ജോണ്‍സണ്‍ ചെറിയാന്‍.
ബിക്കാനീര്‍: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതി നടപ്പാക്കുന്ന സര്‍ക്കാറിലെ കാബിനറ്റ് അംഗത്തിന് മൊബൈല്‍ ഫോണ്‍ സിഗ്നല്‍ തേടി പോകേണ്ടി വന്നത് മരത്തിെന്‍റ മുകളില്‍ വരെ. രാജസ്ഥാനിലെത്തിയ കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനാണ് ഫോണില്‍ സംസാരിക്കുന്നതിന് മരത്തിനു മുകളില്‍ കയറേണ്ടി വന്നത്. 62 കാരനായ അര്‍ജുന്‍ അഗര്‍വാള്‍ മരത്തില്‍ കയറി ഫോണ്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഞായറാഴ്ച തെന്‍റ മണ്ഡലമായ ബിക്കാനീറില്‍ മീഡിയ ക്യാംപെയ്നിന് എത്തിയ അര്‍ജുന്‍ മേഘ്വാള്‍ മൊബൈല്‍ സിഗ്നല്‍ ലഭിക്കാതെ കുഴങ്ങുകയായിരുന്നു. ബീക്കാനീര്‍ പട്ടണത്തില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള ധൂലിയ ഗ്രാമത്തിലാണ് മന്ത്രി എത്തിയത്. ഗ്രാമീണരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ അദ്ദേഹം ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സുമാരില്ലെന്ന പരാതി കേട്ട ശേഷം മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫോണില്‍ സിഗ്നല്‍ കിട്ടാന്‍ ഗ്രാമീണര്‍ അവര്‍ പിന്തുടരുന്ന മാര്‍ഗം മന്ത്രിക്കും പറഞ്ഞുകൊടുത്തു. ഏണിവെച്ച് മരത്തിനു മുകളില്‍ കയറുക. ഫോണ്‍ പിടിച്ച് മരത്തിനു മുകളില്‍ കയറിയ അര്‍ജുന്‍ മേഘ്വാള്‍ ഏണിയില്‍ ബലാന്‍സ് ചെയ്തു നിന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഫോണ്‍ ചെയ്തിറങ്ങിയ മന്ത്രിയെ ഹര്‍ഷാരവങ്ങളോടെയാണ് ഗ്രാമീണര്‍ വരവേറ്റത്.
200 ഒാളം കുടുംബങ്ങള്‍ താമസിക്കുന്ന ധൂലിയ ഗ്രാമത്തില്‍ മതിയായ ഫോണ്‍ സൗകര്യങ്ങളോ ടെലിവിഷനോ ഇല്ല. ഫോണ്‍ വിളിക്കാന്‍ കുഴങ്ങിയ മന്ത്രി, മുന്നു മാസത്തിനകം ഗ്രാമത്തില്‍ മൊബൈല്‍ ടവറും എല്ലായിടത്തേക്കും വൈദ്യുതി ലൈനുകളും എത്തിക്കുമെന്ന് ഉറപ്പു നല്‍കി.