ജോണ്‍സണ്‍ ചെറിയാന്‍.
കുമളി: തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണമായ ബോട്ട് സവാരി നിർത്തിവച്ചു. തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് വനംവകുപ്പിന്റെ നടപടി. വനം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും രണ്ട് ബോട്ടുകൾ വീതമാണ് സർവീസ് നടത്തിയിരുന്നത്. ബോട്ട് സർവീസ് നിറുത്തിവയ്ക്കാൻ വനം വകുപ്പ് കെ.ടി.ഡി.സിയ്കും കത്ത് നൽകിയിരുന്നു.
തേക്കടിയിലെ ജലനിരപ്പ് 108.7 അടിയായി താഴ്ന്നതിന് തുടർന്നാണ് സർവീസ് നിറുത്തി വച്ചതെന്ന് വനംവകുപ്പ് പറയുന്നു. ജിലനിരപ്പ് താഴുന്ന സാഹചര്യത്തിൽ താത്കാലിക ബോട്ട് ജെട്ടി സ്ഥാപിക്കുന്നത് പതിവുള്ളതാണ്. എന്നാൽ ഇത്തവണ വനം വകുപ്പ് താത്കാലിക ബോട്ട് ജെട്ടി നിർമ്മിക്കാൻ തയ്യാറായില്ല. തേക്കടി തടാകത്തിൽ മരകുറ്റികൾ അധികമായി ഉളളതിനാൽ ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ ബോട്ട് മരകുറ്റിയിൽ തട്ടി അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കണക്ക് കൂട്ടലിലാണ് സർവീസ് നിർത്തിയത്.
കൂടാതെ വനത്തിൽ വെള്ളം കുറവായതിനാൽ തടാകകരയിലേക്ക് വെള്ളം കുടിക്കാൻ കൂടുതൽ വന്യമൃഗങ്ങൾ എത്തുന്നതും തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ കേന്ദ്ര കടുവസംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം അനിശ്ചിത കാലത്തേയ്ക്ക് പാർക്ക് അടിച്ചിടുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നും പറയപ്പെടുന്നു. തേക്കടിയിലെ ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ടാക്സി ഡ്രൈവർമാർ, വലുതും ചെറുതുമായ ഹോട്ടലുകളും ഹോംസ്റ്റേകളും, വ്യാപാര സ്ഥാപനങ്ങൾ, ഇവിടങ്ങളിലെ തൊഴിലാളികൾ എന്നിവരെയെല്ലാം ഈ തീരുമാനം മോശമായി ബാധിക്കും. തേക്കടിയിൽ എത്തുന്നവരുടെ മുഖ്യവിനോദമാണ് തേക്കടി ബോട്ട് സവാരി