Saturday, November 23, 2024
HomeNewsപരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത : അമാനുല്ല വടക്കാങ്ങര.

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത : അമാനുല്ല വടക്കാങ്ങര.

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത : അമാനുല്ല വടക്കാങ്ങര.

ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ:പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും മീഡിയ പ്‌ളസ് സി.ഇ.ഒയും യു. എന്‍.ഇ.പി. വളണ്ടിയറുമായ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിംഗ് സൈാസൈറ്റിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ് അദ്ദേഹം പറഞ്ഞു.
നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മനോഹരമായ പ്രകൃതിയും ജൈവ സമ്പത്തും നഷ്ടമാകുന്ന അവസരങ്ങള്‍ ഒഴിവാക്കുവാന്‍ ഓരോ മലയാളിയും ശ്രദ്ധിക്കണം. നാടുനീളെ ചെടികള്‍ നടാനും പരിസ്ഥിതി ബോധം വളര്‍ത്താനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണ്. ജലസംരക്ഷണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും കാര്‍ഷികമേഖലയുടെ പുനരുജ്ജീവനവും ഇതിന്റെ തുടര്‍ച്ചയായി നടക്കേണ്ടതുണ്ട്.
പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയില്‍ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം മൂലം ലോകമൊരു പാരിസ്ഥിതികാടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുള്‍പ്പടെ ഭൂമിയിലുള്ള സകലജീവജാലങ്ങളുടെയും നിലനില്‍പിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെ സംയുക്തമായി നേരിടുവാന്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച പാരിസ് ഉടമ്പടിയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ഭാവിതലമുറകളെ കുറിച്ചോര്‍ക്കാതെയുള്ള അത്തരം സ്വാര്‍ത്ഥമായ പിന്‍വാങ്ങലുകള്‍ മനുഷ്യസമൂഹത്തിന് തന്നെ വലിയ ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. മനുഷ്യര്‍ പ്രകൃതിയുടെതന്നെ ഭാഗമാണെന്നും, പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നുമുള്ള ചിന്ത കൂടുതല്‍ പ്രസക്തമാവുകയാണ്. നമുക്ക് ലഭിച്ചതിലും മെച്ചപ്പെട്ട അവസ്ഥയില്‍ ഭൂമിയെ അടുത്ത തലമുറകള്‍ക്ക് കൈമാറുവാന്‍ കഴിയണം. അതുകൊണ്ടുതന്നെ, നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളെയും ജീവിതശൈലികളേയും പരിസ്ഥിതിസൗഹാര്‍ദമായി മാറ്റുവാനുള്ള നടപടികള്‍ എടുക്കേണ്ടതുണ്ട്. അത്തരമൊരു മൂല്യബോധം വളര്‍ത്തിയെടുക്കുവാനും എല്ലാവരിലും എത്തിക്കുവാനും നമുക്ക് സാധിക്കണം. പരിസ്ഥിതിസംരക്ഷണം വര്‍ഷം മുഴുവനുമുള്ള പ്രവര്‍ത്തനമായി മാറണം. എല്ലാവരും പരിസ്ഥിതിസംരക്ഷണത്തെ അവരുടെ ചുമതലയായി കാണുന്ന നില വളര്‍ന്നുവരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍, സൈദലവി അണ്ടേക്കാട്, ജോജിന്‍ മാത്യൂ, ആനന്ദ് ജോസഫ്, ശരണ്‍ എസ്. സുകു, ബ്ലെസി ബാബു, കാജാ ഹുസ്സന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൈാസൈറ്റിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി മീഡിയ പ്‌ളസ് സി.ഇ.ഒ.യും യു.എന്‍. ഇ.പി. വളണ്ടിയറുമായ അമാനുല്ല വടക്കാങ്ങര ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments