ജോണ്‍സണ്‍ ചെറിയാന്‍.
ലക്നൗ: കുഞ്ഞിന്റെ മൃതദേഹം വീട്ടല്‍ എത്തിയത് സൈക്കിളില്‍. സഹോദരീപുത്രിയുടെ മൃതദേഹം തോളിലിട്ട് യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് 10 കിലോമീറ്റര്‍. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരിച്ച പൂനം എന്ന പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അമ്മാവനായ ബ്രിജ് മോഹന്‍ സൈക്കിളില്‍ മൃതദേഹവുമായി തിരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിലാണ് യുവാവിന് കുഞ്ഞിന്റെ മൃതദേഹം സൈക്കിളില്‍ ഗ്രാമത്തിലെത്തിക്കേണ്ടി വന്നത്.
അതിസാരം മൂലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂനം തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സ് അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇന്ധനത്തിനായുള്ള പണം കെട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം തികയില്ലെന്ന് അറിയിച്ചെങ്കിലും ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് ബ്രിജ് മോഹന്‍ പുതപ്പില്‍ പൊതിഞ്ഞെടുത്ത കുഞ്ഞിന്റെ മൃതദേഹവും തോളിലിട്ട് തന്റെ സൈക്കിള്‍ ചവിട്ടി ഗ്രാമത്തിലേക്ക് തിരിക്കുകയായിരുന്നു.
പൂനത്തിന്റെ പിതാവ് ജോലിതേടി പോയിരിക്കയായിരുന്നുവെന്നും തന്റെ കയ്യിലുള്ള പണമെല്ലാം മരുന്നിനും മറ്റുമായി ചെലവഴിച്ചു കഴിഞ്ഞിരുന്നുവെന്നും ബ്രിജ് മോഹന്‍ പറഞ്ഞു. ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഇന്ധനത്തിനുള്ള പണം സര്‍ക്കാര്‍ തരുന്നില്ലെന്നും അതിനാല്‍ പണം മൂന്‍കൂര്‍ അടച്ചാല്‍ മാത്രമേ വാഹനം ലഭിക്കുകയുള്ളൂയെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചതെന്നും മോഹന്‍ പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കണമെന്നാണ് നിയമം. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ ഉപാദ്ധ്യായ് അറിയിച്ചു. സൗജന്യ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് മേയ് 20 ന് വൃദ്ധന്‍ ഭാര്യയുടെ മൃതദേഹം സ്ട്രച്ചറില്‍ ഉന്തി കൊണ്ടുപോയതും വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ എത്വാവയില്‍ മകന്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ വെച്ചുകെട്ടി കൊണ്ടുപോയതും വിവാദമായി.