെള്ള മുണ്ടുചുറ്റി ശ്രീകോവിലിനുങ്ങളിലേക്ക് തൊഴുകൈകളോടെ നോക്കി നിന്നപ്പോൾ – അയാളുടെ കണ്ണിൽ വീണത് രവിചന്ദ്രൻ മാഷുടെ മുഖമായിരുന്നു – .. ദൈവങ്ങൾക്കും മതങ്ങൾക്കും നേരെ യുക്തിവാളു വീശി നടക്കുന്ന ആ മുഖത്തേക്കു നോക്കി ശിവൻകുട്ടിയുടെ മനസു പറഞ്ഞു തുടങ്ങി: —
മതങ്ങളുടേയും മത നടത്തിപ്പുക്കാരുടേയും കൊള്ളരുതായ്മകളെ തെരുവിലേക്കു വലിച്ചിഴക്കാൻ ഞാനും വരാം മാഷിന്റെ കൂടെ. മാഷ് അറിവുളളവനാണ്. പക്ഷെ, അങ്ങയുടെ അറിവുകൾ കൊണ്ടളക്കാൻ പറ്റുന്നൊരു ദൈവമെന്നിലില്ല. അങ്ങയുടെ യുക്തി കൊണ്ടുരയ്ക്കാൻ പറ്റിയൊരു വിശ്വാസവുമെന്നിലില്ല.
തേടിപോകേണ്ടതോ ,തെളിയിക്കപ്പെടേണ്ട തോ അല്ലയെന്റെ വിശ്വാസവും ദൈവവും .-
മുലപ്പാലിന്റേയും മുല്ലപ്പൂവിന്റേയും ശാസ്ത്രീയത തേടുന്ന അങ്ങയുടെ യുക്തിക്കുനേരെ ഞാൻ നീട്ടിപ്പിടിക്കുന്നത്.- മുലചുരത്തുന്ന സ്നേഹവും പൂ വിരിയിക്കുന്ന നിർമ്മലതയുമാണ്. ഓരോ അണുവിലുമുള്ള ആ പരമാത്മാവിനെ ആസ്വദിക്കാനായി ഞാൻ ജീവിക്കുന്നത് എന്റെ ഹൃദയത്തിലാണ്.
എന്റെ വിശ്വാസങ്ങളെ പുഛിച്ചു തള്ളുന്ന അങ്ങയുടെ ചിരിയുടെ അറ്റത്ത്, ഇരു കൈകളും നീട്ടി നിൽപ്പുണ്ട് ഭഗവാൻ … നമ്മുടെ ഭഗവാൻ ….
അമ്പലമണിയുടെ മുഴക്കം ശിവൻകുട്ടിയുടെ മനസിന്റെ വായ മൂടികളഞ്ഞപ്പോൾ, ശ്രീകോവിലെ ശിവ പ്രതിഷ്ഠ അയാളുടെ കണ്ണിൽ തെളിഞ്ഞു കയറി. നിരീശ്വരവാദിയിൽ നിന്നു വിദൂരത്തല്ല അല്പ വിശ്വാസിയായ ഈ ശിവൻകുട്ടിയെന്നൊരു ബോധം അയാളിൽ ഉണർന്നപ്പോൾ, മനസു പറഞ്ഞതെല്ലാം തന്നോടു തന്നെയായിരുന്നെന്ന് അയാൾക്കു മനസിലായി. യഥാർത്ഥ വിശ്വാസത്തിന്റെ വിസ്മയങ്ങളിലേക്കും ശക്തിയിലേക്കും തന്നേയും ഉയർത്തണമേ എന്ന വിചാരത്തിൽ അയാൾ ഉറക്കെ പറഞ്ഞു …. “ഭഗവാനെ ….. കൈ വിടല്ലേ… “
അമ്പലമുറ്റത്തിന്റെ തെക്കേ അതിരിനപ്പുറമുള്ള കൊച്ചു കപ്പേളയിൽ നിന്നും അന്തോണീസു പുണ്യാളനു വേണ്ടി പൊട്ടിയ കതിന മുഴക്കവും, ബാലൻ ചേട്ടന്റെ വിളിയും, ശിവൻകുട്ടിയുടെ കണ്ണുകളെ ഒരുമിച്ചു വിളിച്ചുണർത്തി. താനിതെവിടെയാണെന്നു തിരയുന്ന ശിവൻകുട്ടിയുടെ മുഖത്തേക്കു നോക്കി ബാലൻചേട്ടൻ: ” നീയെന്താ പിച്ചും പേയും പറയണത്. കുളിച്ചില്ലേ? “
ശിവൻകുട്ടി: “കുളിച്ചു തൊഴും മുമ്പേ, ചെറുതായിട്ടൊന്നു നടുനിവർത്താൻ കിടന്നതായിവിടെ. ഉറങ്ങിപ്പോയി ….”
ചെറുചിരിയുമായി വീട്ടിലോട്ടു നടന്നു തുടങ്ങിയതോടൊപ്പം ബാലൻ ചേട്ടൻ പറഞ്ഞു: ” ഇനിയിപ്പൊ നാളെ തൊഴാം… നടയടച്ചു.. പക്ഷെ കുളി ഇന്നുമാവാട്ടാ.”.
ഉറക്കത്തിൽ കണ്ടതും കേട്ടതുമൊക്കെ മനസിലിട്ടു കൊറിച്ചോണ്ട്, അടച്ച അമ്പലനടയിലേക്കു നോക്കിയുള്ള ശിവൻകുട്ടിയുടെ കുത്തിയിരിപ്പു നീണ്ടപ്പോൾ ശിവനിലാവിലൂറിയ വെള്ളിത്തരികൾ പഞ്ചാരമണ്ണിൽ മിന്നി തുടങ്ങി…
RELATED ARTICLES

Most Popular

Recent Comments