ജോണ്‍സണ്‍ ചെറിയാന്‍.
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയങ്കരനായ നടന്‍ സത്യന്‍ ഈ ലോകത്തോട് വിടവാങ്ങിയിട്ട് നാല്‍പ്പത്തിയാറ് വര്‍ഷം.മലയാള സിനിമയില്‍ ഒരു കാലത്തിന്റെ പേരാണ് സത്യന്‍ മാഷിന്റേത്.സാധാരണ കേള്‍ക്കാറുള്ള വെറും വാക്കുകള്‍ പക്ഷേ സത്യന്റെ കാര്യത്തില്‍ പാഴ്വാക്കിയിരുന്നില്ലെന്നു കാലം തെളിയിച്ചു.
ആരാലും തടയാനാകാത്ത മരണമെന്ന പ്രതിഭാസത്തിനു മുന്നില്‍ കീഴടങ്ങിയിട്ടു നാല്‍പ്പത്തിയാറ് വര്‍ഷം.പിന്നിടുമ്പോള്‍ ആ നടന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രതീതിയാണ് മനസിലെന്നു പലരും പറഞ്ഞുകേള്‍ക്കുന്നത് ഓര്‍മയില്‍ വരികയാണിവിടെ. അദ്ദേഹം മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നപ്പോള്‍ അഭിനയിച്ച ചിത്രങ്ങളൊന്നും കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഞാനുണ്ടായിരുന്നുമില്ല. അതുകൊണ്ട് തന്നെ ഇതൊരു ജീവചരിത്ര അപഗ്രഥനവുമല്ല.മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളിലും, സിനിമാ മാസികകളിലും സത്യനെന്ന നടനെക്കുറിച്ച് വായിച്ചു മനസ്സില്‍ പതിഞ്ഞ കാര്യങ്ങളുടെ അനുസ്മരണം മാത്രമാണിത്.
പളനിയെ പോലെ ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത മനക്കരുത്താണ് സത്യനെ മഹത്വവല്‍കരിക്കുന്നത്. രക്താര്‍ബുധത്തിന്റെ പിടിയിലും അതും മറച്ചുവച്ച് സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ച ഈ ജീവിതമല്ലാതെ മറ്റെന്താണ് സിനിമയുടെ ബാലപാഠമാകുക? 150 ലേറെ ചിത്രങ്ങളിലെ സ്വാഭാവിക അഭിനയമികവ്, അതെ, സത്യന്‍ മലയാള സിനിമയില്‍ തീര്‍ത്ത സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്. സിനിമയില്‍ വന്നിട്ട് ഒരിക്കലും രണ്ടാമനാവാതിരുന്ന സത്യന്മാഷ് ഓരോ മലയാളി മനസിലും പൊലിയാത്ത നക്ഷത്രമായി എന്നെന്നും തിളങ്ങുക തന്നെ ചെയ്യും.മറക്കാനോ,മായ്ക്കാനോ കഴിയാത്ത വിഷാദം ഉള്ളിലൊതുക്കികൊണ്ട് ആരോടും കടപ്പാട് ബാക്കിവക്കരുതെന്ന് ആഗ്രഹിച്ച ആ പൗരുഷത്തിനു മുന്നില്‍ പ്രണാമം.