ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മദ്യപിച്ച് പൂസായി കടലില്‍ ചാടിയ അംഗപരിമിതനും, രക്ഷിക്കാനിറങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളും ശക്തമായ തിരയില്‍പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ പൂന്തുറ നടത്തറ ഭാഗത്തെ കടല്‍ത്തീരത്തായിരുന്നു സംഭവം.
മുട്ടത്തറ പൂന്തുറ സ്വദേശി ജറോമിന്റെ മകന്‍ ജറാള്‍ഡ്(34)ആണ് മദ്യപിച്ച ശേഷം കടലില്‍ ചാടിയത്. ജറാള്‍ഡ് തിരച്ചുഴിയില്‍ പെട്ടതു കണ്ടതോടെയാണ് മത്സ്യത്തൊഴിലാളികളായ മൂന്നുപേരും ഇയാളെ രക്ഷിക്കാനായി കടലിലേക്ക് ചാടിയത്. രക്ഷിക്കാനിറങ്ങിയവരും ശക്തമായ തിരമാലകളില്‍ പെട്ടതോടെ കരയിലുണ്ടായിരുന്ന നാട്ടുകാര്‍ ആശങ്കയിലായി. തുടര്‍ന്ന് തീരദേശ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പോലീസിന്റെ രക്ഷാബോട്ട് ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
എഎസ്‌ഐമാരായ ജയകുമാര്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീരദേശ പോലീസ് രക്ഷാപ്രവര്‍ത്തനിറങ്ങിയത്. തിരച്ചുഴിയില്‍പെട്ട് കടലില്‍ മുങ്ങിത്താഴ്ന്ന നാലുപേരെയും ഏറെ പണിപെട്ടാണ് പോലീസ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച നാലുപേരെയും പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു.