ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ജ്യോതി കൃഷ്ണയുടെയും അരുണിന്റെയും വിവാഹനിശ്ചയം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളികളുടെ ഇഷ്ടതാരമായ രാധികയുടെ സഹോദരന്‍ ആണ് അരുണ്‍. നവംബര്‍ 19നാണ് ഇവരുടെ വിവാഹം. പലരും കരുതുന്നതുപോലെ ഇതൊരു അറേഞ്ച്ഡ് വിവാഹം ആയിരുന്നില്ലെന്ന് ജ്യോതി പറയുന്നു. ഒരുവര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന പ്രണയമാണ് വിവാഹത്തിലെത്തി നില്‍ക്കുന്നതെന്നും ജ്യോതി പറഞ്ഞു. ഇതേക്കുറിച്ച് ജ്യോതി പറയുന്നത് ഇങ്ങനെയാണ്. സിനിമയില്‍ നിന്നു ചെറിയൊരു ഇടവേളയെടുത്ത് ദുബായില്‍ എഫ്എമ്മില്‍ ജോലി ചെയ്തിരുന്നു കുറച്ചുകാലം. ഒരിക്കല്‍ ഒരു വിവാഹാലോചന തേടി വന്നു. ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളികളുടെ ഇഷ്ടതാരമായ രാധികയുടെ സഹോദരന്‍ അരുണാണ് കക്ഷി.
അവര്‍ സകുടുംബം താമസിക്കുന്നത് ദുബായിലാണ്. കൊറിയോഗ്രാഫറായ ബിജു ഞങ്ങളുടെ കോമണ്‍ സുഹൃത്താണ്. ബിജുവായിരുന്നു ഇതിന്റെ സൂത്രധാരന്‍. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ക്ഷമിക്കണം എന്നുപറഞ്ഞ് ഞാനൊഴിഞ്ഞു. കുഴപ്പമില്ല. നമുക്കു സുഹൃത്തുക്കളായി കഴിയാമല്ലോ എന്നു പറഞ്ഞ് അരുണ്‍ മൊബൈലില്‍ മെസേജ് ചെയ്തു. അതിനു കുഴപ്പമില്ലല്ലോ എന്നു ഞാന്‍ പ്രതികരിക്കുകയും ചെയ്തു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കൊച്ചിയില്‍ ഭാവനയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തില്‍ ഞാന്‍ മാധ്യമങ്ങളില്‍ പ്രതികരിച്ചത് ജീവിതത്തില്‍ വഴിത്തിരിവായി
ഭാവന രാധികയുടെ അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരുദിവസം അരുണ്‍ എന്നെ വിളിച്ചു. ഞാന്‍ പ്രതികരിച്ചതു നന്നായി എന്നും ധൈര്യം സമ്മതിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞാന്‍ സംസാരമധ്യേ കാടുകയറി പലതും പറഞ്ഞു. കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് തോന്നുണ്ടെന്നുമൊക്കെ . എന്തൊക്കെയോ. എന്നാല്‍ ജ്യോതി പെട്ടിയെടുത്ത് റെഡിയായിക്കോ ഇങ്ങോട്ട് വന്നോളൂ ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം…. പെട്ടെന്നായിരുന്നു അരുണിന്റെ പ്രതികരണം. സത്യത്തില്‍ ആദ്യം ഞെട്ടിപ്പോയി. തുടര്‍ന്നുവന്ന മെസേജുകളിലൂടെ അരുണിന്റെ പ്രണയം ശക്തമാണെന്നു തിരിച്ചറിഞ്ഞതോടെയാണു ഞാന്‍ സമ്മതം മൂളിയത്.